Tuesday 18 June 2019 04:19 PM IST : By

ലോകം കൈകൂപ്പിയ കരവിരുത്! വാസ്തുകലയിലെ ഇതിഹാസം ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ നിർമിതികളിലൂടെ

kini

ആർക്കിടെക്ചർ വിദ്യാർഥികൾക്ക് ആധുനിക ലോക വാസ്തുകലയിലേക്കുള്ള ജാലകം തുറക്കുന്നത് പഠനത്തിന്റെ മൂന്നാം വർഷമാണ്. അന്നാണ് ലോകം മുഴുവൻ ആരാധിക്കുന്ന ഫ്രാങ്ക് ലോയ്ഡ് ൈററ്റിനെക്കുറിച്ച് ഞാൻ കൂടുതലായി അറിയുന്നത്. അന്നുതൊട്ട് ആഗ്രഹിക്കുന്നതാണ് അദ്ദേഹത്തിന്റെ നിർമിതികൾ നേരിട്ടു കാണണമെന്ന്.

ആർക്കിടെക്ചറിലെ ഇതിഹാസമാണ് സംഭവബഹുലമായ ജീവിതത്തിനുടമയായിരുന്ന അമേരിക്കൻ ആർക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് (1867–1959). ലോകമെമ്പാടുമുള്ള ആർക്കിടെക്ടുമാരിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു ആർക്കിടെക്ട് ഇല്ല എന്നു തന്നെ പറയാം. ഒട്ടേറെ വാസ്തുശിൽപികൾ അദ്ദേഹത്തെ മാതൃകയാക്കിയിട്ടുണ്ട്. ഡോളറിൽ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തതുൾപ്പെടെ അർഹിക്കുന്ന ആദരവും അംഗീകാരവും അമേരിക്ക അദ്ദേഹത്തിനു നൽകിയിട്ടുമുണ്ട്. റൈറ്റിന്റെ പ്രോജക്ടുകൾ അമേരിക്കൻ ഹെറിറ്റേജ് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജീവിതത്തിൽ നിർബന്ധമായും കാണേണ്ട 20 നിർമിതികളിൽ ഒന്നാണ് ഫോളിങ് വാട്ടർ. റൈറ്റിന്റെ മാസ്റ്റർപീസ് ആണിത്.

വിദ്യാഭ്യാസ വിചക്ഷണൻ, പ്രെയറി ആശയത്തിന്റെയും ഓർഗാനിക് ആർക്കിടെക്ചറിന്റെയും ഉപ‍‍ജ്ഞാതാവ് എന്നിങ്ങനെ പല നിലകളിൽ റൈറ്റ് പ്രസിദ്ധിയാർജിച്ചു. അദ്ദേഹം രൂപം നൽകിയ താലിസീൻ സ്കൂൾ ഓഫ് ആർക്കിടെക്ചറിന്റെ പഠനരീതികൾ തന്നെ വേറിട്ടതായിരുന്നു.

k2
ഗുഗൻഹാം മ്യൂസിയം. ചിപ്പി കമഴ്ത്തിയതു പോലെയുള്ള ഈ കെട്ടിടം പ്രകൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു ഫ്രാങ്ക് ലോയ്ഡ് റൈറ്റ് രൂപകൽപന ചെയ്തതാണ്.

ഷിക്കാഗോയിലെ വിസ്മയങ്ങൾ

2003 ൽ പഠനയാത്രയുടെ ഭാഗമായി താലിസീൻ സ്കൂൾ സന്ദർശിക്കാനിടയായി. റൈറ്റിന്റെ നിർമിതികൾ കാണുക എന്ന ആഗ്രഹം അതോടെ ശക്തമായി. കുറച്ചു വർഷം കഴിഞ്ഞ് അമേരിക്കയിലെ ഷിക്കാഗോ നഗരം സന്ദർശിക്കാനുള്ള അവസരം കിട്ടിയപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ചാടിപ്പുറപ്പെട്ടു. കാരണം, റൈറ്റിന്റെ നിർമിതികളുടെ കേന്ദ്രമാണ് ഷിക്കാഗോയും പരിസരങ്ങളും.

