Wednesday 05 August 2020 05:24 PM IST

സ്റ്റൂൾ ചിരവയായി മാറും. തേങ്ങ ചിരകൽ ഇനി ഒരു പണിയേയല്ല!

Sunitha Nair

Sr. Subeditor, Vanitha veedu

1

കണ്ടാൽ ഭംഗിയുള്ള ഒരു സ്റ്റൂൾ ! പക്ഷേ, തുറന്നാലോ ചിരവയായി മാറും. ആധുനിക അടുക്കളകളുടെ ഇന്റീരിയറിന്  യോജിക്കുന്ന ഈ ചിരവയുടെ സ്രഷ്ടാവ് ആലുവ ആലങ്ങാട്ടുള്ള സുരേഷാണ്. ആറു വർഷം മുൻപ് നടുവേദന കാരണം ഭാര്യ തേങ്ങ ചിരകാൻ പ്രയാസപ്പെടുന്നതു കണ്ടപ്പോഴാണ് തടിപ്പണി തൊഴിലാക്കിയ സുരേഷിന് ഈ ആശയം തോന്നിയത്. ചിരവ കണ്ട് ഇഷ്ടപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടതോടെ നിർമിച്ചു നൽകിത്തുടങ്ങി. " ഇത്തരം ചിരവകൾ വേറെയുമുണ്ട്. അവ കാലുള്ള മോഡലാണ്. എന്നാൽ ഇന്റീരിയറിന് ഭംഗി കൂടുതൽ തോന്നിക്കുന്നത് ഇത്തരം ബോക്സ് ടൈപ്പ് സ്റ്റൂൾ ആണ്,"  സുരേഷ് പറയുന്നു.

3

മറൈൻ പ്ലൈവുഡിൽ നിർമിക്കുന്ന ചിരവ പോളിഷ് ചെയ്ത് മിനുക്കിയെടുക്കുന്നു. 1,500 രൂപയാണ് വില. സുഖമായി ഇരുന്ന് ചിരകാം. വെറുതെ ഇരിക്കാനും അടുക്കളയിലെ ഓവർഹെഡ് കാബിനറ്റിൽ നിന്ന് സാധനങ്ങൾ എടുക്കാൻ കയറി നിൽക്കാനുമൊക്കെ ഈ സ്റ്റൂൾ പ്രയോജനപ്പെടുത്താം. ഇതിനുള്ളിൽ തേങ്ങ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. തേങ്ങ ചിരകുമ്പോൾ പാത്രം വയ്ക്കാനുള്ള സംവിധാനവുമുണ്ട്.
ചിരവനാക്കിനു പകരം ഇറച്ചി മുറിക്കാനും മറ്റുമായി കത്തി വച്ചു നൽകാൻ ആവശ്യപ്പെടുന്നവർക്ക് അതും പിടിപ്പിച്ചു നൽകാറുണ്ട്. മുറിയാൻ സാധ്യതയുള്ളതിനാൽ സുരേഷ് ഇതത്ര പ്രോത്സാഹിപ്പിക്കാറില്ല.
ഈയിടയ്ക്ക് ചിരവയുടെ വിഡിയോ വാട്സാപ്പിൽ വൈറലായി. അതോടെ കേരളത്തിനകത്തും പുറത്തുമായി 750 ഓളം ആവശ്യക്കാരാണ് സുരേഷിനെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽ നിന്നാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. കേരളത്തിൽ എവിടെയാണെങ്കിലും ചിരവ എത്തിച്ചു തരും. അതിന് 100 രൂപ അധികം ഈടാക്കുന്നുണ്ട്.
സുരേഷ് - 9567946444