Wednesday 12 December 2018 11:55 AM IST : By രൂപാ ദയാബ്ജി

ഡൈവിങ് ടു സിനിമ

sudheeshnew4 ഫോട്ടോ: സരിൻ രാംദാസ്

കോഴിക്കോട് ബിലാത്തിക്കുളം അമ്പലത്തിനടുത്തുള്ള നടൻ സുധീഷിന്റെ വീട്ടിൽ ചില മിനുക്കുപണികൾ നടക്കുകയാണ്. അകത്തെ മുറികളിലെ വാതിലുകൾ മാറ്റി പുതിയത് പിടിപ്പിക്കുന്നു. ചില മുറികളിലെ സാധനങ്ങൾ അപ്പാടെ മാറ്റുന്നു. പുതിയ താരത്തിന്റെ സ്റ്റാർവാല്യൂ അനുസരിച്ച് വീടിനും മോടികൂട്ടുകയാണോ എന്ന ചോദ്യത്തിന് ചിരിയോടെ സുധീഷിന്റെ മറുപടി ഇങ്ങനെ.

‘‘അഭിനയം എന്ന പ്രഫഷന്റെ സുഖവും ബുദ്ധിമുട്ടും ഈ സിനിമയുടെ 50 ദിവസത്തെ ഷൂട്ടിങ് കൊണ്ട് മോൻ അറിഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ കരിയർ ഇഷ്ടപ്പെടുന്നത് ഉള്ളിൽ കലയുള്ളതു കൊണ്ടല്ലേ. ഇതുകണ്ട് ഏറെ സന്തോഷിക്കുന്നയാൾ എന്റെ അച്ഛനാകും. ആ സ്വപ്നം സാധിക്കാൻ കൂടെ നിൽക്കുകയാണ് എന്റെ കടമ...’’

‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ വിജയം നൂറുദിനത്തിലേക്കടുക്കുന്നതിന്റെ  സന്തോഷത്തോടെ സുധീഷ് മകൻ രുദ്രാക്ഷിനെ ചേർത്തുപിടിച്ചു. അപ്പോൾ അകത്തു നിന്ന് അമ്മ ധന്യയുടെ കൈ വിടുവിച്ച് ഒന്നരവയസ്സുകാരൻ മാധവ് ഓടി വന്നു. ‘സിനിമയിൽ രുദ്രാക്ഷിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് മാധവാണ്.’ രണ്ടുമക്കളുടേയും  സിനിമാ അരങ്ങേറ്റത്തിനൊപ്പം  കൂടിയതിന്റെ ത്രിൽ ഉണ്ട് സുധീഷിന്റെ വാക്കുകളിൽ. സിനിമയിൽ രുദ്രാക്ഷ് അവതരിപ്പിച്ച അയ്യപ്പദാസിന്റെ ചിറ്റപ്പന്റെ റോളായിരുന്നു സുധീഷിന്.

അച്ഛനും ചേട്ടനും സംസാരിക്കുന്നതു ശ്രദ്ധയോടെ നോക്കി നിൽക്കുകയാണ് മാധവ്. ഇടയ്ക്ക് അവരുടെ ഭാവപ്രകടനങ്ങൾ അനുകരിക്കുന്നു. എന്നിട്ട് നിങ്ങളെ തന്നെയാണ് ‍ഞാൻ അനുകരിച്ചതെന്ന മട്ടിൽ ഇരുവരെയും നോക്കി ചിരിക്കുന്നു. ‘വാചകങ്ങളായി സംസാരിക്കാറായില്ലെങ്കിലും അഭിനയം അവൻ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്.’ സുധീഷ് ചിരിയോടെ പറഞ്ഞു.

സുധീഷ് : കുറിഞ്ഞിപ്പുഴയും കുളവും ബെംഗളൂരുവിലെ സ്വിമ്മിങ്പൂളുമൊക്കെയായി ആകെ തണുപ്പിന്റെ കുളിരിലൂടെയാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ കഥ മുന്നോട്ടു പോകുന്നത്.  മകൻ കഥാപാത്രത്തിനായി നീന്തൽ പഠിക്കാൻ തുടങ്ങിയപ്പോൾ ‍എന്റെ ഓർമയിൽ വന്നത് പഴയൊരു അനുഭവമാണ്. ഞാൻ അനന്തരത്തിൽ അഭിനയിക്കാൻ ചെല്ലും മുമ്പ് അടൂർ ഗോപാലകൃഷ്ണൻ സാർ പറഞ്ഞിരുന്നു നീന്തലും സൈക്കിളും പഠിക്കണം എന്ന്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ നീന്തൽ പഠിച്ചത്.

