Wednesday 12 December 2018 12:20 PM IST : By വിജീഷ് ഗോപിനാഥ്

’ഹീറോ എന്ന വാക്ക് ചേരുക പുരുഷന് മാത്രമല്ല, എന്റെ ഹീറോകളെല്ലാം സ്ത്രീകളാണ്!’

gouthami ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

കമൽഹാസൻ എന്ന വൻമരച്ചുവട്ടിൽ നിന്നിറങ്ങി പോരുമ്പോൾ സ്വപ്നങ്ങളുടെ വലിയ സാമ്രാജ്യം കൂട്ടിനുണ്ടായിരുന്നു. ഇത് ഗൗതമിയുടെ പുതുജീവിതം!

ചെന്നൈയിൽ നിന്നു പോണ്ടിച്ചേരിയിലേക്കുള്ള റോഡിൽ അൽപം മാറി ഗൗതമിയുടെ  പുതിയ ഒാഫിസ്. മുറ്റത്ത് ചെത്തിയും ചെമ്പരത്തിയും മുല്ലയും തളിർത്തു തുടങ്ങിയിരിക്കുന്നു. തണൽ വിരിച്ച നാട്ടുമാവ് നേരത്തെ പൂവിട്ടിട്ടുണ്ട്. വീടുമാറിയപ്പോൾ കൊണ്ടുവന്ന വലിയ പേപ്പർ ബോക്സുകളും  ഫ്രെയിം ചെയ്ത ഫോട്ടോകളും മുറിക്കുള്ളിൽ നിരത്തി വച്ചിരിക്കുന്നു. പുതുജീവിതം തുടങ്ങുന്നതിന്റെ ചിത്രങ്ങൾ എങ്ങും.

ഗെയ്റ്റ് കടന്നുവന്ന കറുപ്പു നിറത്തിലുള്ള കാറിന്റെ പിൻസീറ്റിൽ നിന്ന് ഗൗതമി ഇറങ്ങിവരും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, ആത്മവിശ്വാസം കൊണ്ട് ജ്വലിക്കുന്ന മുഖത്തോടെ ഡ്രൈവിങ് സീറ്റിൽ നിന്ന് ഗൗതമി ഇറങ്ങുന്നു. മുറ്റത്ത് പെൺകരുത്തിന്റെ സൂര്യൻ ഉദിച്ചതു കണ്ട് അരികിൽ നിന്നവരുടെ മുഖം തിളങ്ങി. കൈകൂപ്പി കാറിനരികിലേക്ക് ചെന്ന സ്ത്രീയോട് മക്കളുടെ പഠനകാര്യങ്ങൾ ചോദിച്ച് മുഖത്തു തലോടി അകത്തേക്ക് നടന്നു... ഉറപ്പാണ്, പ്രതിസന്ധികളുടെ കൊടുങ്കാറ്റിന് ഗൗതമിയെ ഒന്നു തൊടാൻ പോലുമായിട്ടില്ല...
ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നതു കേട്ടപ്പോൾ പുഞ്ചിരിവിളക്കിലെ തിരി ഒന്നു കൂടി നീട്ടിവച്ച് ഗൗതമി പറഞ്ഞു–

‘‘അപ്പയുടെയും അമ്മയുടെയും  തണലിലായിരുന്നു ഞാൻ. കൗമാരവും യൗവനവുമൊക്കെ കടന്നുപോയപ്പോഴും മനസ്സുകൊണ്ട് ‍ബാല്യത്തിൽ തന്നെയായിരുന്നു. ഒന്നുമറിയാതെ വളർന്നു. വൈകാരികമായി അത്രയ്ക്ക് അടുപ്പമായിരുന്നു. ആ സ്നേഹക്കൂടാരം മുപ്പതു വയസ്സു വരെ ഉണ്ടായിരുന്നുള്ളു. ഒരു വർഷത്തെ വ്യത്യാസത്തിന് രണ്ടു പേരും യാത്രയായി. ആ തണൽ മാഞ്ഞപ്പോഴാണ് ഞാനൊറ്റയ്ക്ക് വളരാൻ തുടങ്ങിയത്. മുപ്പതു വയസ്സു കഴിഞ്ഞെങ്കിലും എനിക്കപ്പോൾ പത്തു വയസ്സുള്ള കുട്ടിയുടെ മനസ്സായിരുന്നു. പിന്നെ, ‍ഞാൻ ജീവിതം പഠിക്കുകയായിരുന്നു.’’

