Tuesday 24 November 2020 04:00 PM IST

സിസ്റ്റർ ലിസിയുടെ ഹോം ചാലഞ്ച്, നിര്‍മിച്ചു നൽകിയത് 146 വീടുകൾ, വീടില്ലാത്തവർക്ക് അഭയമായി ലിസി ചക്കാലയ്ക്ക്കൽ

Sunitha Nair

Sr. Subeditor, Vanitha veedu

licy

ഒരു വ്യക്തി വിചാരിച്ചാൽ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരാൻ കഴിയുമെന്നതിന്റെ തെളിവാണ് സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ ജീവിതം. കൊച്ചി തോപ്പുംപടി ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പൽ ആയ സിസ്റ്റർ ലിസിയുടെ നേതൃത്വത്തിൽ 146 വീടുകളാണ് ഇതുവരെ നിർമിച്ചു നൽകിയത്. കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം ഹൗസ് ചാലഞ്ച് എന്ന പേരിൽ തുടങ്ങിയ പദ്ധതിയിലൂടെ ഒരു പാട് കുടുംബങ്ങൾ പുതിയ ജീവിതം കണ്ടെത്തുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിലാണ് സിസ്റ്ററും സഹ അധ്യാപകരും ചേർന്ന് ഇത്രയും വീടുകൾ നിർമിച്ചത്. "

licy2

പുസ്തകത്തിലെ പാoങ്ങൾ പഠിപ്പിച്ചാൽ പോരാ, അധ്യാപകർ തന്നെ കുട്ടികൾക്കു പാഠമാകണം." ഇതാണ് സിസ്റ്ററിന്റെ നയം. സ്കൂളിലെ ഒരു വിദ്യാർഥിയുടെ പിതാവ് മരിച്ച സംഭവമാണ് സിസ്റ്റർ ലിസിയുടെയും സ്കൂളിലെ മറ്റൊരു അധ്യാപിക ലില്ലി പോളിന്റെയും ജീവിതത്തിന്റെ വഴി തിരിച്ചു വിട്ടത്. വീടു നിർമാണത്തിനായി ഓടി നടക്കുന്നതിനിടയിൽ കുഴഞ്ഞു വീണാണ് ആ കുട്ടിയുടെ പിതാവ് മരിച്ചത്. മരണ വീട്ടിലെത്തിയ അധ്യാപകർക്ക് കുട്ടിയുടെ വീടു കണ്ടപ്പോൾ വിഷമമായി. പുതിയ വീടു നിർമിച്ചു കൊടുക്കാൻ തീരുമാനിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് അതിനായി പണം സ്വരൂപിച്ചു. അതായിരുന്നു തുടക്കം ! സഹപാഠിക്കൊരു ഭവനം എന്ന പേരിൽ തുടങ്ങിയ സംരംഭം മലയാള മനോരമയുടെ നല്ല പാഠം പദ്ധതിക്കു വേണ്ടി ഹൗസ് ചാലഞ്ച് എന്നു പേരിട്ടു തുടർന്നു. തുടർച്ചയായി നാലു വർഷം നല്ല പാoത്തിന്റെ ജേതാക്കളായി. വീടു നിർമിക്കാൻ സഹായം തേടി പലരും സിസ്റ്ററെ സമീപിച്ചു. സ്കൂളിലെ സ്വന്തമായി വീടില്ലാത്ത കുട്ടികൾക്കാണ് മുൻഗണന. ഇപ്പോൾ വിധവകൾ, ഭിന്നശേഷിക്കാർ, രോഗികൾ തുടങ്ങിയവർക്കും വീടു വച്ചു നൽകുന്നു. സ്കൂൾ സമയം കഴിഞ്ഞാണ് വീടു നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇവർ സമയം കണ്ടെത്തുന്നത്. നാട്ടിലെ സുമനസ്സുകളുടെ സഹായത്തോടെയാണ് വീടു നിർമിക്കുന്നത്.

licy 1

ആദ്യമൊക്കെ സിസ്റ്റർ സൈറ്റിൽ പോയി പണികൾക്ക് നേതൃത്വം നൽകിയിരുന്നു. പിന്നീട് ആ ചുമതല വീട്ടുകാരെ തന്നെ ഏൽപ്പിച്ചു. കാരണം വീടുപണിയോടൊപ്പം കാര്യപ്രാപ്തി കൂടി ഇവർ നേടണമെന്നാണ് സിസ്റ്ററിന്റെ ലക്ഷ്യം. 500-600 ചതുരശ്രയടി വീടുകളാണ് നിർമിച്ചു നൽകുന്നത്. മുക്കാൽ സെന്റിൽ വരെ വീടു വച്ചു നൽകിയിട്ടുണ്ട്‌. സർക്കാരിന്റെ ഭവന നിർമാണ ആനുകൂല്യം ലഭിക്കുന്നവരും സിസ്റ്ററിന്റെ സഹായത്തിനായി സമീപിക്കാറുണ്ട്. സർക്കാർ ആനുകൂല്യം ഘട്ടം ഘട്ടമായാണ് ലഭിക്കുക. സിസ്റ്റർ സംഘടിപ്പിച്ചു നൽകുന്ന പണം കൊണ്ട് പണി പൂർത്തിയാക്കിയ ശേഷം പണം ലഭിക്കുമ്പോൾ തിരിച്ചടയ്ക്കും. മറക്കാനാവാത്ത അനുഭവങ്ങളാണ് ഹൗസ് ചാലഞ്ച് സിസ്റ്റർ ലിസിക്കു പകർന്നു നൽകിയത്. ഭിന്നശേഷിയുള്ള കുട്ടി നല്ല വീടില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുന്നതോടെ എല്ലാവരും ആ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ്. ഇവർക്ക് വാടക വീട് കിട്ടാനും ബുദ്ധിമുട്ടാണ്. ഒരു അറ്റാച്ഡ് ബാത്റൂം ഉള്ള വീട് ലഭിച്ചാൽ അവരുടെ ജീവിതം തന്നെ മാറിമറിയും. അതോടെ ആ കുട്ടി ബാധ്യതയല്ലതായി മാറും. " ഇവിടെയടുത്തുള്ള കോളനിയിലെ പെൺകുട്ടി പറഞ്ഞ വാക്കുകൾ മറക്കാൻ പറ്റില്ല. ഷീറ്റ് വച്ചു മറച്ച കുടിലിലാണ് ജീവിക്കുന്നത്. ജോലിക്കു പോകുമ്പോൾ സാരിയുടുക്കണം. വീടിന് ഉയരമില്ലാത്തതിനാൽ കുനിഞ്ഞു നിന്നാണ് സാരിയുടുക്കുക. അതു മാത്രമല്ല, അടച്ചുറപ്പില്ലാത്തതിനാൽ സ്വകാര്യതയില്ലാത്ത അവസ്ഥയാണ്. വീടു കിട്ടിയപ്പോൾ ഇനി എനിക്ക് പേടിക്കാതെ വസ്ത്രം മാറാമല്ലോ എന്നാണ് ആ കുട്ടി പറഞ്ഞത്. ഗുണനിലവാരമുള്ള സാമഗ്രികളാണ് നിർമാണത്തിനുപയോഗിക്കുന്നത്. നല്ല വീട് കിട്ടുന്നതോടെ ആളുകളുടെ ജീവിത സാഹചര്യം ഉയരുന്നു. ഇപ്പോൾ ഒരു പാട് ആളുകൾ വീടു വച്ചു കൊടുക്കാൻ സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ട്. ഞങ്ങളുടെ ലക്ഷ്യം വിജയം കണ്ടു കഴിഞ്ഞു. " സിസ്റ്റർ പറയുന്നു.

licy3

തുടക്കകാലങ്ങളിൽ പണം ശേഖരിക്കാൻ സിസ്റ്റർ അക്ഷരാർഥത്തിൽ യാചിച്ചിട്ടുണ്ട്. വീടു വയ്ക്കാൻ സ്ഥലമില്ലാത്തവർക്കായി ഭൂദാനം മഹാദാനം എന്ന പദ്ധതിയും തുടങ്ങി. വൈപ്പിനിൽ 72 സെന്റ് ഭൂമി ഈയിടെ ഒരു വ്യക്തി നൽകി. അവിടെ 16 കുടുംബങ്ങൾക്ക് വീടു വച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ്. ഭവനരഹിതരില്ലാത്ത കേരളമാണ് സിസ്റ്ററിന്റെ സ്വപ്നം. അതിനുള്ള മാർഗവും സിസ്റ്റർ മുന്നോട്ടു വയ്ക്കുന്നു. "രണ്ടു കാര്യങ്ങളാണ് വേണ്ടത്. ആദ്യത്തേത് ജനങ്ങളുടെ കൂട്ടായ്മ. ഒരു ദിവസത്തെ വേതനമോ സേവനമോ ഇതിനായി നീക്കി വയ്ക്കാം. അടുത്തതാണ് പ്രധാനം. സർക്കാരിന്റെ ഭവന നിർമാണ പദ്ധതികൾ കൂടുതൽ സുതാര്യമാക്കുകയും ലഘൂകരിക്കുകയും വേണം. ഇപ്പോൾ ആനുകൂല്യം ലഭിക്കാൻ ഒട്ടനവധി കടമ്പകൾ താണ്ടേണ്ടതുണ്ട്. ആ സ്ഥിതി മാറണം." ഇരുട്ടു കണ്ടാൽ അവിടെ ഒരു വിളക്ക് തെളിച്ചു വയ്ക്കണം. അതിൽ എണ്ണ പകരാൻ നന്മയുള്ള ഒരുപാട് മനസ്സുകൾ പിന്നാലെ വരും. ഇതാണ് സിസ്റ്ററുടെ വിശ്വാസപ്രമാണം. സിസ്റ്റർ തെളിച്ച വിളക്കിന്റെ പ്രകാശം ഒരുപാട് ജീവിതങ്ങൾക്ക് വെളിച്ചമായി പരന്നൊഴുകി കൊണ്ടേയിരിക്കുന്നു.

Tags:
  • Vanitha Veedu