Wednesday 12 December 2018 11:49 AM IST : By രാഖി റാസ്

വിസ്മയ ചുവടുകളുടെ ’പ്രഭു’

prabhunew

പന്ത്രണ്ടു വർഷം തമിഴ്സിനിമയെ തൊടാതെ മാറിനിന്ന പ്രഭുദേവ ഇതാ വിസ്മയിപ്പിക്കുന്ന ചുവടുകളുമായി തിരിച്ചെത്തിയിരിക്കുന്നു...

എത്ര തിരക്കായാലും ദീപാവലിക്ക് വീട്ടിലെത്തുന്നത് പ്രഭുദേവ മുടക്കാറില്ല. നൃത്തത്തിന്റെ ജാലവിദ്യ കൊണ്ട് തിയറ്ററുകൾ ഇളക്കി മറിച്ച പ്രഭുദേവയ്ക്ക് ന‍ൃത്തത്തോടുള്ള അതേ ഇഷ്ടം തന്നെയാണ് നിറങ്ങളോടും ആേഘാഷങ്ങളോടും. പല നിറങ്ങളിൽ മാനത്തു വർണച്ചാർത്തു തീർക്കുന്ന ദീപാവലി രാവ് അങ്ങനെ അവിടെ ഉത്സവരാവ് ആകും.  

‘ഒാരോ ദീപാവലിക്കും കുട്ടികൾക്കൊപ്പം പടക്കം പൊട്ടിക്കാൻ കൂടുമ്പോൾ ഞാനും കുട്ടിയാണെന്നു തോന്നും. പ്രായമായെന്ന് കരുതാൻ ആർക്കാണ് ഇഷ്ടമുള്ളത്.’ താടി തടവി മുഖം കുനിച്ചുള്ള ആ പതിവു ചിരിയോടെ പ്രഭുദേവ പറഞ്ഞു.

ഏറ്റവും പുതിയ ചിത്രമായ ‘ദേവി’ തമിഴ് പ്രേക്ഷകർ നെ‍‌‍ഞ്ചോടു ചേർത്തതിന്റെ തിളക്കമുണ്ട് കണ്ണുകളിൽ. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് പ്രഭുദേവ തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. തമിഴിൽ ദേവി എന്നെഴുതുന്ന പേര് ഇംഗ്ലിഷിൽ ഡെവിൾ എന്നാണ്. തമിഴിൽ ‘ൾ’ എന്ന അക്ഷരം ഇല്ലാത്തതുകൊണ്ടാണ് ചിത്രത്തിന്റെ പേര് ദേവി എന്നായതെന്ന് പ്രഭു.

‘‘ഈ സിനിമ നിര്‍മിക്കാനായിരുന്നു ആദ്യ ഉദ്ദേശം. അതിനു േവണ്ടിയാണ് കഥ കേൾക്കുന്നത്.’’ പ്രഭുേദവ ഒാര്‍ക്കുന്നു. ‘‘പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. സംവിധായകൻ വിജയ് ചോദിച്ചു. ഈ റോൾ എനിക്ക് ചെയ്താലെന്തെന്ന്. അത് വേണോ എന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ ‘േവണം ’എന്നു തന്നെയായിരുന്നു മറുപടി.  അങ്ങനെ വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തി. നല്ലൊരു ഫാമിലി എന്റർടെയ്നറാണ് ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന ചിത്രം.

വലിയ ഗൗരവവും തത്വചിന്തയും ഉള്ള സിനിമകളൊന്നും സങ്കൽപ്പിക്കാനുള്ള കഴിവ് എനിക്കില്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ ഹാപ്പിയായിട്ട് വേണം മടങ്ങാൻ. അതിനു സിനിമ കളർഫുൾ ആകണം. ഹാപ്പി എൻഡിങ് വേണം. സങ്കടത്തിൽ അവസാനിക്കുന്ന ക്ലൈമാക്സുള്ള സിനിമകൾ കാണുന്നത് തന്നെ എനിക്ക് ബുദ്ധിമുട്ടാണ്. അത്തരം സിനിമകൾ മോശമാണെന്നല്ല. എന്റെ രീതി അതല്ലെന്ന് മാത്രം.’’

ഈ ഹാപ്പി തിയറിയാണോ പ്രഭുദേവയുടെ യൗവനത്തിന്റെ രഹസ്യം?

ആരു പറഞ്ഞു മാറ്റമില്ലെന്ന്? എന്റെ താടിയിൽ വെളുത്ത നിറം നിങ്ങൾ കാണുന്നില്ലേ? പഴയതിനേക്കാൾ വണ്ണം വച്ചു. ഞാൻ ധാരാളം  മധുരം കഴിക്കുന്നയാളാണ്. മൈസൂരുവിലാണ് ഞങ്ങളുടെ കുടുംബ വീട്. അമ്മയുടെ പാചകം അവിടുത്തെ  രീതിയാണ്. ആഘോഷങ്ങൾക്ക് അമ്മയുണ്ടാക്കുന്ന പായസം അന്നും ഇന്നും ഏറ്റവുമധികം കഴിക്കുന്നത് ഞാൻ തന്നെ. വലിയ ചിട്ടകൾ ഒന്നുമില്ലാതെ ജീവിക്കുന്നയാളാണ് ഞാൻ. പണ്ടൊക്കെ നിത്യവും നൃത്തം പരിശീലിച്ചിരുന്നു. ഇപ്പോൾ അതില്ല. എന്നിട്ടും ആയാസരഹിതമായി ന‍ൃത്തം ചെയ്യാൻ കഴിയുന്നത് ദൈവം എനിക്ക് തന്ന അനുഗ്രഹമാണ്. പക്ഷേ, സിനിമകൾക്കു വേണ്ടി നൃത്തം ചെയ്യുമ്പോൾ നന്നായി പരിശീലിച്ചിട്ടു തന്നെയാണ് ചെയ്യാറ്.

നൃത്തത്തോട് ഇഷ്ടമുള്ള ആർക്കും നൃത്തം ചെയ്യാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. കഠിനാധ്വാനത്തേക്കാൾ പ്രധാനമാണ് നൃത്തത്തോടുള്ള ഇഷ്ടം. അതുണ്ടെങ്കിൽ ചുവടുകൾ താനേ വരും. അത് ഓരോരുത്തരുടേയും വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു. അര മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്യാൻ പറഞ്ഞാൽ എനിക്കത് കഴിയും. പക്ഷേ, പത്തു മിനിറ്റ് ധ്യാനിച്ചിരിക്കാൻ പറഞ്ഞാൽ എനിക്കത് കഷ്ടപ്പാടായിരിക്കും. പലതവണ യോഗ പരിശീലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാളാണ് ഞാൻ. ഒാരോരുത്തരും അവനവന് ആസ്വദിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക. അതിനേക്കാൾ വലിയൊരു ഹാപ്പി തിയറിയൊന്നും എനിക്കറിയില്ല.

പ്രഭുദേവ എന്ന മാജിക് ഡാൻസർ വെള്ളിത്തിരയിൽ മുഖം കാണിച്ചിട്ട് വർഷം ഇരുപത്തിയെട്ട് കഴിഞ്ഞു. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത കൊറിയോഗ്രഫർ മുഗുൾ സുന്ദറിന്റെ മകന് ന‍ൃത്തം പാരമ്പര്യത്തിന്റെ ഗോവണിയിറങ്ങി വന്ന വരമാണ്. അച്ഛന്റെ അസിസ്റ്റന്റായി സിനിമയിൽ എത്തിയ പ്രഭു അഗ്നിനക്ഷത്രം, മ‍ൗനരാഗം എന്നീ ചിത്രങ്ങളിൽ ഗാനരംഗത്തിലെ നർത്തകരിലൊരുവനായാണ് ക്യാമറയ്ക്കു മുന്നിലെത്തി. പിന്നെ, കുറേക്കാലം പ്രഭു ക്യാമറയ്ക്കു പിന്നിലേക്ക് മാറി.

