Wednesday 20 May 2020 03:59 PM IST

8 ലക്ഷത്തിന് പണിത മൂന്ന് കിടപ്പുമുറി വീട് ഇതാ.. ചെലവു കുറച്ചത് എങ്ങിനെയെന്ന് വിട്ടുകാരൻ തന്നെ പറയുന്നു.

Ali Koottayi

Subeditor, Vanitha veedu

1

മലപ്പുറം പെരിന്തൽമണ്ണയിലെ മേലാറ്റൂരിലാണ് സോഷ്യൽ മീഡിയ അന്വേഷിച്ച ഈ വീടുള്ളത്. വീട് നിർമാണത്തിൽ വീട്ടുകാരനുള്ള താൽപര്യംകൊണ്ടാണ് കൊക്കിലൊതുങ്ങുന്ന ബജറ്റിൽ വീടൊരുങ്ങിയത്. 8 ലക്ഷം രൂപയ്ക്കാണ് മൂന്ന് കിടപ്പുമുറികളോടു കൂടിയ വീട് ഒരുക്കിയത്.
963 ചതുരശ്രയടിയിൽ സിറ്റ്ഔട്ട്, മൂന്ന് കിടപ്പുമുറികൾ, ലിവിങ് കം ഡൈനിങ് , അടുക്കള തുടങ്ങിയവയാണുള്ളത്. വീടിനെ പൊതിഞ്ഞിരിക്കുന്ന മരങ്ങളും ചെടികളുമാണ് മറ്റൊരു ആകർഷണം.

2


 ചെലവ് കുറച്ചത് ഇങ്ങനെയെല്ലാം
∙ ഭിത്തിക്ക് ഇന്റർലോക്ക് കട്ട ഉപയോഗിച്ചു. തേക്കേണ്ടി വന്നില്ല, നേരിട്ട് പെയിന്റടിച്ചു.
∙ ട്രസ്സ് വർക്ക് ചെയ്ത് ഓട് മേഞ്ഞു. പഴയ വീട് പൊളിക്കുന്നിടത്തു നിന്ന് ഓട് നേരിട്ടു വാങ്ങി. കഴുകി പെയിന്റ് ചെയ്ത് ഉപയോഗിച്ചു.
∙ ലിന്റൽ സമയത്ത് തന്നെ വയറിങ്, പ്ലമ്മിങ് പോയിന്റുകൾ ഇട്ടു, പിന്നീടുള്ള കുത്തിപ്പൊളിക്കൽ ഒഴിവാക്കി.
∙ വില കുറഞ്ഞ, ഗുണമേന്മയുള്ള ടൈൽ വിരിച്ചു.
∙ വാതിൽ കട്ടിള, ജനൽ കട്ടിള എന്നിവ സിമന്റിൽ പണിതത് ഉപയോഗിച്ചു.
∙ റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു
∙ ഫർണിച്ചർ പഴയത് പുതുക്കിയെടുത്തു.
∙ ചെടികൾ കൊണ്ട് അലങ്കാരങ്ങൾ ചെയ്തു.

3


‘‘ഇരുനില വീട് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. പ്ലാൻ തയാറാക്കാൻ സുഹൃത്തിന്റെ സഹായം തേടിയതൊഴിച്ചാൽ എല്ലാം തനിച്ചാണ് ചെയ്തത്. ഇതിനേക്കാൾ കുറഞ്ഞ ബജറ്റിൽ തീർക്കാനായിരുന്നു ഉദ്ദേശിച്ചത്. തറ പണിതപ്പോൾ പ്രതിക്ഷിച്ചതിലും പണം ചെലവായി. ആറ് ഇഞ്ച് കട്ട ഉപയോഗിച്ചത് അകത്ത് കൂടുതൽ സ്ഥലം ലാഭിക്കാനും സഹായിച്ചു. നിർമാണ മേഖലയുമായി ബന്ധമൊന്നുമില്ല. പക്ഷെ, നമ്മുടെ വീട് നമ്മൾ തന്നെ ഒരുക്കുന്നതാണ് നല്ലതെന്ന് വീട് പണി കഴിഞ്ഞപ്പോൾ ബോധ്യമായി, ’’ ഷംസു പറയുന്നു.