Tuesday 16 January 2018 02:29 PM IST : By സ്വന്തം ലേഖകൻ

സിങ്കവും തമ്പിയും ആദ്യമായി ഒന്നിക്കുന്ന ‘കടൈക്കുട്ടി സിംഗം’; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ആരാധകരുടെ കയ്യടി

suriya_karthi

തമിഴിന്റെ പ്രിയ താരസഹോദരങ്ങള്‍ സൂര്യയും കാര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘കടൈക്കുട്ടി സിംഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ‘അണ്ണ’ന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്‍ പങ്കുവച്ച് കാര്‍ത്തി എത്തിയപ്പോള്‍ ‘സ്‌നേഹം നിറഞ്ഞ ആരാധകരെ, കാര്‍ത്തിയുടെ അടുത്ത ചിത്രം കടൈക്കുട്ടി സിംഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ, ഞങ്ങളുടെ കൃഷിക്കാരനെ എല്ലാവരും ഇഷ്ടപ്പെടുമെന്നു കരുതുന്നു’  എന്ന് പറഞ്ഞാണ് കാര്‍ത്തിയുടെ അടുത്ത ചിത്രത്തിന്റെ പോസ്റ്റര്‍ സൂര്യ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ അവതരിപ്പിച്ചത്. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റാണ്   ‘കടൈക്കുട്ടി സിംഗം’ നിര്‍മ്മിക്കുന്നത്.  

ഗ്രാമപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ലുങ്കിയുടുത്ത് ബുളളറ്റ് ഓടിക്കുന്ന ഒരു കര്‍ഷകനായാണ് കാര്‍ത്തി എത്തുന്നത്.  ചിത്രത്തില്‍ സൂര്യ അഭിനയിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ തെലുങ്ക് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. ‘ചിന്നബാബു’ എന്നാണ് തെലുങ്കില്‍ പേരിട്ടിരിക്കുന്നത്.  

നേരത്തേ തനിക്കൊരു സിനിമ സംവിധാനം ചെയ്യണമെന്നും തന്റെ ചിത്രത്തില്‍ സഹോദരന്‍ സൂര്യയെ നായകനാക്കണമെന്നും കാര്‍ത്തി പറഞ്ഞിരുന്നു. താന്‍ സംവിധാന സഹായിയായിരുന്ന കാലത്ത് അണ്ണന് വേണ്ടി ഒരു തിരക്കഥ എഴുതിയിരുന്നതായും കാര്‍ത്തി  നേരത്തെ പങ്കുവച്ചിരുന്നു. എന്തായാലും തീരനുശേഷം സൂര്യയ്ക്കൊപ്പം ആരാധകര്‍ ഏറെ ഉള്ള കാര്‍ത്തിയെയും സൂപ്പര്‍ യുവതാരമായാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.