കൊറിയോഗ്രഫിയിൽ സെഞ്ചുറി തൊട്ട പ്രഭുവിന്റെ തുടക്കം നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ കമൽഹാസൻ ചിത്രം ‘വെട്രിവിഴാ’ യിലുടെയായിരുന്നു. മുഗുർ  സുന്ദറിനു തിരക്ക് കൂടുതൽ ആയിരുന്നതിനാലാണ് അദ്ദേഹം വർക്ക് മകനെ ഏൽപ്പിച്ചത്. കമൽ സാറിനു സ്റ്റെപ്പുകൾ കാണിച്ചു കൊടുത്ത അനുഭവം വിവരിക്കുമ്പോൾ ഇന്ത്യയുടെ ഡാൻസിങ് ദേവയുടെ കണ്ണിൽ തുടക്കകാരന്റേതു പോലെയുള്ള വിറയൽ.


നൃത്തം ചെറുപ്പം മുതലേ ഇഷ്ടമായിരുന്നോ?

നൃത്തം ചെയ്യാൻ ഇഷ്ടമായിരുന്നു. പക്ഷേ, അത് പ്രഫഷനാക്കണമെന്നൊന്നും ലക്ഷ്യമിട്ടിരുന്നില്ല. ഭരതനാട്യം പഠിച്ചിരുന്നു. അച്ഛന്റെ സുഹൃത്തുക്കളായ ധർമരാജ് മാസ്റ്ററും ഉ‍ഡുപ്പി ലക്ഷ്മിനാരായണൻ മാസ്റ്ററും ആയിരുന്നു.  പഠിത്തം എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കഷ്ടിച്ച് ജയിച്ച് പത്താം ക്ലാസ് കടന്നു.

ആ കാലത്താണ് മൈക്കിൾ ജാക്സന്റെ ഒരു വിഡിയോ ടേപ്പ് ‍ഞാൻ കാണുന്നത്. പിന്നെ, ഭരതനാട്യത്തിന്റെ ചുവടുകൾക്കൊപ്പം ലഹരിയായി എംജെ ഉള്ളിൽ കൂടി. പതിനൊന്നാം ക്ലാസിൽ തോറ്റു. അതോടെ പഠനത്തിന്റെ പടിവാതിൽ അടഞ്ഞു. പേടിച്ചാണ് അച്ഛനോടു പറഞ്ഞത്. പക്ഷേ, അച്ഛന്റെ പ്രതികരണം എന്നെ അമ്പരപ്പിച്ചു. ‘സ്കൂളിലെ പഠനം പറ്റില്ലെങ്കിൽ വേണ്ട. നിനക്ക് പഠിക്കാൻ കഴിയുന്നത് എന്തെങ്കിലും പഠിക്കാമല്ലോ’ എങ്ങനെ ‍ന‍‍ൃത്തത്തിലെത്തി എന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ. പഠിക്കാൻ മോശമായതു കൊണ്ട്.

രണ്ടു തവണ മികച്ച കൊറിയൊഗ്രഫിക്കുള്ള ദേശീയ അവാർഡ് നേടിയ പ്രഭുദേവ നടനും നർത്തകനുമായി പ്രേക്ഷക മനസ്സിൽ പൂത്തിരിയാകുന്നത് കാതലൻ എന്ന സിനിമയിലൂടെ.

