Monday 27 September 2021 01:53 PM IST

ചെറിയൊരു മുറിയെ അടിപൊളി ആർക്കിടെക്ട്സ് ഓഫിസ് ആക്കിയ ടെക്നിക്; വീടുകളിലും പിൻതുടരാം ഈ മോഡൽ...

Sreedevi

Sr. Subeditor, Vanitha veedu

sree2

ഒരു ഓഫിസ് തുടങ്ങണമെങ്കിൽ ചുരുങ്ങിയത് 1000 സ്ക്വയർഫീറ്റ് എങ്കിലും വേണ്ടേ? വേണ്ടെന്നാണ് തൃശൂർ പാവറട്ടിയുള്ള ‘ഡിസൈൻ ഫാക്ടറി’ എന്ന ഡിസൈൻ സ്ഥാപനത്തിന്റെ ചീഫ് ഡിസൈനർ ഫസീഹ് മരയ്ക്കാർ പറയുന്നത്. വെറുതെ പറയുകയല്ല,12x12 അടി വലുപ്പമുള്ള ഒരു സാധാരണ മുറിയെ തന്റെ ഓഫിസ് ആക്കി തെളിയിച്ചിട്ടുമുണ്ട് ഫസീഹും സഹ ഡിസൈനർമാരായ ഷഫീഖ് സുലൈമാനും ഫഹദ് കമാറും.

sree1

മൂന്ന് സ്റ്റാഫിന് ജോലി ചെയ്യാനുള്ള വർക്ക് സ്റ്റേഷൻ, ഒരു മീറ്റിങ് സ്പേസ്, ക്ലയന്റിനെ സ്വീകരിച്ചിരുത്താനുള്ള സ്ഥലം, മെറ്റീരിയൽ പാലറ്റ് പ്രദർശിപ്പിക്കാനുള്ള ഏരിയ, പ്രധാന ഡിസൈനറുടെ ഏരിയ... ഇത്രയും കാര്യങ്ങൾ 12x12 അടി മുറിയിൽ ഒതുക്കാനായി എന്നതാണ് ഡിസൈൻ ഫാക്ടറിയുടെ വിജയം. രസകരമായ ചില പൊടിക്കൈകൾ കൊണ്ടാണ് ഈ മൂവർ സംഘം ഓഫിസ് ഡിസൈൻ ചെയ്തത്. ഭിത്തികൾക്ക് പൊതുവായി വെളുത്ത നിറമാണ് നൽകിയത്. മുറി വിശാലമായി തോന്നിക്കാൻ ഇതു സഹായിച്ചു. ഹൈലൈറ്റ് ചെയ്യാൻ ചില ഘടകങ്ങൾ മാത്രം മഞ്ഞ നിറത്തിൽ നൽകി. ഒരു ഭിത്തി കോൺക്രീറ്റ് ഫിനിഷ് നൽകി റസ്റ്റിക് ഫീലിൽ നിലനിർത്തി. മറ്റൊരു ഭിത്തിയിൽ അമേരിക്കൻ റസ്റ്റിക് സ്റ്റോൺ ക്ലാഡിങ് ചെയ്തു. പാർട്ടീഷൻ ഭിത്തികൾ നൽകാതെ ഫർണിച്ചർ കൊണ്ട് വർക് സ്പേസുകൾ വേർതിരിക്കുകയാണ് ചെയ്തത്. പാർട്ടീഷൻ ഉപയോഗിച്ചതാകട്ടെ, മെറ്റൽ പെർഫറേറ്റഡ് ഷീറ്റ് കൊണ്ടും. ഇത് അടഞ്ഞ ഫീൽ തീർത്തും ഒഴിവാക്കി.

sree4

ചെറിയ മുറിയിൽ ഇത്രയേറെ കാര്യങ്ങൾ ഒരുമിച്ച് ആക്കിയത് പല ഭാഗവും മൾട്ടിപർപ്പസ് ഏരിയയാക്കിയാണ്. താൽപര്യമുണ്ടെങ്കിൽ നിലത്തിരുന്നു ജോലി ചെയ്യാൻ പോലും സൗകര്യമുണ്ട്. ജോലി സ്ഥലത്തെ 'ഫോർമൽ' അന്തരീക്ഷം പാടെ ഒഴിവാക്കി. പഴയൊരു ഫർണിച്ചർ കടയുടെ വാതിൽ എടുത്താണ് വർക്ക് സ്റ്റേഷൻ സജ്ജീകരിച്ചത്. ചില ഫർണിച്ചർ ഒഴികെ ബാക്കിയെല്ലാം ഡിസൈൻ ചെയ്തെടുത്തു. കാഴ്ചയ്ക്ക് ഒരു ' ബ്രേക്ക്' എന്ന രീതിയിലാണ് പ്രധാന ഡിസൈനറുടെ മേശ പരമ്പരാഗത രീതിയിൽ തടി കൊണ്ട് നിർമിച്ചത്. ഇവിടത്തെ ഏറ്റവും ശ്രദ്ധേയമായ ഡിസൈൻ ഘടകം ഏതാണെന്ന് ചോദിച്ചാൽ നിലത്തേക്ക് കൈചൂണ്ടും ഡിസൈനർമാർ. റസ്റ്റിക് ഫിനിഷുള്ള ഈ നിലം മുൻപ് ഒരു തടിനിലമായിരുന്നു. തടി ഒട്ടിച്ച പശയും പരുക്കൻ നിലവും ചേർന്ന് ഉണ്ടാക്കിയ ഡിസൈൻ വെറും ക്ലിയർ കോട്ട് അടിച്ചു ഭംഗിയാക്കി എടുക്കുകയായിരുന്നു. ഓഫിസിൽ വരുന്ന പലരും അത്തരമൊരു നിലം വേണമെന്ന് ആവശ്യപ്പെടുന്നതു വരെയായി കാര്യങ്ങൾ.

sree3

വാം ലൈറ്റിങ് ആണ് പൊതുവായി സ്വീകരിച്ചത്. വർക്ക്‌സ്റ്റേഷനിൽ മാത്രം മൂഡ് ലൈറ്റിങ്ങും ചെയ്തു. ഓഫിസും കടകളും വീടുകളുമൊക്കെ ചെറിയ ചില ഘടകങ്ങൾ ചേർത്ത് സുന്ദരമാക്കിയാൽ ജോലിക്കാരുടെ പെർഫോമൻസ് മെച്ചപ്പെടും എന്നത് തെളിയിക്കുന്നു ഡിസൈൻ ഫാക്ടറി.

കടപ്പാട്:

Design Factory Architecture Studios, Puvathoor, Thrissur

designfactory003@gmail.com, Ph: 7559853513, 9633305559, 9847924046