Friday 25 June 2021 02:55 PM IST

ഇത് സാധാരണ വീടല്ല, ഇത് ഇഷ്ടപ്പെടുന്നവർ സാധാരണക്കാരുമല്ല; കരിങ്കൽ ഭിത്തിയും പന ഫ്ലോറിങ്ങുമുള്ള സൂപ്പർ സ്റ്റാർ വീട്...

Sreedevi

Sr. Subeditor, Vanitha veedu

palakkad 1

ഇതൊരു സാധാരണ വീടല്ല; പരുപരുത്ത ഭിത്തികളും തിളക്കമില്ലാത്ത തറയും ഇഷ്ടപ്പെടുന്ന ഈ വീട്ടുകാരും സാധാരണക്കാരല്ല എന്നാണ് പാലക്കാട് യാക്കരയിലെ ഈ വീട് കാണുന്നവർക്ക് തോന്നുക. പുറംഭിത്തികൾ മുഴുവൻ കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. തേക്കാതെ കല്ലുകൾ പുറത്ത് കാണുമ്പോഴുള്ള ഭംഗി മാത്രമല്ല, കല്ലുകൾ തരുന്ന കുളിർമയും അനുഭവിക്കാൻ ഭാഗ്യം ചെയ്തവരാണ് സോമനും വർഷയും.

palakkad 8

പാലക്കാട് കൊല്ലങ്കോട് ഭാഗത്തു ലഭിക്കുന്ന ഇത്തരം കല്ലുകൾ ആകൃതി വരുത്തിയ ശേഷമാണ് ക്വാറികളിൽ നിന്ന് ലഭിക്കുക. ഇത്തരം കല്ലുകൾ ഉപയോഗിച്ച് ഭിത്തികൾ നിർമ്മിക്കാൻ പരിചയസമ്പത്തുള്ള പണിക്കാരെ പ്രയോജനപ്പെടുത്തണം എന്ന് മാത്രം. കല്ലുകൾ പ്ലമിങ്ങിനും ഇലക്ട്രിക് വർക്കിനും വേണ്ടി മുറിക്കാൻ പ്രയാസമായതിനാൽ രണ്ട് പാളികൾ ആയാണ് ഭിത്തി നിർമ്മാണം.

palakad 2

അകത്തെ പാളിക്ക് ചെങ്കല്ല് ഉപയോഗിച്ചു. ഈ ചെങ്കല്ലും എക്സ്പോസ്ഡ് രീതിയിൽ പ്രയോജനപ്പെടുത്തി. കല്ലുകൾക്കിടയിൽ പോയിന്റ് ചെയ്യുകയായിരുന്നു. തേപ്പിന്റെ ചെലവും പെയിന്റിങ്ങിന് ആയുഷ്കാലം മുഴുവൻ ചെലവാക്കുന്ന തുകയും ലാഭം.

palakkad 3

അടുക്കള, വർക്ക്ഏരിയ, വരാന്ത, ബാത്റൂമുകൾ എന്നീ ഭാഗങ്ങൾ ഒഴികേ, ഫ്ലോറിങ് പനയുടെ തടികൊണ്ട് ചെയ്തതാണ് ഈ വീടിനെ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം. തത്തമംഗലം ഭാഗത്തു നിന്ന് നന്നായി മൂത്ത പന നോക്കി വെട്ടിയെടുക്കുകയായിരുന്നു. ചോറ് കുറഞ്ഞ, നാരുകൾ മൂത്ത പന വേണം നിലമൊരുക്കാൻ ഉപയോഗിക്കാൻ എന്ന് ഡിസൈനർ ബജേഷ് പറയുന്നു. നിലത്തിന്റെ ഭംഗി കൂട്ടാൻ ടൈൽ കൊണ്ട് ബോർഡറും കൊടുത്തു.

palakkad 7

2000 ചതുരശ്രയടിയുള്ള ഒറ്റനില വീടാണ്. മുകളിൽ ഗൃഹനാഥയ്ക്ക് നൃത്തം പഠിപ്പിക്കാനുള്ള ഒരു ഹാൾ മാത്രം. മൂന്ന് ബാത് അറ്റാച്ഡ് കിടപ്പ് മുറികളും ലിവിങ്, ഡൈനിങ്, കോർട് യാർഡ് സ്പേസ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇന്റർലോക്ക് സിമന്റ് കട്ടകളും ടെറാക്കോട്ട ജാളിയും കൊണ്ട് നിർമ്മിച്ച മതിലും വീടിന്റെ ഡിസൈനോടു ചേർന്ന് നിൽക്കുന്നു.

palakkad 9

ഡിസൈൻ: ബജേഷ്

9745371648

Tags:
  • Vanitha Veedu