Friday 30 August 2019 02:54 PM IST : By സ്വന്തം ലേഖകൻ

8 ലക്ഷം രൂപ ചെലവ്, 512 ചതുരശ്രയടി; അടിപൊളി വീട് പണിയാൻ അരസെന്റ് തന്നെ ധാരാളം

veedu-vanitha

ഒരു സെന്റ് പോലും വേണ്ട വീടു പണിയാൻ. കൊച്ചി നഗരഹൃദയത്തിൽ സെന്റ് തെരേസാസ് കോളജിന് പിന്നിലുള്ള റെസിഡൻഷ്യൽ കോളനിയിലെ ജാൻസന്റെ വീടു കണ്ടാൽ അതു ബോധ്യമാകും. ഈ വീടിരിക്കുന്നത് വെറും അര സെന്റിലാണ്. കൃത്യമായി പറഞ്ഞാൽ 0.63 സെന്റിൽ. പക്ഷേ, വീട് കണ്ടാൽ ആർക്കുമത് തോന്നില്ല. വീടിന്റെ ഭംഗിക്കോ ഉള്ളിലെ സൗകര്യങ്ങൾക്കോ യാതൊരു കുറവുമില്ല എന്നതു തന്നെ കാരണം.

എൻജിനീയർ അനൂപ് ഫ്രാൻസിസ് ആണ് ജാൻസണും കുടുംബത്തിനും വേണ്ടി കിടിലൻ വീടൊരുക്കിയത്.  512 ചതുരശ്രയടിയാണ് വീടിന്റെ വലുപ്പം. രണ്ട് കിടപ്പുമുറി, ലിവിങ് ഡൈനിങ് ഏരിയ, അടുക്കള എന്നിവയെല്ലാമുള്ള ഇരുനില വീടിന് ചെലവായത് എട്ട് ലക്ഷം രൂപ മാത്രം.
വീട്ടുകാരുടെ ആവശ്യങ്ങൾ, കൈവശമുള്ള പണം, സ്ഥലത്തിന്റെ പ്രത്യേകതകൾ എന്നിവയെല്ലാം വിലയിരുത്തി അതിനനുസരിച്ചാണ് അനൂപ് ഫ്രാൻസിസ് വീട് രൂപകൽപന ചെയ്തതും നിർമാണസാമഗ്രികൾ തിരഞ്ഞെടുത്തതും. സ്റ്റീൽ സ്‌ട്രക്ചറിൽ ഫൈബർ സിമന്റ് ബോർഡുകൊണ്ട് ചുമരുകളും അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയും നൽകിയാണ് വീടൊരുക്കിയിരിക്കുന്നത്. കാഴ്ചയിൽ മറ്റേതൊരു വീട് പോലെ തന്നെ. താഴത്തെ നിലയുടെ മുകളിൽ കൊറുഗേറ്റഡ് ഷീറ്റ്, സ്റ്റീൽ കന്പി, അലൂമിനിയം ഷീറ്റ് എന്നിവ പല തട്ടുകളായി അടുക്കി അതിനു മുകളിൽ കോൺക്രീറ്റ് ചെയ്ത് അതിൽ ടൈൽ  ഒട്ടിച്ചു. മേൽക്കൂരയ്‌ക്കു താഴെ ജിപ്സം ഉപയോഗിച്ച് സീലിങ് ചെയ്തിട്ടുണ്ട്. ചുമരുകളിൽ പുട്ടിയിട്ട് പെയിന്റ് ചെയ്ത് മോടി പിടിപ്പിച്ചിട്ടുമുണ്ട്. ബാത്‌റൂമുകൾ ഉയരം കുറച്ച് പണിത് അതിനു മുകളിൽ സ്റ്റോറേജ് സ്പേസ് ഒരുക്കിയതിനാൽ സാധനങ്ങൾ സൂക്ഷിക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. ഊണുമുറിയുടെ ഭാഗത്തുള്ള ഗ്ലാസ് കൊണ്ടുള്ള വലിയ സ്ലൈഡിങ് ഡോർ തുറന്ന് പുറത്തേക്കിറങ്ങാം. വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചമെത്തിക്കാൻ ഈ ഗ്ലാസ് വാതിൽ സഹായിക്കും. അര സെന്റേ ഉള്ളൂ എങ്കിലും പൂന്തോട്ടം പോലും ഒഴിവാക്കിയിട്ടില്ല. മതിലിൽ‍ വെർട്ടിക്കൽ ഗാർഡൻ പിടിപ്പിച്ചാണ് പൂന്തോട്ടമൊരുക്കിയിരിക്കുന്നത്. ഉള്ള സ്ഥലത്ത് എല്ലാം എന്നതാണ് ഇവിടെ പിന്തുടർന്നിരിക്കുന്ന നയം.

ഇനി എപ്പോഴെങ്കിലും വീട് മറ്റൊരിടത്തേക്കു മാറ്റണം എന്നു തോന്നിയാൽ അതിനും വഴിയുണ്ട്. ഓരോ സാധനങ്ങളും അഴിച്ചെടുത്ത് മറ്റൊരിടത്ത് പിടിപ്പിക്കാം. ഒരു വിധത്തിലും തോൽപ്പിക്കാനാവില്ല അര സെന്റിലെ ഈ വീടിനെ.

Tags:
  • Budget Homes