‘മുക്കാല മുക്കാബല’യും ‘ചിക് പുക് റെയിലേ’യും  ‘ഉർവശി... ഉർവശി’യും ഇന്നും ഒാർമയിൽ തത്തിക്കളിക്കുന്നതിനു കാരണങ്ങൾ രണ്ട്. എ.ആർ. റഹ്മാന്റെ മാസ്മരിക സംഗീതം.  ഇന്ത്യൻ മൈക്കിൾ ജാക്സൻ പ്രഭുദേവയുടെ തിളങ്ങുന്ന പ്രകടനം. ‘മിൻസാര കനവ്’ പോലെയുള്ള ചിത്രങ്ങൾ പ്രഭുദേവ എന്ന നടന്റെ  തിളക്കം ജനമനസ്സുകളിൽ എഴുതി. ‘2005’ ൽ തെ ലുങ്ക് ചിത്രത്തിലൂടെ സംവിധായകനായ പ്രഭുദേവ തെലുങ്കിലെയും തമിഴിലെയും ബോളിവുഡിലെയും സൂപ്പർ സംവിധായകനാണ്. പോക്കിരി, വാണ്ടഡ്, റൗഡി റാത്തോർ അങ്ങനെ നീളുന്നു ഹിറ്റുകളുടെ നിര. ഇടവേളയ്ക്കു ശേഷം വീണ്ടും നടന്റെ റോളിലേക്ക് എത്തിയ ചിത്രമാണ് ഡെവിൾ. തമിഴിലും ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെയാണ് ചിത്രമെത്തിയത്.


പ്രഭുദേവ എന്ന നടന് നൂറിൽ എത്ര മാർക്ക്?

ആയിരത്തിൽ ആയിരമാണ് ഞാൻ കൊടുക്കുന്ന മാർക്ക്. പക്ഷേ, നൂറിൽ ഒരു ഇരുപത്തഞ്ച് മാർക്ക് പ്രേക്ഷകർ തന്നാൽ ഭാഗ്യം. അവരാണല്ലോ മാർക്കിടേണ്ടവർ. സംവിധാനം ആണെങ്കിലും അഭിനയത്തിലാണെങ്കിലും നൂറുശതമാനം അർപ്പണത്തോടെയാണ് പ്രവർത്തിക്കുന്നത്. ജനത്തിന് ഇഷ്ടമായാൽ അത് പുതുമ, അല്ലെങ്കിൽ അത് നോൺസെൻസ്. ഹിറ്റായ സിനിമയ്ക്കും ഫ്ളോപ്പായ സിനിമയ്ക്കും പ്രയത്നം ഒരു പോലെയാണ്. സംവിധാനം ചെയ്യുമ്പോൾ പ്രഥമ പരിഗണന നിർമാതാവിനാണ്. നമ്മളെ വിശ്വസിച്ച് പണം മുടക്കുന്നയാൾക്ക് നഷ്ടം വരാൻ പാടില്ല.

prabhunew3



എന്നിട്ടും നൃത്ത സംവിധാനത്തിൽ നിന്നും നൃത്തം ചെയ്യുന്നതിൽ നിന്നും ഏറെനാൾ വിട്ടു നിന്നല്ലോ?

ഞാൻ ബോളിവുഡിൽ സിനിമകൾ സംവിധാനം ചെയ്യുന്നതിൽ ആണ് കുറേനാളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അഭിനയം, നൃത്ത സംവിധാനം ഇവയെല്ലാം ഓടി നടന്നു ചെയ്യാനാകും. പക്ഷേ, സംവിധാനം ചെയ്യുമ്പോൾ ഒരിടത്ത് തന്നെ ശ്രദ്ധിക്കണം. ആദ്യാന്തമുള്ള കാര്യങ്ങളിൽ നമ്മൾ സൂക്ഷ്മതയോടെ ഇടപെടണം. അതുകൊണ്ടാണ് നൃത്തത്തിനും അഭിനയത്തിനും ഇടവേള എടുത്തത്.

