Wednesday 12 December 2018 11:56 AM IST : By രൂപാ ദയാബ്ജി

ശ്വേതാ മേനോന്റെ രസകരമായ മേക്കോവർ!

swethanew2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഫോട്ടോഷൂട്ടിനുള്ള സകല സന്നാഹവു മൊരുക്കി കാത്തിരിക്കുമ്പോഴും ഫ്ലോറിലേക്കെത്തുന്നത് ആരാണെന്ന് അറിയാമായിരുന്നത് രണ്ടോ മൂന്നോ പേർക്കു മാത്രം. മേക്കപ്പ് റൂമിന്റെ വാതിൽ തുറന്ന് ആ യുവാവ് വന്നപ്പോൾ ചിലർക്കൊക്കെ പരിചയം തോന്നി. ആ ചിരി, കണ്ണുകൾ... ഇടയ്ക്ക് താടിയൊന്നു തടവി, കണ്ണട നേരേവച്ച് കണ്ണിറുക്കി ചിരിച്ചപ്പോഴും അതാരാണെന്ന് ചിന്തിച്ച് അവർ തലപുകച്ചു. മേക്കോവറിൽ കണ്ട് അടുപ്പം കാട്ടാതെ നിന്ന മകൾ സബൈനയെ ഒക്കത്തെടുത്ത് ‘അമ്മേടെ മുത്തേ...’ എന്നുവിളിച്ച് കളിപ്പിക്കുന്നത് കണ്ടപ്പോഴാണ് അവർ ആളെ തിരിച്ചറിഞ്ഞത്, ശ്വേതാ മേനോൻ. ഇതെല്ലാം കണ്ട് ചെറുചിരിയോടെ ശ്വേതയുടെ ഭർത്താവ് ശ്രീവൽസൻ മേനോൻ സ്റ്റുഡിയോയിൽ തന്നെയുണ്ടായിരുന്നു. ആദ്യത്തെ മേക്കോവർ ഷോട്ടോഷൂട്ടിന് ശ്വേത എത്തിയതും അതേ ത്രില്ലിലായിരുന്നു. ചലനങ്ങളിലും തലയെടുപ്പിലും ആണത്തം നിറച്ച് ആറ്റിറ്റ്യൂഡിലും ലുക്കിലും ശ്വേത യുവാവായി. അഭിമുഖത്തിനിരിക്കുമ്പോഴും ശ്വേത തലയുയർത്തിപ്പിടിച്ചിരുന്നു, ആൺകുട്ടികളെപ്പോലെ.

ആണായി പിറന്നിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

പിന്നേ... എനിക്ക് സഹോദരൻമാരില്ലാത്തതു കൊണ്ട് ആണായിരുന്നെങ്കിൽ എന്ന ചിന്ത അത്രമാത്രം വലുതായിരുന്നു. കസിൻസും ഫ്രണ്ട്സുമെല്ലാം പെണ്ണുങ്ങളുടെ പിന്നാലെ നടക്കുന്നത് കാണുമ്പോൾ ചെറുപ്പത്തിൽ തോന്നിയിട്ടുണ്ട് അങ്ങനെ. 16– 18 വയസ്സൊക്കെ ഉള്ള പ്രായത്തിൽ.  എനിക്കും പ്രണയത്തിൽ മുഴുകി നടക്കാനൊക്കെ അന്നേ ഇഷ്ടമാണ്. പെണ്ണായതുകൊണ്ട് പറ്റുന്നില്ല. അച്ഛൻ ഫ്രീഡം തന്നിരുന്നെങ്കിലും അമ്മ സ്ട്രിക്ട് ആയിരുന്നു. പ്രണയിച്ച് കറങ്ങി നടക്കാനൊന്നും സമ്മതിക്കില്ല. ആൺകുട്ടികളായാൽ അൽപം ധിക്കാരമൊക്കെ ആവാല്ലോ. അപ്പോൾ ഫ്ലർട്ട് ചെയ്യാനുള്ള ഏകവഴി ആണാകുക എന്നതായിരുന്നു. അടുത്ത ജന്മമെങ്കിലും ആണായെങ്കിൽ എന്നു തോന്നിയിട്ടുണ്ട്. എങ്കിൽ കുറച്ച് പെണ്ണുങ്ങളെയൊക്കെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു.

അപ്പോൾ ശ്വേതയെ ആരും ലൈനടിച്ചിട്ടില്ലെന്നാണോ ?

പിന്നില്ലാതെ. ആൺകുട്ടികൾ നമ്മളെ ശ്രദ്ധിക്കുന്നത് വലിയ ഇഷ്ടമായിരുന്നു, ഇന്നും. അവരുടെ അറ്റൻഷൻ കിട്ടാൻ വേണ്ടി അൽപം സ്റ്റൈലായി നടക്കാനും നോക്കിയിട്ടുണ്ട്.  ഏത് പ്രായത്തിലും ലൈനടിക്കുന്നതും പഞ്ചാരയടിച്ചിരിക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്. It is the healthiest thing in this world.

ആദ്യമൊക്കെ ആൺകുട്ടികളുടെ മുഖത്തുനോക്കാൻ പേടിയായിരുന്നു. അങ്ങനെയിരിക്കെ നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന ചെക്കൻ ഒരു ദീപാവലി ഗ്രീറ്റിങ് കാർഡ് തന്നു. സ്പെഷലി ഫോർ യൂ എന്നൊക്കെ എഴുതി. അത് വായിക്കുമ്പോൾ തന്നെ കൈയും കാലുമൊക്കെ തണുത്തുവിറച്ച് ആകെ പേടിച്ചുപോയി. അന്ന് അറിയില്ലായിരുന്നു അതൊരു ലവ് ലെറ്ററാണെന്ന്. തിരിച്ചറിഞ്ഞപ്പോഴേക്കും അ വൻ വേറേ സ്കൂളിലേക്ക് മാറിപ്പോയിരുന്നു. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലേക്ക് പോകും വഴി പതിവായി ചില ചെക്കൻമാർ കമന്റടിക്കാൻ നിൽക്കും. ഒരിക്കൽ എന്റെ കൂട്ടുകാരി പറഞ്ഞു, നിന്നെയാണ് അവർ നോക്കുന്നതെന്ന്. കേട്ടപ്പോൾ നാണം കൊണ്ട് ഞാൻ ചുവന്നു. വലിയ സന്തോഷം തോന്നി. പക്ഷേ, സംസാരിക്കാനോ നോക്കി ചിരിക്കാനോ ഉള്ള ധൈര്യമില്ല. സൗഹൃദക്കൂട്ടത്തിലും ആണുങ്ങളാണ് കൂടുതൽ. പെണ്ണുങ്ങൾ ഉണ്ടെങ്കിലും അവരൊക്കെ ടോം ഗേൾസ് ആണ്. ടിപ്പിക്കൽ പെണ്ണുങ്ങളുമായി ചങ്ങാത്തം കൂടാനോ ബന്ധം വയ്ക്കാനോ എനിക്ക് പറ്റില്ല. സുഹൃത്തുക്കളോടൊപ്പമിരിക്കുമ്പോൾ ഉള്ളിലെ പെണ്ണത്തം ഞാനൊന്ന് അടക്കി വയ്ക്കും.

ശ്രീയും ഇടയ്ക്ക് നാണിപ്പിക്കാനും ചമ്മിക്കാനും നോക്കുമ്പോഴാണ് ഞാനൊരു അസ്സൽ പെണ്ണാകുന്നത്. വിവാഹം നടന്നിട്ട് അഞ്ചുവർഷം കഴിഞ്ഞെങ്കിലും ശ്രീ പ്രണയപൂർവം എന്തെങ്കിലും പറഞ്ഞാൽ ഇപ്പോഴും ഞാൻ നാണിച്ചുപോകും. കഴിഞ്ഞ ദിവസം ഒരു ഫങ്ഷനു പോകാൻ ഒരുങ്ങിവന്നപ്പോൾ ‘അമ്മുവിനെ കാണാൻ മുത്തിനെ പോലെ തന്നെ ക്യൂട്ട് ആയിരിക്കുന്നു’ എന്നു പറഞ്ഞു. ഞാൻ ഒന്നുകൂടി കണ്ണാടിയിൽ പോയി നോക്കി, ശരിക്കും അങ്ങനെ ആണോ എന്ന്.

മകൾ ‘മുത്തി’ന്റെ വിശേഷമൊന്നും പറഞ്ഞില്ലല്ലോ ?

സബൈനയ്ക്ക് നാലു വയസ്സായി. സെപ്റ്റംബർ 27 ആയിരുന്നു പിറന്നാൾ. 20 വർഷം മുമ്പ് ആലോചിച്ചിട്ടു പോലുമില്ല ഞാനൊരു കുഞ്ഞിനെ പ്രസവിക്കുമെന്നോ അവളുടെ കുറുമ്പുകൾക്കൊപ്പം നിൽക്കുമെന്നോ. നമ്മുടെ ശരീരത്തിനുള്ളിൽ തന്നെ പുതിയൊരു ജീവൻ വളർന്നുവരുന്നു. അതിന്റെ ചലനവും വളർച്ചയും അനുസരിച്ച് നമ്മൾ ജീവിക്കുന്നു. അതിനുവേണ്ടി ഉണ്ണുകയും ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യുന്നു. പുറത്തുവന്നാൽ നമ്മളെ ‘ശശി’യാക്കുമെന്നത് ശരി തന്നെ, പക്ഷേ, മാതൃത്വം പോലെ ഭംഗിയുള്ള ഒന്നും ഈ ലോകത്തില്ല. ദൈവം പെണ്ണുങ്ങളെ ശിക്ഷിക്കുന്നതാകും അമ്മയാക്കുന്നത്. ക്ഷമയും സഹനശക്തിയുമെല്ലാം മക്കളുടെ അടുത്തായിരിക്കും ഏറ്റവും കൂടുതൽ.

എന്നോടും അവൾ അങ്ങനെ തന്നെ. ഞാൻ കടിച്ചാലും പിച്ചിയാലും മിണ്ടാതെ കിടന്നുതരും. അവൾക്കറിയാം  ഇതൊക്കെ അമ്മയുടെ കുറുമ്പുകളാ, സഹിക്കാതെ രക്ഷയില്ല എന്ന്. ഈ വർഷം തൃക്കാക്കര വിദ്യോദയയിൽ എൽകെജിയിൽ ചേർത്തു അവളെ.

ശ്വേതയെ ആൺകുട്ടിയെപ്പോലെയാണ് അച്ഛൻ വളർത്തിയത്. ശ്വേത മുത്തിനെ വളർത്തുന്നതോ ?

എന്റെ അമ്മ ശാരദ ഭയങ്കര പെണ്ണത്തമുള്ള സ്ത്രീയാണ്. തനി തിരൂർകാരി. വലിയ നാണക്കാരി. ക്യൂട്ട് ആണ് അമ്മ. ഞാൻ അതിന്റെ എതിർ സ്വഭാവക്കാരിയാണ്, അച്ഛനെപ്പോലെ. ടി.വി. നാരായണൻ കുട്ടി എന്ന എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ എല്ലാ ഗാംഭീര്യവും അച്ഛനുണ്ടായിരുന്നു. ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും കരുത്തനായ പുരുഷൻ അച്ഛൻ തന്നെയാണ്. ഒരു പട്ടാളക്കാരന്റെ മനക്കരുത്തും ശക്തിയും അച്ഛനുണ്ട്. പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ ബോൾഡായി നിൽക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. അതിന് ആണാകേണ്ട കാര്യമില്ല. പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ മിണ്ടാതെ നിൽക്കുന്ന ആണുങ്ങളുമില്ലേ.

swethanew1



അമ്മ നാട്ടിൻപുറത്തുകാരി ആണെങ്കിലും ഉള്ളിൽ ബോൾഡ് ആണ്. എനിക്ക് സ്വാതന്ത്ര്യം തരുമ്പോൾ അച്ഛൻ അറിഞ്ഞിട്ടുണ്ടാകില്ല, ഞാൻ അച്ഛനേക്കാൾ അലമ്പാകുമെന്ന്. ഇപ്പോൾ അമ്മ പറഞ്ഞ് ചിരിക്കും, വിത്തുഗുണമല്ലേ. അച്ഛൻ കഴിഞ്ഞാൽ പിന്നെ എനിക്ക് സ്വാതന്ത്ര്യം തന്ന പുരുഷൻ ശ്രീയാണ്. ജീവിതത്തിലെ എല്ലാ തീരുമാനത്തിലും അച്ഛനും ശ്രീയും ഒപ്പം നിന്നതാണ് എന്റെ വലിയ ഭാഗ്യം.

മോൾക്ക് ശ്രീ ആവശ്യമില്ലാത്ത സ്വാതന്ത്ര്യം നൽകുന്നത് കാണുമ്പോൾ ഞാൻ അമ്മയെ പോലെ തന്നെയാകും. തലയിലെടുത്ത് വയ്ക്കണ്ട എന്നു താക്കീത് ചെയ്യും. പക്ഷേ, നാലുവയസ്സിനേക്കാൾ പക്വതയുണ്ട് മോൾക്ക്. ശ്രീയുടെ മൂഡ് സ്വിങ്സ് ഒക്കെ അതുപോലെ അവൾക്കും കിട്ടിയിട്ടുണ്ട്. പക്ഷേ, എന്നെപ്പോലെ എല്ലാവരുമായും വേഗം സംസാരിക്കും. കറങ്ങിനടക്കാൻ വലിയ ഇഷ്ടമാണ്. ഞാൻ കളിയാക്കും, ‘നീയെന്താ തെണ്ടിയാണോ’ എന്നു ചോദിച്ച്. അപ്പോൾ അവൾ സമ്മതിക്കും, ‘അതെ അമ്മാ, ഞാൻ ടെണ്ടിയാണ്’ എന്ന്. കുറച്ച് വാശിയൊക്കെ ഉണ്ട്, അവൾ നോ പറഞ്ഞാൽ പിന്നെ നോ ആണ്. എത്ര നിർബന്ധിച്ചാലും പിന്നെ തിരിഞ്ഞു നോക്കുകയേ ഇല്ല.

മോളോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണോ സിനിമയിൽ നിന്ന് അൽപമൊന്ന് വിട്ടുനിന്നത് ?

എല്ലാ ദിവസവും മുടങ്ങാതെ കഥകളും സ്ക്രിപ്റ്റുകളും കേൾക്കുന്നുണ്ടായിരുന്നു ഈ മൂന്നു വർഷവും. മിക്ക കഥകളും കേൾക്കുമ്പോൾ നിരാശ തോന്നും. പതിവുവേഷങ്ങൾ ചെയ്തു മടുത്തു എന്നുതന്നെ പറയാം. മാറി നിന്നു എന്നു കരുതി ജോലിയില്ലാതെ വീട്ടിലിരുന്നു എന്നു പറയരുത്. റിയാലിറ്റി ഷോയും ഗൾഫ് ഷോകളും സ്റ്റേജ് പ്രോഗ്രാമുകളുമായി എന്നും തിരക്കുണ്ടായിരുന്നു. മറ്റൊരു അർഥത്തിൽ ചിന്തിച്ചാൽ ബ്രേക്ക് കിട്ടിയത് നന്നായി. അതുകൊണ്ടാണ് ‘നവൽ എന്ന ജ്യുവൽ’ കിട്ടിയത്. കളിമണ്ണ് കഴിഞ്ഞ് എനിക്കു കിട്ടിയ ഒരു നല്ല വേഷമായാകും നവൽ പുറത്തുവരുന്നത്.

മൂന്നു വർഷം കാത്തിരുന്ന ഒരാളെ എക്സൈറ്റഡാക്കാൻ  മാത്രം എന്താണ് ഈ സിനിമയിലുള്ളത് ?

വ്യത്യസ്തമായ കഥാപാത്രം, ശ്വേതയ്ക്ക് ഇഷ്ടപ്പെടും എന്നുപറഞ്ഞാണ് ഈ സിനിമയുടെ സംവിധായകനും എന്റെയടുത്ത് വരുന്നത്. ഇതുതന്നെയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ കേട്ടുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ആദ്യം എന്റെ മറുപടി. അപ്പോൾ ബോൾഡായ കഥാപാത്രമാണ് ഇതെന്നായി. ഈയിടെയായി ബോൾഡ് കഥാപാത്രം എന്നു കേൾക്കുമ്പോ തന്നെ എന്റെ കാറ്റു പോകും. സോറി ചേട്ടാ എന്നുപറഞ്ഞ് കൈകൊടുക്കാൻ ഒരുങ്ങിയപ്പോഴാണ് എന്നെത്തന്നെ ഞെട്ടിച്ചുകൊണ്ട് അവരത് പറഞ്ഞത്, ‘ഈ സിനിമയിൽ ശ്വേത പെണ്ണല്ല, ആണാണ്.’

ഒരു സ്ത്രീ എന്ന നിലയിലും നടി എന്ന നിലയിലും എന്നെ എക്സൈറ്റ് ചെയ്തു ആ റോൾ. കഥയും നല്ലതായിരുന്നു. മൂന്നു നാലു മാസം സമയമെടുത്ത് നന്നായി വർക്ക് ഔട്ട് ചെയ്ത് ശരീരം ടോൺ ചെയ്ത ശേഷമാണ് ഷൂട്ടിങ്ങിന് ജോയിൻ ചെയ്തത്. മലബാർ അറബിക്കല്യാണമാണ് സിനിമയുടെ വിഷയം. 12–13 വയസ്സിൽ 65കാരനായ അറബിയുടെ ഭാര്യയായി നാടുവിട്ട് പോകേണ്ടിവന്ന പെൺകുട്ടിക്ക് ചെറിയ പ്രായത്തിൽത്തന്നെ അമ്മയാകേണ്ടി വരുന്നു. ഭർത്താവിന്റെ മരണത്തോടെ അറിയാത്ത നാട്ടിൽ അവൾ ഒറ്റയ്ക്കുമാകും. യഥാർഥ സംഭവം തന്നെയാണ് സിനിമയാക്കുന്നത് എന്നതിന്റെ ത്രില്ലുണ്ട്. ‌ഇറാനിൽ ഷൂട്ട് ചെയ്യാൻ പറ്റാത്തതുകൊണ്ട് മസ്കറ്റിലാണ് സിനിമ ചിത്രീകരിച്ചത്. ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷനെയും സ്ത്രീയെയും സമൂഹം നോക്കിക്കാണുന്നത് രണ്ടായിട്ടാണ്. അതും ഈ സിനിമ ചർച്ച ചെയ്യുന്നു.

സൗമ്യയും ജിഷയും നിർഭയയും പോലുള്ള വാർത്തകൾ വരുമ്പോൾ വിഷമം തോന്നാറുണ്ടോ ?

നിർഭയ സംഭവം നടക്കുന്ന വർഷമാണ് എന്റെ മോൾ ജനിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വന്ന ദിവസം പത്രത്തിൽ മറ്റൊരു വാർത്ത, ഡൽഹി‍യിൽ 11 ദിവസം പ്രായമുള്ള കുട്ടിയെ മാനഭംഗപ്പെടുത്തി. അതുകണ്ട് കണ്ണുനിറഞ്ഞ ശ്രീ മോളെയെടുത്ത് എന്റെയടുത്തുവന്ന് ചോദിച്ചു, ‘അമ്മൂ, എങ്ങനെയാ അവർക്ക് ഇത്ര ചെറിയ കുട്ടികളെ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നത്?’

ഞാൻ അന്നു മോളെ ചേർത്തുപിടിച്ച് കരഞ്ഞു. ഓരോ വാർത്തയും കേൾക്കുമ്പോൾ ഞാൻ പേടിച്ച് ശ്രീയോട് പറയും, ‘മോളെ സ്കൂളിലൊന്നും വിടണ്ട. വീട്ടിലിരുത്തിയാ മതി.’ ആദ്യമൊക്കെ ശ്രീ ചിരിക്കുമായിരുന്നു. പിന്നീട് ശ്രീക്ക് മനസ്സിലായി ഞാൻ സീരിയസാണെന്ന്. ‘തൊട്ടാവാടി സ്വഭാവം മാറ്റിവച്ച് പുറത്തിറങ്ങുക. അല്ലെങ്കിൽ വീട്ടിൽത്തന്നെയിരിക്കുക,’ ശ്രീയുടെ വാക്കുകൾ എനിക്ക് കരുത്തായി.

swethanew3



കേരളത്തിലെ എല്ലാ അമ്മമാർക്കും ഈ പേടിയുണ്ടാകും. ഇപ്പോൾ മോളെ സ്കൂളിൽ വിടുന്നത് ഞങ്ങളുടെ വണ്ടിയിൽ തന്നെയാണ്. അമ്മമാരുടെ ഈ പേടി കൊണ്ടാകും ജിപിഎസ് ഒക്കെയുള്ള സ്കൂൾ ബസ് നാട്ടിൽ വന്നത്. ഇത്തരം വാർത്ത കളെന്നല്ല, സിനിമ കണ്ടാൽ പോലും കരയുന്ന ആളാണ് ഞാൻ. സിനിമ കണ്ടാൽ ഞാൻ വേഗം കരയും. മോൾ ജനിച്ച ശേഷം അങ്ങനത്തെ പടങ്ങൾ കണ്ട് കരയാൻ പറ്റില്ലാത്തതു കൊണ്ട് നേരത്തേ സിനിമാക്കഥ ഗൂഗിളിൽ നോക്കിയിട്ടേ പോകൂ. അല്ലെങ്കിൽ തിയറ്ററിൽ ഞാൻ കരഞ്ഞ് കുളമാക്കുമെന്ന് ശ്രീക്കറിയാം. ഓവർ ടെൻഷൻ എടുക്കാൻ പറ്റില്ലാത്തതു കൊണ്ടുതന്നെ എനിക്ക് അധികം സുഹൃത്തുക്കളുമില്ല. വലിയ ടെൻഷൻകാരിയാ ഞാൻ. അക്കാര്യത്തിൽ തനി പെണ്ണ്. മോളെ ഗർഭിണിയായിരിക്കുന്ന സമയത്താണ് അമ്പിളി ചേട്ടന് (ജഗതി ശ്രീകുമാർ) അപകടം പറ്റുന്നത്. ആ വാർത്ത എന്നോട് ആരും പറഞ്ഞില്ല. മോളുണ്ടായിക്കഴിഞ്ഞാണ് ഞാൻ കാര്യം അറിയുന്നത്.

ഗർഭിണിയായിരിക്കുമ്പോൾ ഇടയ്ക്ക് കരഞ്ഞ് ശ്വാസംമുട്ടുമായിരുന്നു എനിക്ക്. ഡോക്ടർ അവസാനം പറഞ്ഞു, പത്രം വായിക്കണ്ട എന്ന്. പക്ഷേ, ഗോസിപ്പ് വായിക്കാതിരിക്കാൻ പറ്റില്ലല്ലോ. അക്കാലത്തുണ്ടായിരുന്ന ഏറ്റവും വലിയ സന്തോഷം ഗോസിപ്പ് കേൾക്കലായിരുന്നു. ഉളളിലുള്ളതും പെണ്ണാണെന്ന് അന്നേ അറിയാമായിരുന്നു.  

സ്ത്രീകളെപ്പറ്റിയുള്ള മറ്റുള്ളവരുടെ മുൻധാരണയ്ക്ക് ഇരയാണ് ശ്വേതയും. കൊല്ലത്തെ സംഭവം ഉദാഹരണം. ഇതൊക്കെ ഹാൻഡിൽ ചെയ്യാൻ വല്ല മാജിക്കുമുണ്ടോ ?

നന്നായി കിടന്നു കരയുന്നതാണ് എന്റെ ടെൻഷൻ കളയാനുള്ള വഴി. ഉള്ളിൽ വിങ്ങിവിങ്ങി ഇരിക്കുമ്പോഴല്ലേ ഹാൻഡിൽ ചെയ്യാനാകാതെ പൊട്ടിത്തെറിക്കുന്നത്. മുംബൈയിൽ പ്രശസ്തയായ മോഡൽ, കാമസൂത്രയുടെ പരസ്യത്തിലെ നടി, രതിനിർവേദം റീമേക്കിലെ നായിക, കാമറയ്ക്ക് മുന്നിൽ പ്രസവിച്ചവൾ... പിന്നെ അവളെ ഒന്നു തോണ്ടിയാലെന്താ എന്നൊക്കെയായിരുന്നു അന്നു ചിലർ ചോദിച്ചത്. ജോലിയുടെ ഭാഗമായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നോക്കിയാണോ നമ്മുടെ കാരക്ടർ കണക്കാക്കേണ്ടത്. അതെവിടുത്തെ ന്യായമാണ്. ജീവിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീയല്ലേ ഞാൻ. എനിക്കും അഭിമാനമില്ലേ. അന്നും ഞാൻ കരഞ്ഞുപോയി. ശ്രീയാണ് കൂടെ നിന്നത്, ‘അമ്മൂ, നീ ചെയ്തതാണ് ശരി. പ്രതികരിക്കാതെ മിണ്ടാതിരിക്കുന്ന എത്രയോ പെണ്ണുങ്ങളുണ്ട്. നീ മിണ്ടാതെ സഹിച്ചു നിന്നില്ലല്ലോ...’

അതോടെ ഒരു കാര്യം മനസ്സിലായി. സ്ത്രീകളാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു. അവരുടെ പദവിയും സ്ഥാനവും നിലനിർത്താനുള്ള വർത്തമാനമേ പൊതുജനത്തിനു മുമ്പിൽ അവർക്കുള്ളൂ. ഉള്ളിൽ ചിലപ്പോൾ അവർ എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടാകും. പക്ഷേ, വഹിക്കുന്ന സ്ഥാനത്തിന്റെ വലുപ്പം കൂടി നോക്കണ്ടേ. സ്വന്തം വീട്ടിലുള്ള ഒരാൾക്ക് ഇങ്ങനെ സംഭവിച്ചാൽ അവർ ഇങ്ങനെ പ്രതികരിക്കുമോ?

എനിക്ക് ചുറ്റുമുള്ളവരെല്ലാം കുറച്ച് ഓവർ പൊസിറ്റീവ് മാനസികനില ഉള്ളവരാണ്. എല്ലാത്തിനും നല്ലതു മാത്രമേ ചിന്തിക്കൂ. ഇപ്പോൾ തന്നെ അച്ഛൻ സുഖമില്ലാതെ ഇരിക്കുകയാണ്. അസുഖം മാറിയാൽ നാളെ അച്ഛനെ കൂട്ടി പുറ ത്തുപോകാം എന്നാണ് ഇന്നു ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. ദൈവാധീനവും കൂടെയുണ്ട്. എല്ലാ ബുദ്ധിമുട്ടിലും ൈദവം രക്ഷിക്കുകയും വഴികാട്ടുകയും ചെയ്യും. എനിക്കു ചുറ്റുമുള്ള നല്ല ആളുകളുടെ രൂപത്തിൽ ദൈവം വന്നു തുണ നിൽക്കാറാണ് പതിവ്. ഇപ്പോൾ ശ്രീയുണ്ടല്ലോ കൂടെ, നല്ല ധൈര്യമാ അക്കാര്യത്തിൽ.

ഇത്ര ഹാപ്പിയായിരുന്നിട്ടും വിവാഹമോചന വാർത്തകളിൽ സ്ഥിരം ആളാണല്ലോ ശ്വേത ?

അവസാനം ഞാൻ വിവാഹമോചിതയായത് ഇക്കഴിഞ്ഞ ജൂണിലാണ്. ഒരു ഗൾഫ് ഷോയ്ക്ക് പോയതാണ് ഞാൻ. ഇങ്ങനെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല. രാത്രി പ്രാക്ടീസ് കഴിഞ്ഞ് റൂമിൽ പോയിക്കിടന്നുറങ്ങി. രാവിലെ എത്തുമ്പോൾ അവിടെ ആർക്കും ചിരിയും തമാശയുമൊന്നുമില്ല. സീരിയസായി പ്രാക്ടീസ് മാത്രം. ഇടയ്ക്ക് കൂടിനിന്ന് എന്നെ നോക്കി എന്തൊക്കെയോ സംസാരിക്കുന്നു. കാര്യം തിരക്കിയിട്ട് ആരുമൊന്നും പറയുന്നുമില്ല. എനിക്കാകെ ഇറിറ്റേഷനായി.

അവസാനം ഷാജോൺ ചേട്ടനാണ് ചോദിച്ചത്, ‘ശ്വേത, നീ ഹാപ്പിയല്ലേ. ഇന്ന് നേരത്തേ പോണമെങ്കിൽ പൊക്കോ..’ ഞാൻ ചൂടായി. അപ്പോൾ ചേട്ടൻ ആ മെസേജ് കാണിച്ചു, ശ്വേതാ മേനോൻ വിവാഹമോചിതയായി. അതുകണ്ട് ഞാൻ പൊട്ടിച്ചിരിച്ചു. ശ്രീയെ ഉടൻ തന്നെ ഫോൺ ചെയ്ത് വിശേഷം അറിയിച്ചു, കേട്ടില്ലേ, നമ്മൾ വീണ്ടും വിവാഹമോചിതരായി. എന്റെ ജീവിതകഥ ഒരു മാഗസിനിൽ വന്നിരുന്നു. ആ സമയത്തിറങ്ങിയ ലക്കത്തിലാണ് എന്റെ ആദ്യത്തെ വിവാഹമോചനത്തെപ്പറ്റി പറഞ്ഞിരുന്നത്. അതാണ് പുതിയ കുപ്പിയിലാക്കി ഇറക്കിയത്. ഇതൊക്കെ സൈബർ ക്രൈമാണ്. ഇപ്പോൾ ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമ ‘ഇനൈദളം’ ഇങ്ങനെയൊരു സൈബർ ക്രൈമിന്റെ കഥയാണ് പറയുന്നത്. അടുത്ത വിവാഹമോചനം എന്നാണെന്നു നോക്കിയിരിക്കലാ ഇപ്പോ എന്റെയും ശ്രീയുടെയും പ്രധാന തമാശ.

ശ്വേതയുടെ അടുത്ത പ്രസവം പൂരപ്പറമ്പിൽ ടിക്കറ്റ് വച്ചായിരിക്കുമെന്നു പറഞ്ഞവരോട് മറുപടി പറഞ്ഞില്ലല്ലോ ?

കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കും എന്നതായിരുന്നു അന്നത്തെ പ്രധാന മുറവിളി. പക്ഷേ, അച്ഛന്റെ നാടായ വളാഞ്ചേരിയിലും അമ്മയുടെ നാടായ തിരൂരുമൊക്കെ വന്നപ്പോൾ സാധാരണ നാട്ടിൻപുറത്തുകാർ പോലും മോശമായി ഒന്നും പറഞ്ഞില്ല എന്നതാണ് വലിയ കാര്യം. ഒരു വനിതാ നേതാവിന്റെ കമന്റാണ് ഏറ്റവും വേദനിപ്പിച്ചത്. പ്രസവം ചിത്രീകരിക്കാൻ സമ്മതിച്ച ശ്വേത അടുത്ത പ്രസവം ഉത്സവപറമ്പിൽ നടത്തുമെന്ന് പറഞ്ഞ ആ നേതാവിനെ ഉറപ്പായും അത് കാണിക്കാൻ വിളിക്കുന്നുണ്ട് ഞാൻ.

ഒരു മോൻ കൂടി വേണ്ടേ ?

മോൻ എന്തായാലും വേണം. കുറച്ചുകൂടി കഴിഞ്ഞിട്ടാകാം. മോളെ ഗർഭിണിയായിരിക്കുമ്പോഴും മൂന്നു സിനിമകൾ ചെയ്തിരുന്നു. ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. പിന്നെ ഞാനിപ്പോ താറാമുട്ട കഴിക്കാറില്ല. എന്താണെന്നോ, പണ്ട് അവനൊരു പണി തന്നതാ. വിവാഹം കഴിഞ്ഞ് ആദ്യത്തെ സിനിമ, ‘ഉന്ന’ത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഭയങ്കര ഛർദി. സെറ്റിലുള്ള എല്ലാവരും അടക്കിച്ചിരിക്കുന്നു. ‘ഉം... വിശേഷമാണല്ലേ...’ ഞാൻ ആകെ ചമ്മി. പിന്നെയാണ് കാരണം മനസ്സിലായത്. താറാമുട്ട ആയിരുന്നു വില്ലൻ. അത് എനിക്ക് അലർജിയാണ്. അറിയാതെ സെറ്റിൽ വച്ച് മുട്ട കഴിച്ചതാണ് ഛർദിക്ക് കാരണം. വീണ്ടും താറാമുട്ട കഴിച്ച് ഞാൻ ഛർദിച്ചാൽ ആളുകൾ പറയും, ‘ദേ... ശ്വേതയ്ക്ക് പിന്നേം വിശേഷമുണ്ട്.’