കടുത്ത തീരുമാനങ്ങളെടുത്ത വർഷമായിരുന്നല്ലേ കഴിഞ്ഞു പോയത്?

ഒരുപാടു പ്രയാസങ്ങളുണ്ടായിരുന്നു. പക്ഷേ, അതിൽ പുതുമയൊന്നും തോന്നിയില്ല. മുൻവർഷങ്ങളിലും സമാനമായ വേദനകൾ ഞാനനുഭവിച്ചിട്ടുണ്ട്. കുറച്ചു നല്ല ദിവസങ്ങൾ വരും വീണ്ടും കുറേ മോശം ദിവസങ്ങളെത്തും. കുറേ വർഷങ്ങളായി ജീവിതം ഇങ്ങനെയാണ്. ഈ കാലങ്ങളിലൊക്കെയും  തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. കമൽഹാസനും  ഞാനും ഇനി ഒരുമിച്ചല്ല എന്ന വാർത്ത ആയിരം പേർ രണ്ടായിരം രീതിയിലാണ് പറഞ്ഞു പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും പലരീതിയിൽ വ്യാഖ്യാനിച്ചു. എന്റെ ജീവിതത്തിൽ‌ എന്താണു സംഭവിക്കുന്നതെന്ന് തുറന്നു പറയേണ്ട ആൾ ഞാൻ തന്നെയാണ്. 

പൊതു ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നതു കൊണ്ടുതന്നെ എന്റെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്ന് അവർക്കുമുന്നിൽ തുറന്നു പറയേണ്ടിവരും. അതുകൊണ്ടാണ് വേർപിരിയലിനെക്കുറിച്ച് ബ്ളോഗിൽ ആ കുറിപ്പ് തയാറാക്കിയത്. ‌സിംപതി ആഗ്രഹിച്ചോ കുറ്റപ്പെടുത്തിയോ അല്ല ഇത്തരമൊരു കുറിപ്പു തയാറാക്കിയത്. കുറച്ചു വർഷങ്ങൾക്കു മുമ്പേ ഈയൊരു കടുത്ത തീരുമാനത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. ജീവിതത്തിൽ എടുത്ത ഏറ്റവും വേദനിപ്പിക്കുന്ന തീരുമാനം, ആരെ സംബന്ധിച്ചും ലളിതമായ ഒന്നായിരിക്കില്ലല്ലോ. മാറ്റം എന്നത് ഒാരോ വ്യക്തിക്കും അനിവാര്യമായ ഒന്നു തന്നെയാണ്. പൊരുത്തപ്പെടാനാകാത്ത സാഹചര്യങ്ങളുണ്ടാകുമ്പോൾ മനസ്സു തന്നെ മറ്റൊരു സാഹചര്യത്തിലേക്ക് മാറാനുള്ള സൂചനകൾ തന്നുകൊണ്ടിരിക്കും.

കമൽഹാസൻ എന്ന വ്യക്തി എങ്ങനെയാണ് ഗൗതമിയുടെ ജീവിതത്തെ സ്വാധീനിച്ചത്?

എന്റെ മാതാപിതാക്കൾ പോലും എന്നെ സ്വാധീനിച്ചിട്ടില്ല. അവർ എന്നെ ഞാനായിട്ടാണ് വളർത്തിയത്. നോക്കൂ, എല്ലാ ബഹുമാനത്തോടെയും പറയട്ടെ ആ വാതിൽ ഞാൻ അടച്ചതാണ്. ഇനി അതിനെക്കുറിച്ചു സംസാരിക്കണ്ട. അതൊരു പാർട്ണർഷിപ് ആയിരുന്നു. ഒന്നിച്ച് ഒരു പാതയിൽ സഞ്ചരിച്ച രണ്ടുപേർ. ഒരു പ്രത്യേക ബിന്ദുവിലെത്തിയപ്പോൾ രണ്ടുപേരുടെയും വഴി ഒന്നല്ല എന്നു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് പിരിയാൻ തീരുമാനിച്ചത്.

പതിമൂന്നു വർഷത്തിനു ശേഷമാണ് ഞാനാ തീരുമാനത്തിലേക്ക് എത്തിയത്. തീർത്തും പ്രയാസം നിറഞ്ഞ തീരുമാനം. അതും  ഈ പ്രായത്തിൽ. എല്ലാവരും ജീവിതത്തിൽ ‘സെറ്റിൽ’ ചെയ്യുന്ന സമയമാണിത്. ആ സമയത്താണ് ജീവിതം തന്നെ ഞാൻ വീണ്ടും തുടങ്ങുന്നത്. ഇതൊരു വെല്ലുവിളി ആണ്. അത് ‍ഞാനിഷ്ടപ്പെടുന്നു, ഏറ്റെടുക്കുന്നു.
ഇതല്ലാതെ മറ്റൊരു വഴി എനിക്കു മുന്നിലുണ്ടായിരുന്നില്ല. ഞാനൊരമ്മയാണ്. മകൾക്കുമുന്നിൽ ഒരു നല്ല അമ്മയായി ആ ചുമതല നല്ല രീതിയിൽ നിർവഹിക്കണം. സിനിമയിലെത്തുമ്പോൾ കമൽഹാസന്റെ  വലിയ ആരാധികയായിരുന്നു ഞാൻ. ഇപ്പോഴും അദ്ദേഹത്തിന്റെ നേട്ടങ്ങളും കഴിവും ആസ്വദിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ഞാനത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

പഴയ ജീവിതം തുടരാൻ എന്നെക്കൊണ്ടു ചെയ്യാവുന്നതെല്ലാം ചെയ്തു. നിലവിലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്ന് കുറേ ആലോചിച്ചു. പറ്റില്ല എന്നു തിരിച്ചറിഞ്ഞു. കുറച്ചുനാൾ കൂടി സഹിക്കാമോ എന്നാലോചിച്ചു. അതിനും കഴിയില്ല എന്നുറപ്പായി. അതുകൊണ്ടുതന്നെ കുറ്റബോധമില്ല, ആരെയും കുറ്റപ്പെടുത്തുന്നുമില്ല. ഒാരോരുത്തരും ഒാരോ വ്യക്തികളാണ്. ഞാനിപ്പോൾ എന്താണോ ഇനിയും അതുതന്നെയാണ് ഞാൻ. ആ അധ്യായം നമുക്ക് അടച്ചു വയ്ക്കാം.

gauthami3

ഒരു സിനിമ പോലെയാണ് ഗ‍ൗതമിയുടെ ജീവിതം. ഒരുപാടു ട്വിസ്റ്റുകൾ... അങ്ങനെ തോന്നിയിട്ടില്ലേ?

ഉറപ്പായും. നാടകീയമാണ് ജീവിതമെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപാടു കയറ്റിറക്കങ്ങൾ, വഴിമാറലുകൾ.  എനിക്കു മുന്നിൽ ഏന്തൊക്കെ പ്രതിസന്ധികൾ വന്നാലും ഞാനതിനെ നേരിട്ടു എന്ന കാര്യത്തിലാണ് സന്തോഷം തോന്നുന്നത്. സന്തോഷമോ സങ്കടമോ വേദനയോ എന്തുമുണ്ടായിക്കോട്ടെ, നേരിടുകയാണ് വേണ്ടതെന്ന്  തിരിച്ചറിഞ്ഞു. ഒാടി രക്ഷപ്പെടാനോ കണ്ടില്ലെന്നു നടിക്കാനോ തയാറായില്ല. ഒാരോ പ്രതിസന്ധികൾ വരുമ്പോഴും എനിക്കതിനെ മറികടക്കാനാകില്ല എന്ന തോന്നൽ ഉണ്ടായിട്ടില്ല. ഏതു വേദനയ്ക്കും ഒരു മരുന്നുണ്ട്. വേദന സഹിക്കണോ അതോ മരുന്നു കഴിച്ച് മാറ്റണോ എന്ന തീരുമാനമെടുക്കേണ്ടത് നമ്മൾ തന്നെയല്ലേ?

ജീവിതത്തെ ഇങ്ങനെ പൊസിറ്റീവായി കാണാൻ എന്തൊക്കെയാണു ചെയ്യാറുള്ളത്?

ഒരൊറ്റ ജീവിതമല്ലേയുള്ളൂ. പ്രതിസന്ധിയുണ്ടാകുമ്പോൾ നമുക്കു മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ ഇടതു വശത്തെ വഴിയിലൂടെ പോകാം. അവിടെ പ്രശ്നങ്ങൾ ഒരുപാടുണ്ടാകും. എങ്കിലും ലക്ഷ്യം മികച്ചതായിരിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും. അടുത്ത വഴി വലത്തേയ്ക്കാണ്. അവിടെ വലിയ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ നമ്മളൊരുപാടു സഹിക്കേണ്ടിവരും. ലക്ഷ്യം തന്നെ മറന്ന് പലതും ബലികൊടുത്ത് അനാവശ്യമായി വിട്ടു വീഴ്ചകൾ ചെയ്ത് ജീവിച്ചു മരിക്കാം. ഇതിൽ ഏതാണു നിങ്ങൾക്കു വേണ്ടത്? അതോ രണ്ടു വഴിക്കും പോകാതെ വഴിയരികിലിരുന്ന് കരഞ്ഞു തീർക്കണമോ? അവിടെയാണ് തീരുമാനമെടുക്കേണ്ടത്.

നമുക്കുള്ളിൽ നിന്ന് ഒരു തോന്നലുണ്ടാകും. ഇതാണു നിന്റെ വഴി എന്ന് ആ ഉൾവിളി പറഞ്ഞുതരും. ആ തോന്നലിനു വേണ്ടി കാതോർത്തിരിക്കണം. വളരെ വൈകിയാണ് ആ ശബ്ദം  ഞാൻ തിരിച്ചറിഞ്ഞത്. ജീവിതത്തിൽ വലിയ വേദനകൾ അനുഭവിച്ചിട്ടുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളെക്കുറിച്ച്  ആലോചിക്കാൻ പറ്റാത്ത അത്ര വേദന. ശ്വാസമെടുക്കാൻ പോലും  ബുദ്ധിമുട്ടുള്ളതു പോലെ തോന്നിയിരുന്നു. എങ്കിലും എല്ലാം മറികടന്നു. മനുഷ്യന്റെ ഏറ്റവും സുന്ദരമായ കഴിവാണ ത്. ജീവിക്കാനുള്ള ആഗ്രഹത്തിൽ ഏതു വേദനയെയും പരാജയപ്പെടുത്തും. എനിക്ക് മുന്നോട്ടു പോയേ പറ്റൂ. മനസ്സിലെ ലക്ഷ്യത്തിലേക്കെത്തണം. വിട്ടുവീഴ്ചകൾ ചെയ്താൽ എത്രകാലം സന്തോഷമില്ലാതെ ജീവിക്കാനാകും? അങ്ങനെയുള്ള ജീവിതത്തെ ജീവിതമെന്നു വിളിക്കാനാവുമോ?

സിനിമ തന്ന നല്ല ഒാർമകൾ എന്തൊക്കെയാണ്?

അഭിനയത്തിൽ മാത്രമല്ല, പത്തു വർഷത്തോളം സിനിമയുടെ പിന്നണിയിലും പ്രവർത്തിച്ചു. ദശാവതാരത്തിലാണ് ആദ്യമായി കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. ഒരുപാടു വെല്ലുവിളികൾ ഉണ്ടായിരുന്നു. എങ്കിലും അഭിനയത്തിനോട് എനിക്കൊരിത്തിരി ഇഷ്ടക്കൂടുതലുണ്ട്. അതിൽ ഞാൻ തന്നെയാണ് എന്റെ വിജയത്തിനും പരാജയത്തിനും കാരണം. എന്തുകൊണ്ടു  പരാജയപ്പെട്ടു എന്തുകൊണ്ടു വിജയിച്ചു എന്നുള്ളതിനു ഞാൻ തന്നെയാണ് ഉത്തരം നൽകേണ്ടത്. മറ്റു പല ജോലികളിലും ഒരു കൂട്ടം ആൾക്കാർ ഉണ്ടായിരിക്കും. ജയവും തോൽവിയും അവരോടും കൂടി ബന്ധപ്പെട്ടിരിക്കുന്നു.