അവസരം വന്നാൽ തീർച്ചയായും ഇനിയും ഞാൻ നൃത്ത സംവിധാനം ചെയ്യും. കാര്യങ്ങൾ നമ്മളിലേക്ക് വരുന്നതനുസരിച്ചാണ് ഞാൻ എല്ലാം ചെയ്യുന്നത്. പ്രത്യേകിച്ച് പ്ലാനിങ്ങുകളൊന്നുമില്ല.

കലാകുടുംബമല്ലേ? വീട്ടിൽ ചർച്ചകൾ ഉണ്ടാകാറുണ്ടോ?

സഹോദരന്മാർ പലയിടത്താണ് താമസിക്കുന്നതെങ്കിലും വിശേഷ ദിവസങ്ങളിൽ എല്ലാവരും അച്ഛനും അമ്മയ്ക്കും ഒപ്പം കൂടും. പക്ഷേ, വീട്ടിൽ ജോലിക്കാര്യങ്ങൾ ഞങ്ങളൊരാളും പരസ്പരം സംസാരിക്കാറില്ല. വീട്ടിലിരിക്കുമ്പോൾ പാട്ട് പോലും കേൾക്കുന്ന പതിവില്ല. പൂർണമായും വീടും ബന്ധപ്പെട്ട വിഷയങ്ങളും മാത്രം.

പ്രഭുദേവ എന്നാൽ ചലനങ്ങളുടെ സംഗീതമാണ്. വെറുതയല്ല, ആരാധകർ ഈ മനുഷ്യനെ ‘ബോൺലെസ് വണ്ടർ’ എന്ന് വിശേഷിപ്പിക്കുന്നത്. നേട്ടങ്ങളുടെ കൊടുമുടികൾ കയറിയിട്ടും പ്രഭുദേവ സംസാരത്തിലും പെരുമാറ്റത്തിലും ഇന്നും ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കത സൂക്ഷിക്കുന്നു. ചോദ്യങ്ങളുടെ മുനയൊടിക്കുന്ന വിനയവും ചുരുങ്ങിയ വാക്കുകളിലുള്ള മറുപടിയും കാണുമ്പോൾ ആർക്കും തോന്നും വാക്കുകളിലൂടെയല്ല, ചുവടുകളിലൂടെ സംസാരിക്കാനാണ് പ്രഭുദേവയ്ക്ക് ഇഷ്ടമെന്ന്.

‘ഇന്ത്യൻ മൈക്കിൾ ജാക്സൻ’ എന്ന വിശേഷണം?

ആ വിളി കേൾക്കാൻ കഴിഞ്ഞുവെന്നുള്ളത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. മൈക്കിൾ ജാക്സൻ നൃത്തം ചെയ്യാനായി മാത്രം ഈ ഭൂമിയിൽ പിറന്നയാളാണ്. നൃത്തം ചെയ്യുമ്പോൾ അദ്ദേഹം ഒരു മാജിക്കായി മാറും.

സിനിമയിൽ അവതരിപ്പിച്ച നൃത്തങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്?

നൃത്തരംഗങ്ങൾ ധാരാളം ചെയ്തെങ്കിലും ആദ്യകാലത്ത് ചെയ്ത ‘ഏപ്രിൽ മെയ്’ലെ എന്ന ഗാനത്തോട് എനിക്ക് പ്രത്യേകമായ ഇഷ്ടമുണ്ട്. ഇദയം എന്ന ചിത്രത്തിലെ ഗാനമാണ്. ഇളയരാജാ സാറിന്റെ സംഗീതത്തിലുള്ള ആ ഗാനത്തിനനുസരിച്ചുള്ള നൃത്തം ഞാനും അച്ഛനും  കൂടിയാണ് ചിട്ടപ്പെടുത്തിയത്. അതിലെ പെർഫോമൻസിനോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്.

