പാലക്കാട്ടെ ചൂടിനെക്കുറിച്ച് ആരോടും പ്രത്യേകിച്ച് പറയേണ്ട. ഈ പൊരിവെയിലത്ത് പിടിച്ചു നിൽക്കാൻ പാലക്കാട് ചിറ്റൂരിലെ കല്ലുകൂട്ടിയാലിലെ ഈ വീട്ടിൽ ചില സൂത്രപ്പണികൾ ഡിസൈനറായ ബിനു അറയ്ക്കൽ ചെയ്തിട്ടുണ്ട്. മോഡേൺ ശൈലിയിലുള്ള മറ്റു വീടുകളിൽ നിന്ന് ഈ വീടിനെ വേറിട്ടു നിർത്തുന്നതും അതേ ഘടകങ്ങളാണ്.

വ്യത്യസ്തമായ ആകൃതി കൊണ്ട് ബിനുവിനെ കുഴപ്പിച്ച വീടുകൂടിയാണിത്. വീതി കുറഞ്ഞ പിന്നിലേക്ക് നീണ്ട പ്ലോട്ട് ആണ്. അതുകൊണ്ട് തന്നെ കാർപോർച്ചിനു പോലും സ്ഥലം തികയില്ല. വീടിന്റെ മുൻപിൽ മതിലിനോടു ചേർന്ന് ഒരു ഹാങ്ങിങ് പോർച്ച് ഉണ്ടാക്കിയാണ് പരിഹാരം കണ്ടത്. വീടിന്റെ ആകൃതിയുടെ പ്രത്യേകതയ്ക്കു കാരണവും പ്ലോട്ടിന്റെ വീതിക്കുറവ് തന്നെ.വ്യത്യസ്തമായ പുറംകാഴ്ചയാണ് ഈ വീടിന്. വീടിന്റെ മുൻവശത്തെ കരിങ്കൽ ഭിത്തിയ്ക്ക് കാണാനുള്ള മനോഹാരിത മാത്രമല്ല, ചൂടിനെ തടുക്കുന്നതിൽ ഗണ്യമായ പങ്കുമുണ്ട്.

പാലക്കാട് ഏറ്റവും ലാഭത്തിൽ കിട്ടുന്ന നിർമാണസാമഗ്രി കൂടിയാണ് കരിങ്കല്ല്. എന്നാൽ കരിങ്കല്ലുകൊണ്ട് മുഴുവൻ ഭിത്തികളും നിർമിക്കുന്നത് മറ്റു ചില പ്രശ്നങ്ങൾ ഉണ്ടാക്കും. അതായത്, ഇലക്ട്രിക്കൽ, പ്ലമിങ് എല്ലാം നേരത്തെ തീരുമാനിച്ച് പോയിന്റ് ഇട്ട് പൈപ്പ് വലിക്കേണ്ടിവരും. കട്ടർ ഉപയോഗിച്ച് ഇത്തരം ഭിത്തികൾ മുറിക്കാൻ എളുപ്പമല്ല. അതുകൊണ്ട് ബാങ്ക് ഉദ്യോഗസ്ഥനായ ബിജുവിന്റെയും സർക്കാർ ഉദ്യോഗസ്ഥയായ ജെയ്സിയുടെ സ്വപ്നക്കൂടിന്റെ മറ്റു ഭിത്തികൾ ഇഷ്ടിക കൊണ്ടാണ് നിർമിച്ചത്.

അസഹനീയമായ ചൂടുള്ള എല്ലായിടത്തും വയ്ക്കുന്ന വീടുകൾ വാർത്ത് മുകളിൽ ട്രെസ് വർക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന് ഈ വീടിന്റെ ഡിസൈനറായ ബിനു അറയ്ക്കൽ പറയുന്നു. നേരിട്ട് വെയിൽ അടിച്ചുണ്ടാകുന്ന ചൂട് കുറയ്ക്കാൻ എങ്കിലും ഇത് ഉപകരിക്കും. ഓടോ ഹുരുഡീസോ വച്ചു വാർത്താൽ ചൂട് മാത്രമല്ല ചെലവും കുറയും. 1400 ചതുരശ്രയടിയുള്ള ഈ വീടിന്താഴെ രണ്ടും മുകളിൽ ഒന്നും വീതം കിടപ്പുമുറികൾ ആണ്. യുപിവിസി കൊണ്ടുള്ള ജനാലകൾ കൊണ്ട് ക്രോസ് വെന്റിലേഷൻ ഉറപ്പാക്കി. തടി വാതിലുകൾക്ക് മാത്രമേ ഉപയോഗിച്ചുള്ളൂ. ഇന്റീരിയർ ചെയ്തത് പ്ലൈവുഡും മൾട്ടിവുഡും ഉപയോഗിച്ചാണ്.

1.

2.

കടപ്പാട്: ബിനു അറയ്ക്കൽ, ഡിസൈനർ, പാലക്കാട്
ഫോൺ: 94963 51381, 70122 29868