Wednesday 07 July 2021 03:19 PM IST : By സ്വന്തം ലേഖകൻ

ഒരു കിടപ്പുമുറി മാത്രമുണ്ടായിരുന്ന ഒറ്റനിലവീടിനെ ഇങ്ങനെ മാറ്റാനാകുമോ? 662 ചതുരശ്രയടിയിൽ നിന്ന് 1207 ചതുരശ്രയടിയായി മാറിയത് ഇങ്ങനെ

panthalam 1

കാലപ്പഴക്കം കാരണമല്ല, സൗകര്യങ്ങളുടെ കുറവു നിമിത്തമാണ് അരുണും ജിനിയും വീട് പുതുക്കാൻ തീരുമാനിച്ചത്. സംഗതി നടപ്പായതോടെ കഥയാകെ മാറി. കെട്ടിലും മട്ടിലുമെല്ലാം പുതിയതിനെ തോൽപിക്കുന്ന രീതിയിലായി വീടിന്റെ മാറ്റം. ചെലവായതാകട്ടെ പുതിയ വീടിനു വേണ്ടതിലും വളരെ കുറവും. നിക്ഷേപം എന്ന നിലയിലാണ് പത്ത് വർഷം മു ൻപ് പന്തളം തോന്നല്ലൂരിൽ 12 സെന്റും വീടും വാങ്ങിയത്. താമസം ചെങ്ങന്നൂരിലെ കുടുംബവീട്ടിലായതിനാൽ ഇവിടം വാടകയ്ക്കു നൽകി. ജോലിയുടെ സൗകര്യാർഥം പന്തളത്ത് താമസിക്കുന്നതിനെപ്പറ്റി ചിന്തിച്ചപ്പോഴാണ് വീട് പുതുക്കിയെടുത്താലോ എന്ന ചർച്ച വരുന്നത്. വീടിന് 22 വർഷം മാത്രമേ പഴക്കമുണ്ടായിരുന്നുള്ളൂ. ഒരു കിടപ്പുമുറി മാത്രമേയുള്ളു എന്നതായിരുന്നു പ്രധാന പോരായ്മ. വാസ്തു അനുസരിച്ചുള്ള അളവിലും കണക്കിലുമല്ല വീട് നിർമിച്ചിരിക്കുന്നത് എന്നതും പുതുക്കിപ്പണിയാൻ കാരണമായി.

panthalam 2

അരുണും ജിനിയും തന്നെയാണ് പുതിയ വീടിന്റെ രൂപരേഖ തയാറാക്കിയത്. എന്തെല്ലാം മാറ്റങ്ങൾ വരുത്തണം, എന്തൊക്കെ കൂട്ടിച്ചേർക്കണം എന്നതിലെല്ലാം വ്യക്തമായ ധാരണ വരുത്തിയ ശേഷമാണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചതും. ജിനിയുടെ അമ്മാവനും എൻജിനീയറുമായ ജയകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു വീടുപുതുക്കൽ. 10 മാസം കൊണ്ട് പണി പൂർത്തിയായി. 662 ചതുരശ്രയടിയായിരുന്നു പഴയ വീടിന്റെ വിസ്തീർണം. കാര്യമായ പൊളിച്ചുപണി വേണ്ട എന്നും മുറികളുടെ എണ്ണം അധികം കൂട്ടേണ്ട എന്നും ആദ്യമേ തീരുമാനിച്ചിരുന്നു. രണ്ടുപേരും ഉദ്യോഗസ്ഥരായതിനാൽ രാത്രി വീട്ടിലുള്ള സമയം എല്ലാവരും ഒരുമിച്ചിരിക്കാൻ സാധിക്കും വിധമാകണം വീടിന്റെ ഘടന എന്നതായിരുന്നു പ്രധാന ആശയം. അതുകാരണം ഒരു കിടപ്പുമുറിയും ബാത്റൂമും സിറ്റ്ഔട്ടും മാത്രമേ പുതിയതായി കൂട്ടിച്ചേർത്തുള്ളൂ. വാസ്തുപ്രകാരമുള്ള അളവുകൾ ലഭിക്കുന്നതിനായി ഡൈനിങ് സ്പേസിന്റെയും അടുക്കളയുടെയും വലുപ്പം കൂട്ടുക മാത്രം ചെയ്തു. ആകെ 545 ചതുരശ്രയടി മാത്രമാണ് കൂട്ടിച്ചേർത്തത്. ഇതോടെ വീടിന്റെ വലുപ്പം 1207 ചതുരശ്രയടിയായി.