കാതലനിലെ നൃത്തരംഗവും അതിൽ പ്രഭുദേവ വയ്ക്കുന്ന തൊപ്പിയും ആരും മറന്നിട്ടുണ്ടാകില്ല. അതേ തൊപ്പിയണിഞ്ഞ് പ്രഭുവും അച്ഛൻ മുഗുൾ സുന്ദരവും ചാനൽ പരിപാടിക്കു വേണ്ടി ന‍ൃത്തം ചെയ്തിരുന്നു. കൊറിയോഗ്രഫിക്കു ദേശീയ അവാർഡ് നേടിയ അച്ഛനും മകനും നൃത്തച്ചുവടുകൾ വയ്ക്കുമ്പോൾ അതിനു സാക്ഷിയായി മഹാദേവമ്മയും ഉണ്ടായിരുന്നു.

അമ്മയ്ക്കും അച്ഛനുമൊപ്പം വേദിയിൽ നിന്നപ്പോൾ പ്രഭു വികാരാധീനനായി. അമ്മയുടെ ചിരിയും അച്ഛന്റെ ന‍‍‍ൃത്തവും പകർന്നു വച്ച കൊച്ചുകുട്ടിയെപ്പോലെ പ്രഭു ഇരുവർക്കും നടുവിൽ നിന്നു.

അച്ഛനാണോ റോൾമോഡൽ?

നൃത്തം ചെയ്യുകയും ചെയ്യിക്കുകയും എന്നതിനെക്കാൾ മറ്റുള്ളവരോട് എങ്ങനെ നന്നായി പെരുമാറണം എന്നാണ് അച്ഛനിൽ നിന്നും പഠിച്ചത്. ഏത് കുട്ടിയെയും പോലെ അച്ഛൻ തന്നെയാണ് എന്റെയും സൂപ്പർ ഹീറോ.

മക്കൾക്ക് നൃത്തത്തിൽ താത്പര്യമുണ്ടോ?

മക്കൾ റിഷി, ആദിത്ത്. എട്ടിലും നാലിലും പഠിക്കുന്നു. അവർക്ക് ഇപ്പോൾ നൃത്തത്തിൽ താത്പര്യമില്ല. അവർ കൊച്ചു കുട്ടികളല്ലേ.

ഉറുമിക്കു ശേഷം മറ്റൊരു മലയാള ചിത്രത്തിൽ പ്രഭുദേവയെ കണ്ടില്ലല്ലോ?

ഉറുമി നല്ല അനുഭവമായിരുന്നു. വീണ്ടും മലയാളത്തിൽ ചിത്രങ്ങൾ ചെയ്യണമെന്നുണ്ട്. പക്ഷേ ആരും വിളിക്കുന്നില്ല, അതാണ് പ്രശ്നം.

തെന്നിന്ത്യയിൽ നിന്നുള്ളവർക്ക് ബോളിവുഡുമായി പെട്ടെന്ന് ഇണങ്ങാൻ കഴിയുമോ?

ടോളിവുഡ് ആണോ ബോളിവുഡ് ആണോ എന്നതല്ല കാര്യം. എവിടെ നമുക്ക് വിജയം ഉണ്ടാകുന്നോ അവിടെ നമ്മൾ കംഫർട്ടബിൾ ആയിരിക്കും. റൗഡി റാത്തോർ, രാമയ്യ വസ്തവയ്യ, ആക്‌ഷൻ ജാക്സൻ, സിങ് ഈസ് ബ്ലിങ് തുടങ്ങി ഞാൻ ചെയ്ത ബോളിവുഡ് സിനിമകൾ വിജയമായിരുന്നു. സംവിധാനത്തിൽ ഭാഷ ഒരു പ്രശ്നമല്ല. എവിടെയായാലും ചെയ്യുന്നതിന് അംഗീകാരം നേടിയെടുക്കാൻ സാധിക്കണം എന്നു മാത്രം.

നടൻ സംവിധായകൻ എന്നീ നിലകളിലുള്ള സ്വപ്ന പദ്ധതികൾ?