ആദ്യ മലയാള സിനിമയായ ‘ഹിസ് ഹൈനസ് അബ്ദുള്ള’യിൽ അഭിനയിക്കാനെത്തുമ്പോൾ കുഞ്ഞുകുട്ടിയോടുള്ള കരുതലും സ്നേഹവും എനിക്കു കിട്ടി. പദ്മനാഭപുരം പാലസിലെ ആദ്യദിനം നല്ല ഒാർമയുണ്ട്. സുകുമാരി ചേച്ചി, കെ പിഎസി ലളിതചേച്ചി, നെടുമുടി വേണുഏട്ടൻ എല്ലാവരും ഉണ്ട്. എനിക്ക് മലയാളം അറിയില്ലായിരുന്നു. എങ്കിലും ആ സിനിമയോടെ ‘നായരുകുട്ടിയായി’ മലയാളികൾ എന്നെ സ്വീകരിച്ചു. ഇപ്പോഴും ധ്രുവത്തിലെ മൈഥിലിയെ കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടമാണ്. മേക്കപ് അധികമില്ലാത്ത ഒരു പാവം പെൺകുട്ടി.

പാപനാശത്തിൽ കമൽ –ഗൗതമി ജോ‍ഡി ഏറെ നാൾക്ക് ശേഷമായിരുന്നില്ലേ?

ആ ജോഡിയല്ല സിനിമയിലെ പ്രധാന ആകർഷണം. മലയാളത്തിൽ ഹിറ്റ്ചാർട്ടിലിടം പിടിച്ച ദൃശ്യം, അത് തമിഴിലേക്കെടുക്കുന്നു. അതായിരുന്നു ഞാൻ കണ്ട പ്രധാന്യം. സിനിമയുടെ കാര്യങ്ങൾ സംസാരിക്കാനെത്തിയവരോട് ഞാനാദ്യം പറഞ്ഞതും അതുതന്നെയായിരുന്നു. ആ കഥാപാത്രം അവതരിപ്പിക്കാൻ എന്നെയാണുദ്ദേശിച്ചതെങ്കിൽ വരാം. മറിച്ച് ‘കമൽ–ഗൗതമി’ ജോഡിവച്ച് ഒരു സിനിമയാണ് ഉദ്ദേശമെങ്കിൽ താൽപര്യമില്ല. സംവിധാകൻ ജിത്തു ജോസഫ് വളരെ പൊസിറ്റീവായ സംവിധായകനാണ്. അത്രയും ആത്മാർഥതയോടെയാണ് അദ്ദേഹം സിനിമയെ കാണുന്നത്. പലപ്പോഴും നായകനും നായികയും അഭിനയിക്കുമ്പോൾ അതേ ഭാവം അദ്ദേഹത്തിന്റെ മു ഖത്തും തെളിയുന്നതു കാണാം. വൈകാരിക നിമിഷങ്ങളിൽ കണ്ണു നിറയും. കോമഡി സീനുകളിൽ പൊട്ടിച്ചിരിക്കും.

കുമളിയിലെ ആ ചെറിയ വീടും കുട്ടിക്കാലവുമൊക്കെ ഇപ്പോഴും ഊർജം പകരുന്നില്ലേ?

ടീ എസ്റ്റേറ്റിലെ ഡോക്ടർമാരായിരുന്നു അച്ഛനും അമ്മയും. രണ്ടാം ക്ലാസു വരെ ഞാൻ വണ്ടിപ്പെരിയാറിലുള്ള സെന്റ് പയസ് സ്കൂളിലാണ് പഠിച്ചത്. കഥകളിലൊക്കെ ഉള്ളതുപോലെ ഒരു വീട്ടിലായിരുന്നു താമസം. പച്ചക്കുന്നിനു മുകളിലെ എസ്റ്റേറ്റ് ബംഗ്ലാവ്. നിറയെ പൂക്കൾ, ശലഭങ്ങൾ... വർഷങ്ങൾക്കുശേഷം ഈ സ്ഥലങ്ങളൊക്കെ ഞാൻ കാണുന്നത് പാപനാശം സിനിമയുടെ ഷൂട്ടിനായി തൊടുപുഴയിലേക്കു വന്നപ്പോഴാണ്. കാരൈക്കുടിയിൽ നിന്ന് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് പോയത്. മറക്കാനാകാത്ത യാത്രയായിരുന്നു അത്.
കുമളി കഴിഞ്ഞപ്പോൾ ഞാൻ പഠിച്ച സ്കൂളിൽ പോകാൻ തീരുമാനിച്ചു. വൈകുന്നേരമായിരുന്നു. സ്കൂൾ ഗെയ്റ്റ് പൂട്ടിയിരുന്നതു കൊണ്ട് അകത്തേക്കു കയറാൻ പറ്റിയല്ല. പുറമെ നിന്നു കണ്ടു. പുതിയ കെട്ടിടങ്ങളൊക്കെ വന്നിട്ടുണ്ട്. എങ്കിലും ആ പഴയ സ്കൂളിന് ഒരു മാറ്റവുമില്ല. ഒരുപാടു നല്ല ഒാർമകൾ.

