Thursday 02 September 2021 05:19 PM IST : By സ്വന്തം ലേഖകൻ

രണ്ട് സെന്റിലെ വൈറൽ വീടിനു പിന്നിലുണ്ട് കണ്ണീർ നനവുള്ള വീട്ടോർമകൾ

manju 1

‘‘കഴിഞ്ഞ മഴക്കാലം ഇപ്പോഴും ഓർമയിലുണ്ട്... പുറത്തെ പോലെ മഴ വീടിനുള്ളിലും പെയ്തിറങ്ങുമ്പോൾ ഉറങ്ങാതെ പാത്രങ്ങൾ നിരത്തിവെച്ച് വീടിനകം നനയാതെ നേരം വെളുപ്പിച്ച സമയം...’’ ഈ കുറിപ്പോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മ‍ഞ്ജുക്കുട്ടൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച പുതിയ വീടിന്റെ ചിത്രം നിമിഷങ്ങൾക്കകം വൈറലായി. കണ്ണീർ നനവുള്ള വീട്ടോർമ്മ നെഞ്ചേറ്റിയും പുതിയ വീടിന്റെ ചിത്രങ്ങളിൽ ലൈക്കടിച്ചും അനേകരാണ് പ്രതികരിച്ചത്.

കയറിക്കിടക്കാൻ ചോരാത്ത വീടു വേണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്. കൈവശം അധികം പണമൊന്നുമില്ലാതെയാണ് വീടുപണി തുടങ്ങിയതെങ്കിലും സുഹൃത്തുക്കളും നാട്ടുകാരും കട്ടയ്ക്ക് കൂടെ നിന്നു.

കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻ‍ഡിന് സമീപമുള്ള രണ്ട് സെന്റിലാണ് വീട്. ത്രികോണാകൃതിയിലുള്ള സ്ഥലത്ത് വീടിനു സ്ഥാനം കണ്ടെത്തുക പ്രയാസമായിരുന്നു. രണ്ട് മുറി മാത്രമുണ്ടായിരുന്ന പഴയ വീട് പൊളിച്ചു മാറ്റാനായി എത്തിയ ജെസിബി പറമ്പിൽ താഴ്ന്നുപോയി. മണ്ണിന് തീരെ ഉറപ്പു കുറവായിരുന്നു. ആർക്കിടെക്ട് അഖിൽ രവീന്ദ്രനാണ് 700 ചതുരശ്രയടി വലുപ്പമുള്ള  വീടു ഡിസൈൻ ചെയ്തത്. പണിതുടങ്ങി ഏഴു മാസത്തിനുള്ളിൽ വീട് പൂർത്തിയായി. കഴിഞ്ഞ ദിവസമായിരുന്നു പാലുകാച്ചൽ.

ഹാൾ, അടുക്കള, വർക് ഏരിയ, രണ്ട് കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ. ഒരു കിടപ്പുമുറി, ഓപൻ ടെറസ് എന്നിവ രണ്ടാം നിലയിലുണ്ട്. മുകളിലേക്ക് സ്റ്റെയർകെയ്സ് പണിത് സ്റ്റയർ റൂമും നിർമിച്ചിട്ടുള്ളതിനാൽ പിന്നീട് വേണമെങ്കിൽ ഒരു നില കൂടി പണിയാം.

രണ്ട് സെന്റിലെ വീടിന്റെ പരാധീനതകളൊന്നും തോന്നിക്കാത്ത രീതിയിലുള്ള എക്സ്റ്റീരിയർ ആണ് വീടിന്റെ ഹൈലൈറ്റ്. ടെറാക്കോട്ട ടൈൽ പതിപ്പിച്ച ചുമരും മുന്നിലേക്കു തള്ളിനിൽക്കുന്ന രീതിയിലുള്ള കനോപി ഡിസൈനും വീടിന്റെ പകിട്ടു കൂട്ടുന്നു.

‘‘തെങ്ങിന്റെ ചുവട്ടിൽ ഓലവെച്ച് ചെരിച്ചുണ്ടാക്കിയ ചായ്പ്പിൽ നിന്നും ജീവിതം തുടങ്ങി ഈ വീട്ടിലേക്ക് കയറുമ്പോൾ വീടില്ലാത്ത എല്ലാവർക്കും കയറിക്കിടക്കാൻ ആശ്രയം ലഭിക്കട്ടെ എന്ന് ആശിക്കുന്നു.’ ഇങ്ങനെയാണ് മഞ്ജുക്കുട്ടന്റെ ഫെയ്സ്ബുക് കുറിപ്പ് അവസാനിക്കുന്നത്.