നടൻ എന്ന നിലയിൽ ലഭിക്കുന്ന റോളുകൾ ഭംഗിയായി ചെയ്യുക എന്നതിൽ കവിഞ്ഞ് ഡ്രീം ഒന്നുമില്ല. അഭിനയത്തേക്കാൾ സംവിധാനത്തോടാണ് ഇഷ്ടക്കൂടുതൽ. സംവിധായകൻ എന്ന നിലയിൽ ഹൊറർ ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ലോർഡ് ഓഫ് ദ റിംങ്സ്, സ്പൈഡർമാൻ പോലുള്ള ഒരു ചിത്രം സംവിധാനം ചെയ്യുക എന്റെ സ്വപ്നമാണ്. പക്ഷേ, ഉടൻ അത് ഉണ്ടാവില്ല.

ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം?

എനക്ക് വർക്ക് പണ്ണ പുടിക്കും.

കൊറിയോഗ്രഫർ, നടൻ, സംവിധായകൻ, നിർമാതാവ് ഇതിൽ ഏതു റോളാണ് കൂടുതൽ പ്രിയം?

സിനിമയിൽ ആരാണ് എന്ന് ചോദിച്ചാൽ ഡാൻസർ, കൊറിയോഗ്രഫർ എന്ന് പറയാനാണ് എനിക്കിഷ്ടം. നൃത്തമാണ് ഞാൻ ഏറ്റവും ആസ്വദിക്കുന്നത്. നൃത്തമില്ലെങ്കിൽ ഞാനില്ല. നൃത്ത സംവിധാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമാണ്. മിൻസാര കനവ്, ലക്ഷ്യ എന്നീ ചിത്രങ്ങളിലെ കൊറിയോഗ്രഫിക്ക് കിട്ടിയ ദേശീയ അവാർഡ് ഞാൻ ഏറെ മൂല്യം കൽപ്പിക്കുന്ന ഒന്നാണ്. എന്റെ കരിയറിന്റെ ഏറ്റവും പ്രധാനമായ ഘടകം നൃത്ത സംവിധാനമാണ്. അതുപോലെ സിനിമാ സംവിധാനവും ആസ്വദിക്കുന്നു.

ചെയ്യുന്നതെല്ലാം വളരെയധികം ഇഷ്ടത്തോടെ ചെയ്യുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ട് നൃത്തസംവിധാനവും, സിനിമാ സംവിധാനവും എല്ലാം നന്നായി ആസ്വദിക്കുന്നു. പ്രൊഡ്യൂസറായിട്ടുണ്ടെങ്കിലും സിനിമയിൽ താൽപര്യം കുറവുള്ള മേഖല നിർമാണമാണ്.

മലയാളത്തിലെ നൃത്ത റിയാലിറ്റി ഷോകളിൽ പ്രഭുദേവയെ ജഡ്ജ് ആയി പ്രതീക്ഷിക്കാമോ?

മലയാളത്തിലെ നൃത്ത റിയാലിറ്റി ഷോകൾ ചിലതൊക്കെ കണ്ടിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെ ധാരാളം പേർക്ക് സിനിമയിലും മറ്റും അവസരം കിട്ടുന്നുണ്ട്. അതൊക്കെ നല്ല കാര്യങ്ങളാണ്. എങ്കിലും എന്നെ സംബന്ധിച്ച് ജഡ്ജ് ആവുക പ്രയാസമാണ്. ഞാൻ ആരുടേയും നൃത്തം ജഡ്ജ് ചെയ്യാറില്ല. ആസ്വദിക്കാറേയുള്ളു. കുട്ടികൾ നൃത്തം ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനുമേ എനിക്കറിയൂ. നോക്കൂ, നിങ്ങൾ ചെയ്തതിൽ ഇത്ര തെറ്റുണ്ട്, അല്ലെങ്കിൽ നൃത്തത്തിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്നൊക്കെ പറയുന്നതിനോട് യോജിപ്പില്ല.



 

prabhunew2