Saturday 03 April 2021 03:03 PM IST

രണ്ടു പെൺകുട്ടികൾ മനസ്സു വച്ചപ്പോൾ ലോകം കുറേക്കൂടി മനോഹരമായി; നാരായണേട്ടന്റെ ചായക്കട വൈറൽ ആയി

Sona Thampi

Senior Editorial Coordinator

chaya 1

കോഴിക്കോട് കാരാപ്പറമ്പിൽ ഫാത്തിമാ മാതാ പള്ളിക്കു സമീപമുള്ള നാരായണേട്ടൻ്റെ ചായക്കട പണ്ടേ പ്രസിദ്ധമാണ്. ചായയും കടികളും സൂപ്പർ ടേസ്റ്റ്. നെയ്‌റയും അന്നയും ഇന്ന് അതിനെ നാടാകെ പാട്ടാക്കി. വെൽഡൺ, ഗേൾസ്!

അർബൻ പ്ലാനിങ് പഠിച്ച അന്ന മറിയം ലൂക്കോസും ആർക്കിടെക്ചറിൽ പി ജി ചെയ്ത നെയ്റ അലിയും ലോക്ഡൗണിൽ വെറുതെയിരിക്കാൻ തയാറില്ലായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഏതെങ്കിലും പ്രോജക്ട് ചെയ്യാൻ ആഗ്രഹിച്ച് അലഞ്ഞു തിരിഞ്ഞ് രണ്ടു മൂന്നെണ്ണം കണ്ടെത്തി. അതിൽ നറുക്കു വീണത് ഈ ചായക്കടയ്ക്കാണ്. വഴിയോരത്ത് വാഹനത്തിരക്കിൽ അപകടകരമായ സ്ഥലത്തായിരുന്നു നാരായണനും ഭാര്യ നാരായണിയും സഹോദരൻ മുത്തുവും ചേർന്ന് വർഷങ്ങളായി കട നടത്തിക്കൊണ്ടിരുന്നത്. അതേ തെരുവിൽ താമസിക്കുന്ന നെയ്‌റയ്ക്ക് ചെറുപ്പം മുതലേ പരിചയമായിരുന്നു ഈ കടയും കടയിലെ രുചികളും. നെയ്‌റയും അന്നയും സൈക്ലിങ് ചെയ്ത് വരുമ്പോൾ ഇവിടെ നിർത്തിയൊരു ചായ കുടിയും പതിവുണ്ടായിരുന്നു.

chaya 3

കോർപറേഷൻ്റെ അനുമതിക്കായി കയറിയിറങ്ങി തങ്ങളുടെ പ്രോജക്ട് പ്രസൻ്റേഷൻ നടത്തിയപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു നഗരത്തിന് കൂടുതൽ വൃത്തിയും സൗന്ദര്യവും കൂട്ടുന്ന ഈ 'രുചിക്കൂട്ട് '. പി.കെ.സ്റ്റീൽസ് സ്പോൺസർ ചെയ്യുകയും ചെയ്തപ്പോൾ സംഭവം ഉഷാറായി. ഉന്തുവണ്ടിക്ക് കുറച്ചു കൂടി സുരക്ഷിത സ്ഥലമൊരുക്കി വൃത്തിയുള്ള സിമൻ്റ് പ്ലാറ്റ്ഫോം ഒരുക്കുകയായിരുന്നു കൂട്ടുകാരികൾ ആദ്യം ചെയ്തത്. ജി ഐ സ്ട്രക്ചറിൽ കോർപറേഷൻ നിയമങ്ങൾക്ക് അനുസരിച്ചുള്ള മടക്കി നിവർത്താവുന്ന തരം 6 X 3 അടി വലുപ്പമുള്ള ചായക്കട ഒരു മാസത്തിനുള്ളിൽ റെഡിയാക്കി. വെയിലും മഴയും ഏൽക്കാതിരിക്കാൻ റൂഫ് നീട്ടിയെടുത്തു. കോർണറുകളിലും സംരക്ഷണം കൊണ്ടുവന്നു. വൃത്തിയുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കുക്കിങ് ഏരിയ സ്റ്റെയിൻലസ് സ്റ്റീലിൽ കൊടുത്തു. ഗ്യാസ് സിലിണ്ടർ സ്റ്റോറേജിന് അകത്താക്കി. സാധനങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിന് സ്‌റ്റോറേജ് കൊടുത്തു. മുകളിൽ സോളാർ പാനലും അതിൻ്റെ ചാർജിങ് യൂണിറ്റുമായപ്പോൾ സംഭവം കിടു ആയി.

ഭക്ഷ്യമാലിന്യങ്ങൾ ശേഖരിക്കുന്നത് കോളനിക്കാർ തന്നെ വളമായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്കും പേപ്പറും പ്രത്യേകം പ്രത്യേകം ശേഖരിക്കുന്നു. കഠിനാധ്വാനികളായ നാരായണേട്ടനും ഭാര്യയും തങ്ങൾക്കു കിട്ടിയ പുതു തണലിലും അപ്രതീക്ഷിത മാധ്യമ ശ്രദ്ധയിലും കൂടുതൽ സന്തോഷമായി ചായയും കടിയും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പഠിച്ച പാഠങ്ങൾ സമൂഹത്തിൻ്റെ നന്മയ്ക്ക് ഉപയോഗിക്കാൻ നെയ്റയും അന്നയും കാണിച്ച സന്മനസ്സ് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ!

Tags:
  • Vanitha Veedu