Saturday 17 February 2018 11:35 AM IST : By സ്വന്തം ലേഖകൻ

'ആടുജീവിത'ത്തിൽ നജീബിന്റെ സൈനുവാകാൻ തയാറെടുത്ത് അമല പോൾ

amala-aadu-jeethitham

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തിൽ നായികയായി എത്തുന്നത് അമല പോൾ. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇങ്ങനെയൊരു പ്രോജക്ട് എന്നും അത് യാഥാർഥ്യമാകാൻ പോകുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അമല പോള്‍ കുറിച്ചു.

"ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച നോവലാണ് 'ആടുജീവിതം.' നജീബിന്റെ അതിജീവനം എന്നെ പ്രചോദിപ്പിച്ചിരുന്നു. നജീബിന്റെ സൈനുവാകാൻ കാത്തിരിക്കുകയാണ്. നജീബ് ആകാൻ രണ്ടു വർഷമാണ് പൃഥ്വി സിനിമയ്ക്കായി നൽകിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന തിരക്കഥയാണ് സിനിമയുടേത്. ത്രിഡിയിൽ ദൃശ്യങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കും." അമല പോൾ പറയുന്നു.

സിനിമയ്ക്കായി എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിയും കെ യു മോഹനനും ഒന്നിക്കുന്നതും പുതുമയാണ്. റഹ്മാന്‍ സംഗീതമൊരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ആടുജീവിതം.1992 ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയുടെ സംഗീതം ഒരുക്കിയതും റഹ്മാനായിരുന്നു. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടുജീവിതം നിർമിക്കുന്നത്. കുവൈറ്റ്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക.