Thursday 07 April 2022 03:47 PM IST : By സ്വന്തം ലേഖകൻ

പാറമണൽ ഒറിജിനലാണോ? അല്ലെങ്കിൽ ‘പണി’ കിട്ടും.

sand 1

വീടുപണിയിലെ വില്ലനാകുകയാണ് ‘വ്യാജ പാറമണൽ’. അടുത്തിടെ നടന്ന രണ്ടു സംഭ വങ്ങൾ അറിഞ്ഞാൽ വിഷയത്തിന്റെ ഗൗരവം പിടികിട്ടും.

സംഭവം ഒന്ന്:

അടൂരിൽ പുതിയ വീടിന്റെ പണി തകൃതിയായി നടക്കുന്നു. തേപ്പ് കഴിഞ്ഞ് വൈറ്റ് സിമന്റ് അടിക്കുന്ന സമയമായപ്പോഴേക്കും ഭിത്തിയിൽ അങ്ങിങ്ങായി പൊട്ടലുകൾ. വീട്ടുകാരുടെ കണ്ണിൽപ്പെടുന്നതിനു മുൻപ് കോൺട്രാക്ടറും എൻജിനീയറും കൂടി ക്രാക്ക് ഫില്ലറും പുട്ടിയും തേച്ചുപിടിപ്പിച്ച് പൊട്ടലുകളെല്ലാം തൽക്കാലത്തേക്ക് മറച്ചു. (േപര് പറയരുത് എന്ന അഭ്യർഥനയോടെ എൻജിനീയർ വനിത വീടിനോട് വെളിപ്പെടുത്തിയത്.)

സംഭവം രണ്ട്:

പണിതീർന്നിട്ട് രണ്ട് വർഷം മാത്രമായ ഇരുനില വീട്. ആദ്യത്തെ കാലവർഷം പകുതിയായതോടെ ചോർച്ച തുടങ്ങി. വീട്ടുകാർ പരാതിയുമായി ഡിസൈനറെ സമീപിച്ചു. തീരുമാനമൊന്നുമാകാത്തതിനാൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണിപ്പോൾ. തൃശൂരിലാണു സംഭവം.

sand 4

രണ്ടിടത്തും വില്ലൻ ഒരാളാണ്; വ്യാജ പാറമണൽ.

ആറ്റുമണലിന് പകരക്കാരനായി വന്ന പാറമണൽ അഥവാ ‘മാനുഫാക്ചേർഡ് സാൻഡി’നൊപ്പം ‘ക്വാറി വേസ്റ്റ്’ ആയ ‘പാറപ്പൊടി’ കൂട്ടിക്കലർത്തിയും, നനഞ്ഞ പാറപ്പൊടി പാറമണൽ എന്ന പേരിൽ എത്തിച്ചു നൽകിയുമാണ് വ്യാജന്മാരുടെ വിളയാട്ടം.

യഥാർഥ പാറമണൽ ഒരു ക്യുബിക് അടിക്ക് 55 - 65 രൂപയാണ് വില. പ്ലാസ്റ്ററിങ്ങിനുപയോഗിക്കുന്നതിന് 60-70 രൂപയും. പാറപ്പൊടിക്കാകട്ടെ 28-35 രൂപയേ വിലയുള്ളൂ. 150 അടിയുടെ ഒരു ലോഡിൽ പകുതി പാറപ്പൊടി കലർത്തിയാൽ തന്നെ 2,500 രൂപയിലധികമാണ് തട്ടിപ്പുകാരുടെ പോക്കറ്റിൽ വീഴുക. പാറമണൽ എന്ന പേരിൽ ഒരു ലോഡ് പാറപ്പൊടി വിറ്റാൽ 6,500 രൂപയിലധികം തടയും.

സാധാരണക്കാർക്ക് പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയില്ല എന്നതിനാൽ പാറമണലും പാറപ്പൊടിയും കൂട്ടിക്കലർത്തിയുള്ള തട്ടിപ്പാണ് കൂടുതലും നടക്കുന്നത്. ക്രഷർ യൂണിറ്റിൽ നിന്ന് പാറമണൽ സംഭരിച്ച് വിൽക്കുന്ന ഇടനിലക്കാരും ലോറി ഡ്രൈവർമാരുമാണ് പലപ്പോഴും തട്ടിപ്പിനു പിന്നിലുണ്ടാകുക. ഗുണനിലവാരം കുറഞ്ഞ പാറമണൽ നിർമിച്ചു വിൽക്കുന്ന അനധികൃത ക്രഷർ യൂണിറ്റുകളുമുണ്ട്.

sand 2

തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന പാറമണലിന്റെ കാര്യത്തിലും തട്ടിപ്പിന് കുറവൊന്നുമില്ല. ഗവൺമെന്റ് അംഗീകാരമുള്ള ക്രഷർ യൂണിറ്റുകളിൽ നിന്നുള്ള പാറമണൽ മാത്രമേ പൊതുമരാമത്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവൂ എന്ന് അവിടെ നിയമമുണ്ട്. അനധികൃത ക്രഷർ യൂണിറ്റുകളിൽ ഉൽപാദിപ്പിക്കുന്ന ഗുണനിലവാരം കുറഞ്ഞ പാറമണലിന്റെ സിംഹഭാഗവും എത്തുന്നത് കേരളത്തിലേക്കു തന്നെ. വിലക്കുറവുണ്ടെന്നതിനാൽ ഇവ പെട്ടെന്നു വിറ്റുതീരും.

