വിദേശത്തുള്ള സഹോദരി അയച്ചു കൊടുത്ത ചിത്രത്തിലെ വീടാണ് ജോബിഷ് തന്റെ വീടിനും സ്വപ്നം കണ്ടത്. മാനന്തവാടിയിൽ പന്ത്രണ്ടര സെന്റ് പ്ലോട്ടായിരുന്നു കൈയിലുണ്ടായിരുന്നത്. മൂന്നു നാല് ആർക്കിടെക്ടുമാരെ സമീപിച്ചെങ്കിലും ജോബിഷിന് അനൂകൂലമായ രീതിയിൽ അവർ പ്രതികരിച്ചില്ല.

വനിത വീടിൽ കണ്ട ഒരു പ്രോജക്ട് ഡിസൈൻ ചെയ്ത കെസിഎൻ കൺസ്ട്രക്ഷൻസിലെ നൗഫലിനെ ആയിരുന്നു ജോബിഷ് പിന്നീട് സമീപിച്ചത്. നൗഫലിന്റെ ഉറപ്പു കിട്ടിയതോടെ ജോബിഷിന്റെ സ്വപ്നങ്ങൾക്കു ചിറകു വച്ചു. ജോബിഷ് മനസ്സിൽ ആഗ്രഹിച്ച പോലൊരു വീടും റെഡിയായി. റോഡിൽ നിന്ന് 10 അടി പൊക്കത്തിലായിരുന്നു പ്ലോട്ട്. മണ്ണ് അധികം നീക്കാതെയാണ് വീട് പണിതിരിക്കുന്നതും.

കണ്ടാൽ ഒരു നില പോലെ, എന്നാൽ രണ്ടു നില വീട് ആയിരിക്കണം. ഇതാണ് വീട്ടുകാരൻ വച്ച ഡിമാൻഡ്. സത്യമായും മുൻവശത്തു നിന്നു കണ്ടാൽ ഒരുനിലയാണെന്നേ പറയൂ. മുകളിലെ നിലയ്ക്ക് ഒരു ബാൽക്കണി ഫീലിൽ ഒാപൻ ലുക്ക് വേണമെന്ന ആഗ്രഹവും സാധിച്ചു. തുറസ്സായ രീതിയിൽ ആയതിനാൽ ഹാളിൽ നല്ല വെളിച്ചം കിട്ടുന്നു. ഹാളിൽ നിന്ന് പ്രെയർ ഏരിയയുടെ വശത്തുകൂടെ പിറകിലെ സിറ്റ്ഒൗട്ട് ഏരിയയിലേക്കു കടക്കാം. ഇവിടെ മുകളിൽ സുതാര്യമായ റൂഫിങ് ഷീറ്റ് കൊടുത്തിട്ടുണ്ട്. ഇൗ പാഷ്യോയുടെ ഒരു ഭിത്തിയിൽ ഗ്രിൽ വർക്കാണ്. ഒരു ഭിത്തിയിൽ മഡ് വർക്കുമുണ്ട്.

നാലു ബെഡ്റൂമുകളുണ്ട് 2250 ചതുരശ്രയടിയുള്ള വീടിന്. പ്ലോട്ടിന് അനുസരിച്ച് താഴത്ത ബെഡ്റൂമുകൾ രണ്ട് അടി താഴ്ത്തിയാണ് ചെയ്തിരിക്കുന്നത്. മൈക്കയും അക്രിലിക്കുമാണ് കൂടുതൽ ഉപയോഗിച്ച മെറ്റീരിയൽ. ബെഡ്റൂമിനൊക്കെ ഒരു ഡാർക് തീം ആണ് കൊടുത്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എല്ലാം മാറ്റ് ഫിനിഷിലാണെന്നതും ശ്രദ്ധേയം. ബാത്റൂമുകളിൽ വരെ വെറ്റ് ഏരിയയ്ക്ക് വുഡൻ ഫിനിഷ് ടൈലും ഡ്രൈ ഏരിയയ്ക്ക് ബ്ലാക് മാറ്റ് ഫിനിഷ് ടൈലും കൊടുത്ത് തീം ബാലൻസ് ചെയ്തിരിക്കുന്നു.

വുഡൻ ഫിനിഷുള്ള ടൈലുകളാണ് എല്ലാ മുറിയിലും. വലിയ ടൈലുകൾ വാങ്ങി സ്ട്രിപ്പുകളായി മുറിച്ചാണ് ഇട്ടിരിക്കുന്നത്. ലേബർ ചാർജ് കൂടിയെങ്കിലും സ്ട്രിപ്പുകൾ ആയി വാങ്ങുന്നതിലും ലാഭമാണെന്നാണ് ജോബിഷിന്റെ കണ്ടെത്തൽ.

പോർച്ച് വീടിൽ നിന്നും മാറിയാണ് പണിതത്. പ്ലോട്ടിന്റെ വീതി കുറവായിരുന്നതിനാലാണ് ഇങ്ങനെ ചെയ്തത്. ഡാർക് തീമിനോടുള്ള വീട്ടുകാരന്റെ ഇഷ്ടം കാരണം കിച്ചനിൽ കറുത്ത അക്രിലിക് ആണ് വ്യത്യസ്ത കൊടുക്കുന്നത്. കൗണ്ടർടോപ്പിനാകട്ടെ, കറുത്ത ഗ്രാനൈറ്റും. ഇറക്കുമതി ചെയ്ത തടിയാണ് തടിപ്പണിക്ക് ആധാരം.

ഡിസൈൻ: നൗഫൽ, കെസിഎൻ കൺസ്ട്രക്ഷൻസ്, കൽപറ്റ, ഫോൺ: 9747770369