മഴവില്ലു പോലെയുള്ള കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. പെൺകുട്ടി ആയതു കൊണ്ട് കുറേ സൗജന്യങ്ങൾ, കുറേ നിയന്ത്രണങ്ങൾ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പറയുന്നതിനനുസരിച്ച് മാത്രം ജീവിതം ചിട്ടപ്പെടുത്തണം എന്ന ചിന്തയും മാതാപിതാക്കൾക്കുണ്ടായിരുന്നില്ല. ആ വളർത്തൽ രീതി എന്നെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

Subbulakshmi & Gowthami @ Uttama Villain Audio Release Photos

കൗമാരക്കാരിയുടെ അമ്മ.  പേരന്റിങ്  രീതികൾ എന്തൊക്കെയാണ്?

മകൾ ശുഭലക്ഷ്മി പ്ലസ്ടു കഴിഞ്ഞു. പഠനത്തിനായി യുഎസിൽ പോകാൻ തയാറെടുക്കുന്നു. മകളെ ഞാൻ ‘നോ’ പറയാനാണ് ആദ്യം പഠിപ്പിച്ചത്. മനസ്സിനേൽക്കുന്ന പല വൈകാരിക മുറിവുകൾക്കും കാരണം ആ വാക്ക് പറയാനറിയാത്തതാണെന്നു തോന്നിയിട്ടുണ്ട്. എന്റെ തുടർച്ചയാകരുത് മകൾ. അവൾ മറ്റൊരു വ്യക്തിയായിരിക്കണം. അതാണ്  എന്റെ പേരന്റിങ്. എനിക്ക് ചില തെറ്റുകൾ പറ്റിയിട്ടുണ്ട് അതേ തെറ്റുകൾ മകൾ ആവർത്തിക്കരുതല്ലോ. പുതിയ തെറ്റുകൾ തിരിച്ചറിഞ്ഞ് അവൾ അതിൽ നിന്നു മാറി നടക്കാൻ സ്വയം പരിശീലിക്കണം.

എന്റെ മാതാപിതാക്കൾ എന്നെ ഞാനായിട്ടാണു വളർത്തിയത്. മകളെയും ഞാനതുപോലെയാണ് വളർത്തുന്നത്. അവളുടെ കൂട്ടുകാർ പല കാര്യങ്ങൾക്കും ഉപദേശങ്ങൾക്കായി വിളിക്കും. ചിലപ്പോൾ അവരുടെ അമ്മമാർ വിളിക്കും. മകൾ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ പറയുന്നതു കേൾക്കാൻ നല്ല രസമാണ്, ഇത്തരം കാര്യങ്ങളിൽ എനിക്ക് അഭിമാനം തോന്നാറുണ്ട്.

മകൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അമ്മ അഭിനയിക്കുന്നു. അങ്ങനൊരു സ്വപ്നം മനസ്സിലുണ്ടോ?

അതൊരു ഭാഗ്യമല്ലേ. അങ്ങനൊരവസരം കിട്ടിയാൽ ഏതെങ്കിലും അമ്മ വേണ്ട എന്നു വയ്ക്കുമോ? അവളുടെ മനസ്സിൽ സിനിമയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തിരക്കഥയെക്കുറിച്ച് ധാരണയുണ്ട് കഥാപാത്രങ്ങളുടെ സഞ്ചാരം എങ്ങനെ വേണമെന്നറിയാം. ‘സിനിമ പഠിച്ചു വരൂ, ബാക്കി കാര്യങ്ങൾ ആലോചിക്കാം’ എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. ‌
കുഞ്ഞായിരിക്കുമ്പോൾ ഒരുപാടു കഥകൾ പറഞ്ഞുകൊടുത്താണ് അവളെ ഞാൻ വളർത്തിയത്. എനിക്കൊപ്പമുള്ള എല്ലാ രാത്രിയിലും കഥകൾ കേട്ടുറങ്ങിയ കുട്ടി. ഞാനെവിടെ പോയാലും ആദ്യം തിരയുക അവൾക്കുള്ള കഥപുസ്തകങ്ങളായിരുന്നു. പുതിയ തലമുറയിലെ കുട്ടികൾ മിടുമിടുക്കരാണ്. വഴികൾ കാണിച്ചു കൊടുത്താൽ മാത്രം മതി. ബാക്കി അവർ തിരഞ്ഞെടുത്തോളും. നമ്മൾ അവർക്കൊപ്പമല്ല, അവർക്ക് പിന്നിൽ സഞ്ചരിച്ചാൽ മതി.  

ശ്രുതിഹാസനും അക്ഷരാഹാസനും വിളിക്കാറുണ്ടോ?

വർഷങ്ങൾക്കു മുമ്പേ സ്വതന്ത്രരായി ജീവിതം തുടങ്ങിയവരാണ് അവർ. മുതിർന്നവരെ പോലെ സ്വയം തീരുമാനങ്ങളെടുക്കാൻ ചെറുപ്പത്തിലേ ശീലിച്ചു. എന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആർക്കും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനൊപ്പമുണ്ടായിരിക്കും. അത് അവർക്കറിയാം.

രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് വാർത്ത കേൾക്കുന്നു. അത് സത്യമാണോ?

മുഖ്യമന്ത്രിയാകും പ്രധാനമന്ത്രിയാകും എന്നൊക്കെ ഇനി എന്നാണാവോ കേൾക്കുക. രാഷ്ട്രീയം എന്ന ചങ്ങലയിലെ കണ്ണിയാകാൻ തൽക്കാലം ഞാനില്ല. ജയലളിതയുടെ മരണത്തെക്കുറിച്ചന്വേഷിക്കാൻ പ്രധാനമന്ത്രിക്കെഴുതിയ കത്താണ് ഇങ്ങനെയൊരു വാർത്തയുണ്ടാകാൻ കാരണമെന്നു തോന്നുന്നു. ആ കത്തിനു പിന്നിൽ രാഷ്ട്രീയമേ ഇല്ല.   ഏതൊരാളിന്റെയും സംശയം ഞാൻ ചോദിച്ചെന്നേയുള്ളൂ.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് എന്താണു സംഭവിച്ചതെന്നറിയാനുള്ള അവകാശം ഇവിടുത്തെ ജനങ്ങൾക്കുണ്ട്. അതു പരിഹരിക്കപ്പെടേണ്ടതാണ്. പലപ്പോഴും വിവരങ്ങളുടെ കുറവാണ് സംശയങ്ങളുണ്ടാക്കുക. ഇവിടെയും അതാണു സംഭവിച്ചത്. ആ വിവരങ്ങളാണ് അറിയാനായി ശ്രമിച്ചത്. നിങ്ങളോടു സംസാരിക്കുന്ന ഈ നിമിഷം വരെയും അതിനുള്ള മറുപടി കിട്ടിയിട്ടുമില്ല. ആ മറുപടി തരാത്തത് സം ശയങ്ങൾ കൂട്ടുകയെയുള്ളൂ.

തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം അമ്മ പോയത് വലിയൊരു നഷ്ടം തന്നെയാണ്. ഒരുപാടു സ്ത്രീകളെ സ്വാധീനിച്ച ജീവിതമായിരുന്നു അമ്മയുടെത്. എന്തൊക്കെ പ്രതിസന്ധികളെ മറികടന്നാണ് അവർ വന്നത്. ഉരുക്കു വനിത എന്നുതന്നെ വിശേഷിപ്പിക്കാം.