ഷിക്കാഗോയിൽ ഉച്ചയോടു കൂടിയാണ് ഞങ്ങളെത്തിയത്. ഷിക്കാഗോ റിവർ ക്രൂസിനാണ് ആദ്യം പോയത്. വാസ്തുകലയിലെ പ്രശസ്തവും പ്രധാനവുമായ നാൽപതോളം കെട്ടിടങ്ങളാണ് മിഷിഗൺ നദിയുടെ ഇരുവശങ്ങളിലുമായുള്ളത്. ലേക് പോയിന്റ് ടവർ തൊട്ട് നേവി ഫെയർ വരെയുള്ള ഈ യാത്രയിൽ അയോൺ സെന്റർ, റിഗ്ളി ബിൽഡിങ്, ഈസ്റ്റ് ബാങ്ക് ക്ലബ്, ജോണ്‍ ഓൾഡ് പോസ്റ്റ് ഓഫിസ് കെട്ടിടം, വില്ലീസ് ടവർ തുടങ്ങിയ വാസ്തുവിസ്മയങ്ങൾ കാണാം.

k1
ഫോളിങ് വാട്ടർ. 1935ൽ പണിതു. 2885 ചതുരശ്രയടി. ഡിപാർട്മെന്റ് സ്റ്റോർ നടത്തിപ്പുകാരായ എഡ്ഗറിനും ലിലിയാനയ്ക്കും വേണ്ടി വെള്ളച്ചാട്ടത്തിനു മുകളിൽ പണിത വീട് വാസ്തുകലയിലെ അദ്ഭുതമാണ്.

ഫ്രാങ്ക് ലോയ്ഡിന്റെ ഗുരുവായ ലൂയി സള്ളിവന്റെ നിർമിതികളാണ് ഷിക്കാഗോയിൽ അധികവും. ബിയോക്സ് ആർട് ശൈലിയിൽ നിർമിച്ച ആർട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോ, ബയാർഡ് കോൺഡിക്ട് ബിൽഡിങ്, സാമുവൽസ് ആൻഡ് മർച്ചന്റ്സ് യൂണിയൻ ബാങ്ക്, കാർട്ടൻ ഡിയറി ആൻഡ് സ്കോട്ട് കമ്പനി ബിൽഡിങ് എന്നിവയിലൊക്കെ സള്ളിവന്റെ കരവിരുത് കാണാം. ഗ്ലാസിന്റെ ഉപയോഗം, ഇലക്ട്രിക് ബൾബ് കൊണ്ടുള്ള അലങ്കാരങ്ങൾ, സിമന്റ് കൊണ്ടുള്ള മോൾഡഡ് ആർട് വർക് തുടങ്ങി മോഡേൺ ആർക്കിടെക്ചറിന്റെ പല ഘടകങ്ങളും ഇവയിൽ കാണാൻ കഴിയും. ഈ കളരിയിൽ നിന്നു സ്വായത്തമാക്കിയ പാഠങ്ങളാണു റൈറ്റിനു മുതൽക്കൂട്ടായതെന്ന് ഇവ കാണുമ്പോൾതന്നെ മനസ്സിലാകും.

ഇവിടെ തന്നെയാണ് അമേരിക്കയിലെ ഏറ്റവും വിജയകരമായ പബ്ലിക് സ്പേസ് എന്നു പറയാവുന്ന ഗ്രാൻഡ് പാർക്. മിലേനിയം പാർക്കിന്റെ ഒരു ഭാഗത്തായി 312 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാൻഡ് പാർക് 1835 ൽ ഡിസൈൻ ചെയ്തതാണ്. സമകാലിക ശൈലിയുടെ മാതൃകകളായ മാഗി ഡാലി പാർക് , ജയ് പ്രിറ്റ്സ്കർ പവിലിയൻ, ഫ്രാങ്ക് ജെറി ഡിസൈൻ ചെയ്ത ബാൻഡ് ഷെൽ, ഇന്ത്യക്കാരനായ അനീഷ് കപൂർ രൂപകൽപന ചെയ്ത ക്ലൗഡ് ഗെയ്റ്റ് സ്കൾപ്ചർ തുടങ്ങിയവയാണ് ഗ്രാൻഡ് പാർക്കിലെ വിസ്മയങ്ങൾ. കാഴ്ചക്കാരിൽ ആരുടെയെങ്കിലും മുഖം പൊടുന്നനെ തെളിഞ്ഞു വരുന്ന ക്രൗൺ ഫൗണ്ടൻ വിഡിയോ സ്കൾപ്ചർ സന്ദർശകരിൽ ഉളവാക്കുന്ന കൗതുകവും ചില്ലറയല്ല. കാഴ്ചകൾ ആസ്വദിച്ച് നീങ്ങുമ്പോഴാണ് ലോറി ഗാർഡന് അരികിൽ പെരുമ്പാമ്പ് പോലെ പിണഞ്ഞു കിടക്കുന്ന പെഡസ്ട്രിയൻ ബ്രിജ് കണ്ണിൽപ്പെട്ടത്. കന്റെംപ്രറി ശൈലിയും ലാൻഡ്സ്കേപും ഇഴചേർന്ന ഓപൻ സ്പേസിന് ഉത്തമോദാഹരണമാണ് ഈ പാലം.

k4
ഓക്പാർക്കിലെ, പ്രെയറി ശ്രേണിയിലുള്ള വീട്.

ഓക്പാർക്കിലേക്ക്

അടുത്ത ദിവസം ഞങ്ങൾ പോയത് ഷിക്കാഗോയിലെ ഓക്പാർക്കിലേക്കാണ്. ഫ്രാങ്ക് ലോയ്ഡ് റൈറ്റ് എന്ന ആർക്കിടെക്ട് രൂപപ്പെടുന്നത് ഷിക്കാഗോയിലാണ്. ഗുരുവായ ലൂയി സള്ളിവന്റെ ഓഫിസും ഇവിടെയായിരുന്നു. ഓക്പാർക്കിനെ, റൈറ്റിന്റെ പരീക്ഷണശാലയെന്ന് വിശേഷിപ്പിക്കാം. പ്രെയറി ശൈലിയുടെ ഉപജ്ഞാതാവായ റൈറ്റിന്റെ മൂശയിൽ വാർത്തെടുത്ത ആദ്യ പ്രെയറി കെട്ടിടമായ വിൻസ്ലോ ഹൗസ് ഉൾപ്പെടെ അദ്ദേഹത്തിന്റെ പതിനഞ്ചോളം പ്രോജക്ടുകളാണ് ഇവിടെയുള്ളത്.

റൈറ്റിന്റെ സ്വന്തം വീടും ഓക്പാർക്കിൽ തന്നെ. സാധനങ്ങളെല്ലാം അടുക്കോടെയും ചിട്ടയോടെയും സൂക്ഷിച്ചിരിക്കുന്ന അവിടെ റൈറ്റും കുടുംബവും ഇപ്പോഴും ജീവിക്കുന്നതായി തോന്നി. അതിലൂടെ നടന്നപ്പോൾ അവർ ഭക്ഷണം കഴിക്കുന്നതും കളിചിരികളിലേർപ്പെടുന്നതുമെല്ലാം എന്റെ കൺമുന്നിലൂടെ കടന്നുപോയി. ഒരുതരം ഭ്രമാത്കമായ അവസ്ഥ.

k5
ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ വസതി.