കോൺക്രീറ്റിനും സിമന്റ് പ്ലാസ്റ്ററിനും ഉറപ്പും ബലവും ലഭിക്കുന്നതിന് നിഷ്കർഷിച്ചിട്ടുള്ള വലുപ്പത്തിലും ആകൃതിയിലുമാണ് മാനുഫാക്ചേർഡ് സാൻഡ് നിർമിക്കേണ്ടത്. പ്രത്യേക മെഷീൻ ഉപയോഗിച്ച് ഷെയ്പ്പിങ്, ഗ്രേഡിങ്, വെറ്റ് / ഡ്രൈ ക്ലാസിഫിക്കേഷൻ തുടങ്ങി പല ഘട്ടങ്ങളായേ ഇതു നിർമിക്കാൻ കഴിയൂ. എന്നാൽ, അനധികൃത ക്രഷർ യൂണിറ്റുകളിൽ പാറ തരികളായി പൊടിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നത്. കോൺക്രീറ്റ് തയാറാക്കുമ്പോൾ ആറ്റുമണലിന്റെയോ ഒറിജിനൽ പാറമണലിന്റെയോ ‘പിടുത്തം’ നൽകാൻ ഇതിനാകില്ല. ഇതിലും ദയനീയമാണ് പാറപ്പൊടി ചേർത്താലുള്ള അവസ്ഥ. പാറ പൊടിക്കുമ്പോൾ ഉണ്ടാകുന്ന പാഴ്‌വസ്തു മാത്രമാണ് പാറപ്പൊടി; അല്ലാതെ നിർമാണവസ്തുവല്ല. തീരെ കനംകുറഞ്ഞ ‘ഡസ്റ്റ്’ ഇനത്തിൽപ്പെട്ട പാറപ്പൊടി ഉപയോഗിച്ച് കോൺക്രീറ്റ് തയാറാക്കിയാലും പ്ലാസ്റ്ററിങ് ചെയ്താലും ഈടുനിൽക്കില്ല. കുറച്ചു കഴിയുന്നതോടെ ഇതിന് സിമന്റുമായുള്ള പിടുത്തം നഷ്ടപ്പെടും. പത്ത് വർഷം തികയുന്നതിനു മുൻപേ വീടുകൾ ചോർന്നൊലിക്കുന്നതിന്റെയും ചുമരിൽ വിള്ളലുണ്ടാകുന്നതിന്റെയും കാരണം വേറൊന്നല്ല. േനർത്ത വരകൾ പോലെ ചുമരിലുണ്ടാകുന്ന പൊട്ടലുകളും ഉരസുമ്പോൾ പൊടിപൊടിയായി ചുമരിലെ തേപ്പ് ഇളകുന്നതുമൊക്കെ വ്യാജൻ കടന്നുകൂടി എന്നതിന്റെ തെളിവുകളാണ്.

sand 3

പാറമണൽ ഒറിജിനലാണോ വ്യാജനാണോ എന്നു കണ്ടുപിടിക്കാൻ വീട്ടുകാർക്കു തനിയെ കഴിഞ്ഞെന്നു വരില്ല. ഇതിന് പരിചയസമ്പന്നനായ എൻജിനീയറുടെ സഹായം തേടാം.

വിശ്വാസ്യതയുള്ള സ്ഥാപനത്തിൽ നിന്ന് പാറമണൽ വാങ്ങുക എന്നതാണ് ശ്രദ്ധിക്കാവുന്ന മറ്റൊരു കാര്യം. ബിൽ നിർബന്ധമായും വാങ്ങണം. അപ്പോൾ തട്ടിപ്പിനുള്ള സാധ്യത കുറയും. ടാക്സ് നൽകേണ്ടിവരും എന്നു കരുതിയാണ് പലരും ബിൽ വാങ്ങാത്തത്. ഒരുപാടു തുക അധികമാകും എന്നു പേടിപ്പിച്ച് ബിൽ ചോദിക്കുന്നവരെ പിന്തിരിപ്പിക്കുന്നവരുമുണ്ട്. അഞ്ച് ശതമാനമാണ് പാറമണലിനുള്ള ജിഎസ്ടി. ഒരു ലോഡിന് അഞ്ഞൂറ് രൂപയിൽ താഴെയേ നികുതി നൽകേണ്ടതുള്ളൂ.

പാറമണലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങളും നിലവിലുണ്ട്. ‘സീവ് അനാലിസിസ്’ (Sieve Analysis) എന്നാണിതിനു പറയുക. മിക്ക എൻജിനീയറിങ് കോളജുകളിലും ഇതിനുള്ള സൗകര്യമുണ്ട്. 600 രൂപയിൽ താഴെയാണ് ചെലവ്.

അൽപമൊന്നു ശ്രദ്ധിച്ചാൽ വ്യാജനെ വീടിന്റെ പടികയറ്റാതിരിക്കാം. ലക്ഷങ്ങളുടെ നഷ്ടവും സമാധാനക്കേടും ഒഴിവാക്കാം.

Tags:
  • Architecture