ആരാണ് ഗൗതമിയുടെ യഥാർഥ ഹീറോ?

ഹീറോ എന്ന വാക്ക് പുരുഷനുമാത്രമേ ചേരൂ എന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ഹീറോകൾ എല്ലാം സ്ത്രീകളാണ്.  ജീവിതത്തിലെ പ്രതിസന്ധികളിൽ എനിക്ക് തുണയായി നിന്നവർ. അമ്മ മുതൽ ഒരു പാട് സ്ത്രീമുഖങ്ങൾ ഒാർമവരുന്നു. അച്ഛനും അമ്മയും പോയ ശേഷം ഒരു കുഞ്ഞിനെ പോലെ എന്നെ സംരക്ഷിക്കുന്നത് സഹോദരൻ ശ്രീകാന്താണ്. തീരെ കുഞ്ഞായിരിക്കുമ്പോഴെ ചേട്ടന്റെ കൈയിൽ എന്നെ കൊടുത്തിട്ട് അമ്മ പറഞ്ഞു, ഇതു നിന്റെ അനുജത്തിയാണ്. ഇവളെ നീയാണു നോക്കേണ്ടത്. അന്നുതൊട്ടേ ആ വിരൽത്തുമ്പിൽ ഞാനൊരു കൊച്ചു കുട്ടിയാണ്. ചേ‍ട്ടനും കുടുംബവും യുഎസിലാണ്. എല്ലാ ദിവസവും രാവിലെ വിളിക്കും. ഫോൺ എടുത്തില്ലെങ്കിൽ ടെൻഷൻ തുടങ്ങും.

സിനിമയ്ക്കു പുറത്തുള്ള സ്വപ്നങ്ങൾ?

സാമൂഹിക സേവനത്തിനായി ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ രൂപീകരിച്ചു, ഒരോ വ്യക്തിയുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ് ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ ചെയ്യുന്നത്. ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല, സാധാരണക്കാരന്റെ മാനസികവും വൈകാരികവും ആയ ഉയർച്ച കൂടിയാണ് ലക്ഷ്യം. വിദ്യാഭ്യാസം മാത്രമല്ല, ജീവിതത്തിൽ  ഉചിതമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവു വളർത്തണം. അറിവു നേടാൻ എന്റെ മകൾക്കു കിട്ടുന്ന അതേ സാഹചര്യം എല്ലാ കുട്ടികൾക്കും കിട്ടണം. അതാണ് സ്വപ്നം.
ഒപ്പം പരമ്പരാഗത രീതിയിലുള്ള ക‍ൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരാളുടെ ജീവിതത്തിന്റെ മൂല്യം നിർണയിക്കുന്നതിൽ ആഹാരത്തിനു വലിയ പങ്കുണ്ട്. രൂപം, പെരുമാറ്റം, ആരോഗ്യം, മനസ്സ് എല്ലാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യാഹാരം നല്ലത് മാംസാഹാരം മോശം  അങ്ങനെയൊന്നുമല്ല, പക്ഷേ, ഒരാൾ അയാളുടെ ശരീരത്തിനു അനുയോജ്യമായതു മാത്രമേ കഴിക്കാവൂ. അതെന്താണെന്ന് ശരീരം നൽകുന്ന സൂചനകളിലൂടെ തിരിച്ചറിയണം. ഒരോ ശരീരത്തിലും വഴികാട്ടികളുണ്ട്. അതു തിരിച്ചറിഞ്ഞു ജീവിച്ചില്ലെങ്കിൽ വലിയ ആപത്ത്.

ജീവിതം  എന്താണു പഠിപ്പിച്ചത്?

ജീവിതം ജീവിക്കാനുള്ളതാണ്. ഒരുപാടു പ്രതിസന്ധികളുണ്ടായിട്ടുണ്ട്. അതു പരിഹരിക്കാൻ ഒരുപാടു മാർഗങ്ങളും മുന്നിൽ തെളിഞ്ഞു. ഏറ്റവും പ്രയാസമുള്ള വഴി സ്വീകരിച്ചു. ഉറപ്പുണ്ട്, ഞാൻ തിരഞ്ഞെടുത്ത വഴി തന്നെയാണ് ശരി.

gauthami2