കെട്ടിടം രൂപകൽപന ചെയ്തതോടെ പണി തീർന്നു എന്നു കരുതുന്ന ആളല്ല റൈറ്റ്. അതിൽ ഉപയോഗിക്കുന്ന കട്ടിൽ, മേശ, കർട്ടൻ, റണ്ണർ, ബെഡ്ഷീറ്റ് എന്തിന് കോസ്റ്ററിൽ വരെ റൈറ്റിന്റെ കരസ്പർശമുണ്ടാകും.

റൈറ്റിന്റെ മതവിശ്വാസത്തിലുള്ളവർക്കായി നിർമിച്ച യൂണിറ്റി ടെംപിൾ ഇവിടെയാണ്. അമേരിക്കയിൽ എക്സ്പോസ്ഡ് ബ്രിക് കൊണ്ട് ഡിസൈൻ ചെയ്ത ആദ്യത്തെ പള്ളിയും പബ്ലിക് സ്പേസും ഇതാണ്. നതാൻജി മൂർ, ലോറ ഗെയ്ൽസ് ഹൗസ്, ആർതർ ഹൗസ് എന്നിങ്ങനെ ഒരുപറ്റം സ്വകാര്യ വീടുകളും ഓക്പാർക്കിൽ കാണാം. എല്ലാം ഒന്നിനൊന്ന് െമച്ചം. കണ്ണാടിയുടെ ചില്ലിൽ വരെ ലോയ്ഡിന്റെ ഭാവനാസ്പർശം കാണാം. കെട്ടിടം മാത്രമല്ല, അതിന്റെ പരിസരം കൂടി ഡിസൈനിന്റെ ഭാഗമായി മാറുന്ന വശ്യമായ ശൈലി എത്ര കണ്ടാലും മതിയാകില്ല.

ഇത്രയുമാകുമ്പോൾ എന്തായാലും റൈറ്റിനെ കൂടുതൽ കാണണമെന്ന് തോന്നിപ്പോകും. അവിടെ നിന്ന് ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ, പ്രെയറിശൈലിയുടെ മൂർത്തിമദ്ഭാവമായ റൂബി ഹൗസിലേക്കാണ് പോയത്. അടുത്തത് ഫോളിങ് വാട്ടർ. ലോയ്ഡിന്റെ മാസ്റ്റർപീസ്! സൗത് വെസ്റ്റ് പെൻസിൽവാനിയയിൽ കാടിനു നടുക്കുള്ള ഈ വീട്ടിൽ പ്രെയറി ശൈലിയിൽ നിന്ന് ഓർഗാനിക് ആർക്കിടെക്ചറിലേക്കുള്ള റൈറ്റിന്റെ കൂടുമാറ്റമാണ് കാണാൻ കഴിയുക. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിനോടു ചേർന്നുള്ള ഗുഗൻഹാം മ്യൂസിയം എന്ന ആർട് സെന്ററിലെ സന്ദർശനത്തോടെ റൈറ്റിന്റെ നിർമിതികളിലൂടെയുള്ള തീർഥാടനം അവസാനിച്ചു.

k333
ആദ്യത്തെ പ്രെയറി കെട്ടിടം, വിൻസ്ലോ ഹൗസ്.

അമേരിക്കയുടെ മായക്കാഴ്ചകൾക്കിടയിലും ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ പ്രതിഭയെ അറിഞ്ഞ ദിവസങ്ങൾ മറക്കാൻ കഴിയില്ല. വാസ്തുവിദ്യാസങ്കൽപത്തെ മാറ്റിമറിച്ച, വാസ്തുകലയോട് അഭിനിവേശവും ബഹുമാനവും അരക്കിട്ടുറപ്പിച്ച ആ പത്തു ദിവസത്തെ ത്രസിപ്പിക്കുന്ന ഓർമകൾ ഒരിക്കലും മായില്ല, ഉറപ്പ്. ■

ആർക്കിടെക്ട് ഡോ. മനോജ് കിനി

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ അർബൻ ഡിസൈൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു. ദുരന്ത നിവാരണ വിദഗ്ധൻ കൂടിയാണ്.