ലൊക്കേഷനിൽ ചെല്ലുമ്പോഴാണു മതിലിനു മുകളിൽ നിന്ന് കുളത്തിലേക്ക് എടുത്തു ചാടുന്ന സീനുണ്ടെന്ന് അറിയുന്നത്. ‍ഞാനാകെ പേടിച്ചു. ആ സീൻ ഷൂട്ട് ചെയ്യാൻ രാവിലെ ഏഴിന് പ്ലാൻ ചെയ്തതാണ്. ഓരോ തവണയും  ഓടിവന്ന് മതിലിനറ്റത്തെത്തുമ്പോൾ നിൽക്കും. അവസാനം  വൈകുന്നേരം  മൂന്നരയ്ക്കാണ് ഞാൻ ചാടിയത്. 30 വർഷത്തിനു ശേഷം  മകൻ സിനിമയിൽ തുടക്കം കുറിക്കുമ്പോഴും സംവിധായകൻ ആവശ്യപ്പെട്ടത് ഇതേ കാര്യം, തന്നെ, ‘നീന്തൽ പഠിക്കണം.’

രുദ്രാക്ഷ്: സിദ്ധു അങ്കിൾ (സംവിധായകന്‍ സിദ്ധര്‍ത്ഥ് ശിവ)നേരിട്ട് ചോദിക്കുകയായിരുന്നു, നീന്തൽ അറിയുമോ, അഭിനയിക്കാൻ ഇഷ്ടമുണ്ടോ എന്നൊക്കെ. ‘അഭിനയിക്കാൻ ഇഷ്ടമാണ്. അതിനായി നീന്തൽ പഠിക്കാൻ തയാറാണ്’ എന്നു ഞാൻ മറുപടി പറഞ്ഞു. ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിൽ പോയി നീന്തൽ പഠിച്ചു. പക്ഷേ, ഷൂട്ടിങ്ങിന്റെ തീയതി നീണ്ടുപോയതോടെ ഉഴപ്പി. ലൊക്കേഷനിൽ എത്തിയ ശേഷമാണ് വെള്ളത്തിലേക്ക് ഡൈവ് ചെയ്യണം എന്നറിയുന്നത്. അപ്പോൾ പരിശീലകനെ വരുത്തി പഠിച്ചു. രാവിലെ ട്രെയിനിങ്, പിന്നെ, ഷൂട്ട്, ഷൂട്ട് കഴിഞ്ഞാൽ പിന്നെയും പ്രാക്ടീസ്. അങ്ങനെ കുറച്ചുദിവസം കൊണ്ടുതന്നെ നല്ല നീന്തൽക്കാരനായി.

sudheeshnew2



അഭിനയത്തിലെ മൂന്നാം തലമുറ

സുധീഷ്: സ്കൂളിൽ അത്യാവശ്യം ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നല്ലാതെ കാര്യമായ അഭിനയ പരിചയം രുദ്രാക്ഷിനില്ല. അച്ഛന്‍ സുധാകരന്‍റെ അവസാന നാടകമായ ‘വൃദ്ധവൃക്ഷങ്ങ‌’ ളിൽ ചെറിയ അഭിനയം കാഴ്ചവച്ചു. സ്റ്റേജിൽ നാടകം നടക്കുന്നതിനിടെ കാണികൾക്കിടയിലിരുന്നു കുട്ടി കരയണം. അപ്പോൾ സ്റ്റേജിൽ നിന്ന‌ു കഥാപാത്രം ഇറങ്ങിവന്ന‌ു കുട്ടിയെ ആശ്വസിപ്പിക്കും. ആ കുട്ടിയായിരുന്നു രുദ്രാക്ഷ്. നാടകം കണ്ട പലരും ഇതു നാടകത്തിന്റെ ഭാഗമാണെന്ന‌് അറിഞ്ഞിരുന്നില്ല. ജനുവരിയിലാണ് അച്ഛൻ മരിച്ചത്. അപകടമരണമായിരുന്നു. മോൻ അഭിനയിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് അച്ഛനാണ്. ഉദയാ നിർമിക്കുന്ന സിനിമയിലേക്ക് അഡ്വാൻസ് വാങ്ങിയ വിവരം അച്ഛൻ അറിഞ്ഞിരുന്നു. പക്ഷേ, ഷൂട്ടിങ് നീണ്ടുപോയി. ഒപ്പമുണ്ടായിരുന്നെങ്കിൽ സിനിമയിൽ രുദ്രാക്ഷിന്റെ അഭിനയം കണ്ടിട്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നതും അച്ഛനായിരുന്നു.

സ്റ്റേജ് ഫിയർ രുദ്രാക്ഷിനു പണ്ടേയില്ല. എനിക്കൊപ്പം എ ന്തെങ്കിലും പരിപാടിക്കു വന്നാലും  സ്റ്റേജിൽ ഒപ്പമിരിക്കാനോ പ്രസംഗിക്കാൻ ക്ഷണിച്ചാൽ രണ്ടുവാക്ക് പറയാനോ ഒന്നും മടിയില്ല. ഞാനൊക്കെ തിരിച്ചായിരുന്നു. അച്ഛൻ ഉന്തിത്തള്ളി എന്തെങ്കിലും ചെയ്യിച്ചാലേ നടക്കൂ.

രുദ്രാക്ഷ്: എൽ.പി സ്കൂളിൽ ആയിരുന്നപ്പോൾ നാടകവും ഗ്രൂപ്പ്ഡാൻസും ഒക്കെ ചെയ്തിട്ടുണ്ട്. സിനിമയിലെ ചില സീനുകള്‍ വായിക്കുമ്പോൾ‍ പ്രയാസമാണെന്നു തോന്നിയിരുന്നു. പക്ഷേ, ചെയ്തു വരുമ്പോൾ ശരിയാകും. അച്ഛച്ഛൻ പറഞ്ഞ ഒരു കാര്യമുണ്ട്, എവിെടയും തുറന്ന് അഭിനയിക്കണമെന്ന്. പക്ഷേ, അഭിനയത്തെക്കുറിച്ച് അച്ഛൻ ഒന്നും പറഞ്ഞു തന്നിരുന്നില്ല. സീൻ കിട്ടിയാൽ നന്നായി പഠിക്കണം, കിട്ടുന്ന ഡയലോഗ് യാതൊരു ചമ്മലും മടിയുമില്ലാതെ പറയണം എന്നൊക്കെയേ പറഞ്ഞിട്ടുള്ളൂ.

സ്കൂളിലെ സ്റ്റാർ

രുദ്രാക്ഷ് : കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ അഞ്ചാം ക്ലാസിലാണ് ഞാൻ പഠിക്കുന്നത്. അച്ഛച്ഛനും അച്ഛനും നടന്മാരാണെന്ന് സ്കൂളിൽ എല്ലാവർക്കും അറിയാം. അവിെട ടീച്ചർമാരും പ്രിൻസിപ്പലും ചേർന്നാണ് സിനിമ പോയി കണ്ടത്. അഭിനയത്തിന് അഭിനന്ദനമായി സമ്മാനവും കിട്ടി. കൂട്ടുകാരായ അദ്വൈതും കാർത്തികും ശൗമികും ശുശ്രുതുമെല്ലാം നല്ല സപ്പോർട്ടാണ്. ഇപ്പോഴത്തെ ക്ലാസ് ടീച്ചർ ബീന മിസ് ഇനിയും അഭിനയിക്കണമെന്നു പറഞ്ഞു. കഴിഞ്ഞ വർഷത്തെ ക്ലാസ് ടീച്ചറായിരുന്ന ശ്രുതി മിസാണ് സിനിമ കണ്ടിട്ട് ഏറ്റവും കൂടുതൽ അഭിനന്ദിച്ചത്.

സുധീഷ്: ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ മോൻ പോയിരുന്നു. പിന്നെ, സിനിമയുടെ പ്രമോഷനു വേണ്ടി കുറച്ചു ദിവസം ലീവെടുത്തു. ഇപ്പോൾ വീണ്ടും പോയിത്തുടങ്ങി. ഇനിയും ലീവ് വേണ്ടിവരും, സിനിമയുടെ ദുബായ് റിലീസിനു പോകണം. മോൻ പഠിക്കാനും മിടുക്കനാണ്. അതുകൊണ്ടാണ് പ്രിൻസിപ്പലൊക്കെ സപ്പോർട്ട് ചെയ്യുന്നത്.

ഫ്രണ്ട്ഷിപ് ടു സിനിമ

സുധീഷ്: നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ എന്റെ സുഹൃത്താണ്. മാനസികമായി നല്ല അടുപ്പം തോന്നിയ കുറച്ച് സുഹൃത്തുക്കളേ എനിക്ക് സിനിമയിലുള്ളൂ. അതിലൊരാൾ സിദ്ധുവാണ്, മറ്റൊരാൾ ചാക്കോച്ചനും.

സിദ്ധാർഥിന്റെ അച്ഛൻ ശിവപ്രസാദ് സാർ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് സിദ്ധു ലൊക്കേഷനിൽ വന്നിരുന്നു. അന്ന് സിദ്ധു എനിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തതൊക്കെ ഇപ്പോഴും ഓർമയുണ്ട്.

അഭിനയവും സംവിധാനവുമായി സിദ്ധു പിന്നെ, സജീവമായി. ‘സഹസ്രം’ എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അന്ന് സിദ്ധു സംവിധായകനാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. പിന്നീട് ‘101 ചോദ്യങ്ങൾ’ ചെയ്യുമ്പോൾ എനിക്ക് ഒരു റോൾ തന്നു. പക്ഷേ, ഷൂട്ടിങ്ങിന്റെ സമയത്ത് എനിക്ക് ഒരു അേമരിക്കന്‍ ട്രിപ്പുണ്ടായിരുന്നു. മടങ്ങിവന്ന ശേഷം എന്നെ അഭിനയിപ്പിക്കാനായി മാത്രം രണ്ടുദിവസത്തെ ഷൂട്ട് അവൻ ബാക്കിവച്ചു. ഈ സിനിമ മനസ്സിൽ കണ്ട നാൾ തന്നെ രുദ്രാക്ഷിനെയാണ് ആ േറാളിേലക്ക് കണ്ടിരുന്നത്.  തിരക്കഥ പൂർത്തിയായ ശേഷമാണ് പറഞ്ഞതെന്നു മാത്രം.

sudheeshnew3



രുദ്രാക്ഷ്: അഭിനയിക്കാൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴേ തടി കൂടരുത് എന്ന് സിദ്ധു അങ്കിൾ പറഞ്ഞിരുന്നു. കുറേനാൾ ഐസ്ക്രീമും ചിക്കനുമൊന്നും കഴിച്ചില്ല. പിന്നെ, കറുക്കണമെന്നും പറഞ്ഞിരുന്നു. ഷൂട്ടിങ് തുടങ്ങി നാലുദിവസം കഴിഞ്ഞപ്പോഴേക്കും ചൂടുകാരണം  ഞാനാകെ  കറുത്തിരുന്നു.  

ലൊക്കേഷനിലെ അപകടം

സുധീഷ് : ആദ്യ സിനിമയ്ക്കു വേണ്ടി  രുദ്രാക്ഷ് എടുത്ത അത്രപരിശ്രമം ഒരു സിനിമയ്ക്ക് വേണ്ടിയും എനിക്ക് ഇതുവരെ ചെയ്യേണ്ടി വന്നിട്ടില്ല. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ ‍ഞാൻ ശരിക്കു പേടിച്ചൊരു സംഭവമുണ്ടായി. പെരുമ്പാവൂരിൽ ഷൂട്ടിങ് നടന്ന സ്ഥലത്തെ കുളത്തിനു ചുറ്റും റബറും കുറച്ച് കാടുമൊക്കെയുണ്ട്. ഒരു ദിവസം നോക്കുമ്പോൾ മോന്റെ കാലിൽ നിന്ന് ചെറുതായി ചോര വരുന്നു. തുടച്ചപ്പോൾ രണ്ട് പല്ലിന്റെ പാട്. അട്ടയാകുമെന്നാണ് ആദ്യം കരുതിയത്. അടുത്ത വീട്ടുകാര്‍ പറഞ്ഞു, ആ ഭാഗത്തെങ്ങും അട്ടയേ ഇല്ലെന്ന്. ഇതിനിടെ സെറ്റിലെ ഹെയർഡ്രസർ പറഞ്ഞു, നേരത്തേ അവിടെയൊരു ചെറിയ പാമ്പിനെ കണ്ടിരുന്നു എന്ന്. അതോടെ പേടിയായി. അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ അവിടുത്തെ േഡാക്ടര്‍ കൈയൊഴിഞ്ഞു, നേരേ അങ്കമാലിയിലേക്ക്.

വണ്ടിയൊക്കെ പറപ്പിച്ച് അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചു. ഇൻജക്‌ഷനെടുക്കാൻ പേടിയുള്ള മോനെ പത്തുതവണ കുത്തി രക്തമെടുത്ത് പരിശോധിച്ചു. ആ പത്ത് സാമ്പിളിലും നെഗറ്റീവ് വന്നതുകൊണ്ട് വിഷപ്പാമ്പല്ല കടിച്ചത് എന്ന് ഉറപ്പിച്ചു. അതോടെയാണ് ആശ്വാസമായത്. അത്രയും നേരം അനുഭവിച്ച ടെൻഷൻ വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.

രുദ്രാക്ഷ്: കുളത്തിലിറങ്ങാൻ വലിയ പേടിയൊന്നും ഇല്ലായിരുന്നു. പക്ഷേ, പുഴയിലെ സീനിൽ കുറച്ച് പേടിച്ചു. പുഴയിലിറങ്ങാനോ കുളിക്കാനോ പാടില്ല എന്ന് ആദ്യം കാണിക്കുന്ന ബോർഡ് ശരിക്കും അവിടെ തന്നെ ഉള്ളതാണ്. പിടിവിട്ട് ഒഴുകിപ്പോകുന്ന സീനിൽ കുറച്ച് പേടിച്ചു. ചെറിയ മുറിവൊക്കെ പറ്റിയെങ്കിലും സിനിമ കണ്ടപ്പോൾ വലിയ ഹാപ്പിയായി.

കൺഗ്രാറ്റ്സ് ഫ്രം മമ്മൂക്ക

സുധീഷ് : മോന്റെ ആദ്യത്തെ സിനിമയാണല്ലോ. ഷൂട്ടിങ്ങിന് മുഴുവൻ സമയവും ഞാനും കുടുംബവും ലൊക്കേഷനിലുണ്ടായിരുന്നു. തിയറ്ററിൽ വച്ച് സിനിമ കണ്ടപ്പോൾ അദ്ഭുതപ്പെട്ടുപോയി. അവന്റെ അഭിനയം കണ്ട് കണ്ണുനിറഞ്ഞു.

രുദ്രാക്ഷ്: ഷൂട്ടിങ് സമയത്ത് നെടുമുടി വേണു അങ്കിളും കെപിഎസി ലളിത ആന്റിയും നല്ല സപ്പോർട്ട് ആയിരുന്നു. സിനിമ തിയറ്ററിലെത്തിക്കഴിഞ്ഞ് രണ്ടുപേരുടെ അഭിപ്രായം കേട്ടാണ് ഞാൻ ത്രില്ലടിച്ചത്. ആദ്യത്തെയാൾ ഒന്നര വയസ്സുള്ള അനിയൻ മാധവാണ്. സ്ക്രീനിൽ എന്നെ കണ്ടപ്പോൾ ഏട്ടാ എന്നുവിളിച്ച് അവൻ കൈയടിച്ചു. രണ്ടാമത്തെയാൾ മമ്മൂക്കയാണ്. ‘കോഴിക്കോടുകാരനായ നീ കോട്ടയം ഭാഷ നന്നായി സംസാരിച്ചല്ലോ...’ എന്നു പറഞ്ഞ് ഫോണിൽ വിളിച്ച് മമ്മൂക്ക അഭിനന്ദിച്ചപ്പോള്‍ ഒരുപാടു സന്തോഷമായി.  

സുധീഷ് : ധന്യ ചിത്രകാരിയാണ്. പുതിയ മീഡിയങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളൊക്കെ നടത്താറുണ്ട്. ഈയിടെ കാപ്പിപ്പൊടി പല ടെക്സ്ചറുകളിൽ ഉപയോഗിച്ച് മുൾക്കിരീടമണിഞ്ഞ യേശുവിന്റെ ചിത്രം വരച്ചു. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയാണ് അവളുടെ വർക്ക്ഷോപ്പ്.  

രുദ്രാക്ഷിനും ചിത്രരചനയിൽ താൽപര്യമുണ്ട്. ‍ഞാൻ ഇടയ്ക്ക് അവനോടു ചോദിച്ചു. ‘അഭിനയമാണോ, ചിത്രരചനയാണോ മോന് കൂടുതൽ ഇഷ്ടം?’ എന്ന്. ‘അഭിനയവും ചിത്രരചനയും പിന്നെ പഠിത്തവും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോണം എന്നായിരുന്നു അവന്റെ മറുപടി. 

sudheeshnew1