Monday 06 May 2019 05:04 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്റ്റ്; 'മാമാങ്കം' തുടങ്ങുന്നു

mammotty-mamankam

നിളയുടെ തീരത്ത്, തിരുനാവായ എന്ന സ്ഥലത്ത് നടന്നിരുന്ന 'മാമാങ്കം' എന്ന ഉത്സവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായകനായി മമ്മൂട്ടി. 'മാമാങ്കം' എന്നു തന്നെയാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ആരാധകരെ ഈ സന്തോഷവാർത്ത അറിയിച്ചത്.

"വള്ളുവനാട്ടിലെ വീര ചാവേറുകളുടെ കഥ പറയുന്ന 'മാമാങ്ക'ത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. 12 വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം നവാഗതനായ സജീവ് പിള്ളയാണ് സിനിമയ്‌ക്ക് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് 'മാമാങ്കം' ഒരുങ്ങുന്നത്. ഏറ്റവും പ്രസിദ്ധമായ 'മാമാങ്കം' എന്ന ടൈറ്റില്‍ ഞങ്ങള്‍ക്ക് അനുവദിച്ചു തന്നതിന് നവോദയയ്ക്ക് ഈയവസരത്തില്‍ നന്ദി പറയുന്നു.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ താരങ്ങളും ടെക്‌നീഷ്യന്മാരുമുള്‍പ്പെടെ വന്‍ താരനിരയാണ് സിനിമയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാം. എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍." മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.