Friday 22 March 2019 12:45 PM IST : By സ്വന്തം ലേഖകൻ

ഷൂട്ടിങ് സെറ്റിൽ ഉപേക്ഷിച്ച പ്ളേറ്റുകളും കപ്പുകളും പെറുക്കി ദുൽഖർ; ’ഗ്ലോബ്’ എന്ന ഹ്രസ്വചിത്രം പിറന്നത് ഇങ്ങനെ!

globe1

ദുൽഖർ സൽമാൻ ചെയ്തൊരു പ്രവൃത്തി മേക്കപ്പ്മാൻ രതീഷിനു സിനിമയ്ക്കുള്ള പ്രചോദനമായി. ഗ്ലോബ് എന്ന ഹ്രസ്വചിത്രം പിറന്നത് അതിലൂടെയാണ്. ദുൽഖർ സൽമാന്റെ മേക്കപ്പ്മാൻ രതീഷ് സംവിധാനം ചെയ്ത ഗ്ലോബ് എന്ന ഹ്രസ്വചിത്രം പരിസ്ഥിതി സംരക്ഷണത്തിന്റെ തുടക്കം വീട്ടിലാകണമെന്ന് ഓർമിപ്പിക്കുന്നു. ‘നീലാകാശം പച്ചക്കടൽ’ എന്ന സിനിമയുടെ ചിത്രീകരണ സ്‌ഥ​ലത്ത് ഉപേക്ഷിക്കപ്പെട്ട കടലാസുപ്ലേറ്റുകളും കപ്പുകളും ദുൽഖർ പെറുക്കികൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും ഓടിയെത്തി. അതിനുശേഷം ഒരു തുണ്ടു കടലാസുപോലും ആ സിനിമാ സംഘം എവിടെയും ഉപേക്ഷിച്ചില്ല. ഈ സംഭവമാണ് എ.വി. രതീഷിനെ ഇത്തരമൊരു ഹ്രസ്വചിത്രത്തിലേക്ക് എത്തിച്ചത്.

സ്കൂളിലേക്കു കൊണ്ടുപോകാൻ ഭൂഗോളം വാങ്ങുന്ന ഒരു കുട്ടിയിൽ നിന്നാണു ചിത്രം തുടങ്ങുന്നത്. പതുക്കെ പതുക്കെ നാം പ്രകൃതിയോടു ചെയ്യുന്ന ക്രൂരതയുടെ ചിത്രം തെളിയുകയാണ്. നമ്മുടെ വീട്ടിൽത്തന്നെ വലിച്ചെറിയുന്ന ചപ്പും ചവറുമാണു വളർന്നു ഈ ലോകം മൂടുന്ന വലിയ ദുരന്തമാകുന്നതെന്നു രതീഷ് നമ്മെ ഓർമിപ്പിക്കുന്നു. വലിച്ചെറിയുന്ന ഒരു മിഠായി കടലാസുപോലും ഈ ദുരന്തത്തിലേക്കുള്ള ചുവടാണെന്നാണു രതീഷ് കാണിച്ചു തരുന്നത്. ബാലനടനായ ഇൽഹാനൊഴിച്ച് എല്ലാവരും രതീഷിന്റെ വീടിന്റെ പരിസരത്തുള്ളവർ തന്നെയാണ്. ഒരു ഫീച്ചർ സിനിമയുടെ ഷോട്ടിനെ ഓർമിപ്പിക്കുന്നതാണു പല ദൃശ്യങ്ങളും. ഒരു ലക്ഷത്തിലേറെപ്പേർ ഇതിനകം ഗ്ലോബ് കണ്ടു കഴിഞ്ഞു. ദുൽഖറും ഇതു ഷെയർ ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾ അറിയാം