Monday 01 April 2019 02:36 PM IST : By സ്വന്തം ലേഖകൻ

ജയറാമും ദിലീപിന്റെ രീതിയിലേക്ക് മാറി, അതോടെ കൂട്ടുെകട്ട് പൊളിഞ്ഞു! രാജസേനന്റെ ഫെയ്സ്ബുക്ക് വിഡിയോ

raja

ദിലീപിനെതിരേ ചാനലുകളിൽ പ്രതികരിച്ചതിന്റെ പേരിൽ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ രാജസേനന്‍. ചര്‍ച്ചകളില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചാണ് ട്രോള്‍ ചെയ്യുന്നതെന്നും ഇതു വേദനിപ്പിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

ട്രോളിങ് നല്ല കലയാണ്. നല്ല തലയുള്ളവരാണ് ട്രോളുകള്‍ ഉണ്ടാക്കിവിടുന്നത്. പക്ഷേ ചെറിയ രീതിയിലെങ്കിലും ന്യായീകരണം വേണം. ഒരാളെ കളിയാക്കാം പക്ഷെ ഒരുപാട് നോവിക്കരുതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ സിനിമാജീവിതം തകര്‍ത്തത് ദിലീപാണെന്ന് പറഞ്ഞിട്ടില്ല. ഒരു വലിയ ബജറ്റ് സിനിമയില്‍ നിന്ന് താന്‍ പോലും അറിയാതെ ദിലീപ് പിന്‍മാറിയിട്ടുണ്ട്. അത് ദിലീപിനും അറിയാം. ദിലീപിനും തിരക്കഥാകൃത്തുക്കള്‍ക്കും എന്റെ കൈകൊണ്ടാണ് അഡ്വാന്‍സ് നല്‍കിയത്. ഇതല്ലാതെ തന്റെ സിനിമാ ജീവിതത്തില്‍ ദിലീപ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും വിഡിയോയിൽ അദ്ദേഹം പറയുന്നു.

ഒരുപാട് നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ സിനിമയിലുണ്ട്. തന്റെ സിനിമാജീവിതത്തില്‍ ഇടവേളയുണ്ടാകാന്‍ കാരണം ഇത്തരം പ്രശ്‌നങ്ങളാണ്. ഒരു നടന്റെ അടുത്തേക്ക് ചെല്ലുക. അയാള്‍ പറയുന്ന നടിയെ വെയ്ക്കുക. അയാള്‍ പറയുന്ന സംഗീത സംവിധായകനെ വെയ്ക്കുക. അയാള്‍ പറയുന്നതുപോലെ കഥ തിരുത്തുക. അയാള്‍ പറയുന്ന ക്യാമറമാനെയും എഡിറ്ററെയും വെയ്ക്കുക. എന്നിങ്ങനെയുള്ള സമ്പ്രദായം തനിക്കറിയില്ല. ആ രീതിയിലുള്ള സിനിമാ നിര്‍മ്മാണത്തോട് യോജിപ്പില്ല. അതാണ് തന്റെ സിനിമാ ജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കിയതെന്നും രാജസേനൻ പറഞ്ഞു.

സ്‌ക്രിപ്റ്റുമായി ഒരിക്കലും ഒരു നടന്റെയും പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി പോവുകയുമില്ല. ജയറാമിനും അക്കാര്യം നന്നായി അറിയാം. ജയറാമും ഈ രീതിയിലേക്ക് മാറിയതോടെയാണ് ഞങ്ങള്‍ അകന്നത്. ദിലീപ് എന്ന നടന്‍ മലയാള സിനിമയില്‍ കൊണ്ടുവന്നതാണ് ഈ രീതി. എല്ലാത്തിലും ഇടപെടുക. എന്നിട്ട് സംവിധായകന്‍ എന്ന പറയുന്നയാള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ചുമതലയും നല്‍കാതിരിക്കുക. സംവിധായകന്റെ സര്‍ഗാത്മകതയ്ക്ക് യാതൊരു വിലയും കൊടുത്ത അവസ്ഥ സിനിമയില്‍ ഇപ്പോള്‍ ഉണ്ട്. വെറും കറിവേപ്പിലയുടെ അവസ്ഥയാണ് നിര്‍മ്മാതാക്കള്‍ക്ക്. അദ്ദേഹം പറഞ്ഞു. തന്റെ ചില സിനിമകള്‍ മോശമായതിന്റെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.