Wednesday 24 February 2021 03:48 PM IST

നാലുകെട്ടിന്റെ ആധുനിക മാതൃക, ചുറ്റുപാടിനോട് ഇഴുകിച്ചേർന്ന് 3200 ചതുരശ്രയടിയിൽ നാല് കിടപ്പുമുറി വീട്

Sunitha Nair

Sr. Subeditor, Vanitha veedu

jose 1

ലളിതമാണ് എക്സ്റ്റീരിയർ ഡിസൈൻ. ടെക്സ്ചർ പെയിന്റ് ചെയ്തു എന്നതൊഴിച്ചാൽ കെട്ടുകാഴ്ചകൾ ഒന്നുമില്ല. ഉള്ളിലേക്കു കയറി റബർ തോട്ടത്തിനു നടുവിലാണ് വീട്. അതുകൊണ്ടു തന്നെ എക്സ്റ്റീരിയർ കാഴ്ചയ്ക്കു വലിയ പ്രാധാന്യം കൊടുത്തില്ല. മുന്നിൽ ഡ്രൈവ്‍ വേ മാത്രമേ പേവിങ് ചെയ്തിട്ടുള്ളൂ. കന്റെംപ്രറി സ്ലോപിന്റെയും ഫ്ലാറ്റ് റൂഫിന്റെയും സമന്വയമാണ് എക്സ്റ്റീരിയറിൽ. ഒരുനില വീടാണ്. സ്ഥലമുള്ളതു കൊണ്ടും മാതാപിതാക്കൾ ഒപ്പമുള്ളതു കൊണ്ടും ഇരുനില വേണ്ടെന്നു വച്ചു. അതിനാൽ പടികൾ വീടിനുള്ളിലെവിടെയുമില്ല. മുന്നിലും വശത്തുമായി രണ്ട് കാർപോർച്ചുകൾ നൽകി.

jose 9d

പഴയ ട്രെഡീഷനൽ വീടുകളിലെ നടുമുറ്റത്തിന്റെ ആധുനിക പതിപ്പാണ് വീടിനുള്ളിലേക്കു പ്രവേശിക്കുമ്പോൾ തന്നെയുള്ള കോർട്‌യാർഡ്. ആകാശത്തിന്റെ ഒരു തുണ്ട് വീടിനുള്ളിലെത്തുന്നത് പ്രകൃതിയോട് അടുക്കാൻ സഹായിക്കുമെന്നതിന് ഈ കോർട്‌യാർഡ് തെളിവാണ്. ഇതിൽ നിറയെ ചെടികൾ വച്ചതും പ്രകൃതിക്ക് സ്വാഗതമോതാനാണ്. 300 ചതുരശ്രയടി വലുപ്പമുള്ള വലിയ കോർട്‌യാർഡിനു ചുറ്റുമാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. കോർട്‌യാർഡിന് ഇരുവശത്തുമാണ് ലിവിങ്, ഫാമിലി ലിവിങ്ങുകൾ വരുന്നത്. കോർട്‌യാർഡിനുള്ളിലെ കൽപടവുകളിലൂടെയും ഫാമിലി ലിവിങ്ങിലേക്കെത്താം.

jose3

ഗെസ്റ്റ് റൂമൊഴിച്ച് ബാക്കി മൂന്ന് കിടപ്പുമുറികളിലും ഡ്രസ്സിങ് ഏരിയയുണ്ട്. തേക്കിൻ തടിയും തേക്കിന്റെ വെനീറും ഉപയോഗിച്ചാണ് വാഡ്രോബുകൾ പണിതത്. മാതാപിതാക്കളുടെ മുറിയിൽ റൈറ്റിങ് ടേബിൾ നൽകിയിട്ടുണ്ട്. കിഡ്സ് റൂമിൽ രണ്ട് സ്റ്റഡി ഏരിയ നൽകി. കുട്ടികൾ വരച്ച ചിത്രങ്ങളാണ് കിടപ്പുമുറികൾക്ക് അലങ്കാരം. അറ്റാച്ഡ് ബാത്റൂമുകളിൽ സിമന്റ് ഫിനിഷ് ടൈലാണ്; ഡ്രൈ-വെറ്റ് ഏരിയ വേർതിരിക്കാൻ ഗ്ലാസ് പാർട്ടീഷൻ നൽകി. മാസ്റ്റർ ബെഡ്റൂമിൽ ബെഞ്ച് നൽകിയിട്ടുണ്ട്. കോട്ടാ സ്റ്റോൺ പതിച്ച് ഈ കോൺക്രീറ്റ് ബെ‍ഞ്ച് മനോഹരമാക്കി. മാസ്റ്റർ ബെഡ്റൂമിനോടു ചേർന്ന് സ്റ്റഡി ടേബിളും പ്ലാന്റ്സ്കേപ്പും ഒരുക്കിയിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ ബാത്റൂമിൽ സ്കൈലൈറ്റ് ഓപനിങ് നൽകി.