panthalam 3

പുതുക്കിപ്പണിയലിനൊപ്പം വീടിന് കേരളീയ മു ഖം നൽകണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. അതിനാലാണ് മുകളിൽ ചെരിഞ്ഞ മേൽക്കൂരയുടെ മാതൃകയിൽ ട്രസ് റൂഫ് നൽകി ഓട് മേഞ്ഞത്. ട്രസ് റൂഫിന് കീഴിലുള്ള സ്ഥലം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയുള്ള അന്വേഷണമാണ് പുതുക്കിപ്പണിയലിന്റെ മുഖച്ഛായ തന്നെ മാറ്റാൻ നിമിത്തമായത്. പഴയവീടിന്റെ പാരപ്പറ്റിനോട് ചേർന്ന് ചുമരു കെട്ടിപ്പൊക്കി അതിനു മുകളിൽ ട്രസ് റൂഫ് വരുംവിധമാണ് വിശാലമായ യോഗ സ്പേസ് ഒരുക്കിയത്. ചുമരിനോട് ചേർന്ന ഭാഗത്തും തല മേൽക്കൂരയിൽ തട്ടാതെ നിൽക്കാനാവും വിധം ട്രസ് റൂഫിന്റെ ഉയരം കൂട്ടി. ലിന്റലിനു മുകളിൽ നാലുചുറ്റിലുമായി 16 ജനാലകൾ നൽകിയതിനാൽ കാറ്റിനും വെളിച്ചത്തിനും വേറെ വഴി തേടേണ്ട.

panthalam 4

വീട്ടുകാരുടെ ക്രിയാത്മകതയ്ക്കും നിർമാണത്തിലെ പങ്കാളിത്തത്തിനും തെളിവാണ് യോഗ സ്പേസിലെ ബുക്ക് ഷെൽഫുകൾ. ട്രസ് റൂഫിന്റെ തൂണുകളിലെ ഇരുമ്പ് പൈപ്പ് മുഴുവനായി മറൈൻ പ്ലൈവുഡ് പൊതിഞ്ഞാണ് ഇത് തയാറാക്കിയത്. കാഴ്ച മറയാനും ഇടുക്കം തോന്നാനുമുള്ള സാധ്യത കണക്കിലെടുത്ത് തൂണിന്റെ മുകളിലും താഴെയും മാത്രമെ ഷെൽഫ് പിടിപ്പിച്ചിട്ടുള്ളു. കിഴക്കും വടക്കുമായി രണ്ടു വശത്തും റോഡ് വരുന്ന രീതിയിലാണ് പ്ലോട്ട്. റോഡ് നിരപ്പിൽ നിന്ന് 15 അടി ഉയരത്തിലാണ് വീടിരിക്കുന്നത്. മുൻപ് മുറ്റത്തേക്കു കാർ കയറ്റാൻ കഴിയുമായിരുന്നില്ല. കിഴക്കുഭാഗത്ത് വീടിനു നേരെ മുന്നിൽ പടികൾ നൽകുകയും വടക്കുഭാഗത്ത് കാർ കയറാൻ പാകത്തിന് മണ്ണെടുത്തു മാറ്റുകയും ചെയ്താണ് പ്രശ്നത്തിനു പരിഹാരം കണ്ടത്.

panthalam 5
Tags:
  • Vanitha Veedu