വീടുമായി അടുത്ത ബന്ധമുള്ള 16 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പുരുഷൻ ശിലാസ്ഥാപനം നടത്തുന്നതാണ് ഉത്തമം. വീടിന്റെ തെക്കുപടിഞ്ഞാറ് കന്നിമൂല അഥവാ നിരൃതികോണിലോ ഉദയരാശിയുടെ പത്താംരാശിയിലോ കല്ലിടാം.
ഗൃഹനാഥന്റെ ജന്മനാൾ അടിസ്ഥാനമാക്കി ജ്യോതിഷശാസ്ത്ര പ്രകാരമാണ് ശിലാസ്ഥാപനത്തിനുള്ള മുഹൂർത്തം നിശ്ചയിക്കേണ്ടത്. ജന്മമാസം കല്ലിടലിന് അനുയോജ്യമല്ല. ഗൃഹനാഥ ഗർഭിണി ആയിരിക്കുന്ന അവസ്ഥയിലും കല്ലിടൽ നടത്താറില്ല. കോൺരാശികളായ മീനം, കന്നി, ധനു, മിഥുനം എന്നിവയും കർക്കടകവും കല്ലിടലിന് തിരഞ്ഞെടുക്കാറില്ല.
തലേദിവസം വാസ്തുബലി പൂർത്തിയാക്കി സൂര്യോദയത്തിനു മുൻപ് ഗണപതിഹോമവും നടത്തിയ ശേഷം ഉത്തമ മുഹൂർത്തത്തിൽ ശിലാന്യാസം അഥവാ കല്ലിടൽ കർമ്മം നിർവഹിക്കുന്നതാണ് ഉത്തമം. സമചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ കൊത്തിയെടുത്ത കല്ല് വേണം അടിസ്ഥാനശിലയായി ഉപയോഗിക്കാൻ. ഇത് മുൻപ് ഉപയോഗിച്ചതാകരുത്.
വീടിന്റെ തെക്കുപടിഞ്ഞാറ് കന്നിമൂല അഥവാ നിരൃതികോണിലോ ഉദയരാശിയുടെ പത്താംരാശിയിലോ കല്ലിടാം. ഉച്ചയ്ക്ക് മുൻപാണെങ്കിൽ കിഴക്ക് അഭിമുഖമായും ഉച്ചയ്ക്കു ശേഷമാണെങ്കിൽ പടിഞ്ഞാറ് അഭിമുഖമായും നിന്ന് വേണം കല്ലിടാൻ. നിലവിളക്ക് തെളിച്ച ശേഷം കല്ലിടുന്നതാണ് ഉത്തമം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. മനോജ് എസ്. നായർ