jose8

കിളികളാണ് വീടിന് തീം ആയി സ്വീകരിച്ചത്. കാരണം, പച്ചപ്പിനു നടുവിലുള്ള ഈ വീടിനു ചുറ്റും നിറയെ കിളികൾ വിരുന്നെത്താറുണ്ട്. വീട്ടിനുള്ളിലിരുന്നാലും ഇവയുടെ സംഗീതം ആസ്വദിക്കാം. തീം പിന്തുടരാൻ ഇന്റീരിയറിൽ പലയിടങ്ങളിലും കിളികളുടെ രൂപങ്ങൾ നൽകി. ലിവിങ്ങിലെ ചുമരിലും ഡൈനിങ്ങിലെ ഹാങ്ങിങ് ലൈറ്റിലുമെല്ലാം കിളികളെ കാണാം. പ്രകൃതിയോട് ഇഴചേർന്നിരിക്കുന്ന വീടായതിനാൽ അതിനിണങ്ങുന്ന രീതിയിൽതന്നെ ഇന്റീരിയറും ഒരുക്കി. നേച്വർ തീമിന് യോജിക്കുംവിധം പച്ച അപ്ഹോൾസ്റ്ററിയാണ് ലിവിങ്, ഡൈനിങ് ഏരിയകളിൽ നൽകിയിട്ടുള്ളത്.

jose5

ലിവിങ്, ഡൈനിങ്, അടുക്കള തുടങ്ങിയ പൊതു ഇടങ്ങളെല്ലാം ഓപൻ ആയി നൽകി. ഇവിടെ നിന്നെല്ലാം കോർട്‌യാർഡിലേക്ക് കാഴ്ചയെത്തും. വീട് വിശാലമായി തോന്നാനും തടസ്സമില്ലാതെ കാറ്റും വെളിച്ചവും കയറിയിറങ്ങാനും ഓപൻ പ്ലാൻ സഹായിക്കുന്നു. ഗ്ലാസ് വാതിലുകളിലൂടെയും കോർട്‌യാർഡിലൂടെയും വീടിനുള്ളിൽ നിറയെ പ്രകാശവും വായുസഞ്ചാരവും ഉറപ്പാക്കി. പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്നതിനാൽ പകൽ ലൈറ്റ് ഇടേണ്ട ആവശ്യമില്ല.

jose4

ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഫ്രെയിം ഇല്ലാത്ത സ്ലൈഡിങ് ഗ്ലാസ് വാതിൽ നൽകിയിട്ടുണ്ട്. പുറത്തെ കാഴ്ചയും കാറ്റും തടസ്സമില്ലാതെ ആസ്വദിക്കാനുള്ള മാർഗമാണ് ഈ വാതിലുകൾ. ഇവയ്ക്കു പുറമേ, സുരക്ഷയ്ക്കായി ഓട്ടമേറ്റഡ് പെർഫറേറ്റഡ് ഷട്ടർ കൊടുത്തു. പെർഫറേറ്റഡ് ആയതിനാൽ പുറത്തേക്ക് കാഴ്ചയെത്തും; വായുസഞ്ചാരവും സുഗമം. ചില ഇക്കോഫ്രണ്ട്‌ലി ഘടകങ്ങളും ഇവിടെ പ്രാവർത്തികമാക്കിയിട്ടുണ്ട്. സോളറിലാണ് വീട് പ്രവർത്തിക്കുന്നത്. മഴവെള്ള സംഭരണിയും മാലിന്യ നിർമാർജനത്തിന് ഓട്ടമേറ്റഡ് സംവിധാനവുമുണ്ട്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിർമാർജനം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

jose 2

വുഡൻ തീമിലാണ് അടുക്കള ഒരുക്കിയത്. തേക്കു കൊണ്ടുള്ള കാബിനറ്റുകൾക്ക് സോഫ്റ്റ് ക്ലോസ് വാതിലുകളാണ്. കൗണ്ടർടോപ്പിൽ നാനോവൈറ്റിന്റെ തൂവെള്ളയഴക് കാണാം. ബ്രേക്ഫാസ്റ്റ് കൗണ്ടറും കോർണർ യൂണിറ്റും അടുക്കളയിലുണ്ട്. ബ്രേക്ഫാസ്റ്റ് കൗണ്ടറിനോട് ചേർന്ന് വാഷ്ബേസിൻ നൽകിയിട്ടുണ്ട്. വർക്ഏരിയ കോംപാക്ട് ആകണമെന്ന് നിർബന്ധമുണ്ടായിരുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കാബിനറ്റുകളാൽ ചെറിയ വർക്ഏരിയ ക്രമീകരിച്ചു. ഇരുന്ന് പച്ചക്കറി അരിയാനും മറ്റുമായി വർക്സ്റ്റേഷനും സജ്ജീകരിച്ചു. ലിവിങ്, ഫാമിലി ലിവിങ്, മാസ്റ്റർ ബെഡ്റൂം, മാതാപിതാക്കളുടെ കിടപ്പുമുറി എന്നിവിടങ്ങളിൽ തടി കൊണ്ടാണ് ഫ്ലോറിങ്. ബാക്കിയിടങ്ങളിൽ കോട്ടാ സ്റ്റോൺ നൽകി.‌ പറമ്പിൽ തന്നെയുള്ള തേക്കിൻതടി കൊണ്ടാണ് ഫർണിച്ചർ നിർമിച്ചത്. സ്റ്റീൽ ഫ്രെയിമിൽ തേക്കു നൽകിയാണ് ലിവിങ് റൂമിലെ ഫർണിച്ചർ പണിതത്.

jose6

ഡിസൈന്‍‌: ആർക്കിടെക്ട് എം. എം. ജോസ്

Tags:
  • Vanitha Veedu