Tuesday 13 November 2018 02:24 PM IST : By സ്വന്തം ലേഖകൻ

വന്യസൗന്ദര്യവുമായി ദുബായ് സഫാരി പാർക്ക് തുറന്നു; രണ്ടാഴ്ച പ്രവേശനം സൗജന്യം!

SAFARI-PARK-OPENED1.jpg.image.784.410

വന്യസൗന്ദര്യവുമായി ഒരു ബില്യൻ ദിർഹം ചെലവഴിച്ച് നിർമിച്ച ദുബായ് സഫാരി പാർക്കിന് ശാന്തമായ തുടക്കം. പരീക്ഷണാടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മുതൽ ദുബായ് സഫാരി പ്രവര്‍ത്തിക്കുക. മാധ്യമപ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മുൻപില്‍‌ പാർക്ക് അനാവരണം ചെയ്യപ്പെട്ടു. 2018 ജനുവരിയിൽ പാർക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.  അൽ വർഖ അഞ്ചിൽ 119 ഹെക്ടറിൽ നിർമിച്ച പാർ‌ക്ക് വരും മാസങ്ങളിൽ കൂടുതൽ പ്രവർത്തന സജ്ജമാകുമെന്ന് മുനിസിപാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. ഇന്നു മുതൽ രണ്ടാഴ്ചത്തേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

SAFARI-PARK-OPENED2.jpg.image.784.410

നാല് ഗ്രാമങ്ങൾ

അറേബ്യൻ  ഗ്രാമം , ആഫ്രിക്കന്‍ ഗ്രാമം , ഏഷ്യൻ ഗ്രാമം , സഫാരി ഗ്രാമം എന്നിങ്ങനെയാണ് ദുബായ് സാഫാരി കാഴ്‌ചകളെ നാലായി വേർതിരിച്ചിട്ടുണ്ട് . ഇതിനു പുറമെ താഴ്വരകളുടെ ഒരു മേഖലയും സുന്ദര കാഴ്ചകളുടെ പച്ചത്തുരത്തായി സന്ദർശകരെ കാത്തിരിക്കുന്നു. വിനോദ, പ്രകൃതി കാഴ്ചാ  വൈവിധ്യങ്ങളാണ് ദുബായ് സഫാരി സമ്മാനിക്കുന്നത്.  സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്രകൃതി സൗഹൃദ പാർക്കെന്ന പ്രത്യേകതയും ദുബായ് സഫാരിക്കുണ്ട്.

SAFARI-PARK-OPENED4.jpg.image.784.410

ടിക്കറ്റ് നിരക്ക്

ഏഷ്യൻ, ആഫ്രിക്കൻ, അറേബ്യൻ വില്ലേജുകൾ: കുട്ടികൾക്ക്–20 ദിർഹം, മുതിർന്നവർക്ക്–50 ദിർഹം

സഫാരി വില്ലേജ്:  കുട്ടികൾക്ക്–20 ദിർഹം, മുതിർന്നവർക്ക്–50 ദിർഹം

എല്ലാ വിഭാഗങ്ങളിലേയ്ക്കുമുള്ള പ്രവേശന നിരക്ക്: കുട്ടികൾക്ക്–30 ദിർഹം. മുതിർന്നവർക്ക്–85 ദിർഹം.

മൂന്ന് വയസിന് താഴെയുള്ളവർക്കും 60 വയസിന് മുകളിലുള്ളവർക്കും പ്രവേശനം സൗജന്യം. പ്രവേശനം സമയം: രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ.

SAFARI-PARK-OPENED3.jpg.image.784.410

250 ഇനം; 2500 മൃഗങ്ങൾ

അത്യാകർഷകവും അപൂർവവുമായ 250 ഇനങ്ങളിലുള്ള 2,500 മൃഗങ്ങളാണ് പാർക്കിൽ കാഴ്ചവസന്തം സമ്മാനിക്കുക. ഇന്ത്യയിൽ നിന്നായിരിക്കും ആനകളെത്തുക. പാർക്കിനകത്ത് സന്ദർശകർക്ക് സൗകര്യമൊരുക്കി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളും ഒരുക്കി നിർത്തിയിട്ടുണ്ട്. കാൽ നടയായും വാഹനത്തിലും പാർക്കിലെ കാഴ്‌ചകൾ ആസ്വദിക്കാൻ സന്ദർശകർക്ക് ഇതുവഴി സാധിക്കുമെന്ന് അൽസുവൈദി പറഞ്ഞു.

SAFARI-PARK-OPENED6.jpg.image.784.410

വാഹന പാർക്കിങ്ങുകളിൽ നിന്നു  തന്നെ സന്ദർകർക്ക് കയറാനായി 'പാർക്ക് വാഹനങ്ങള്‍’ സജ്ജമാക്കിയിട്ടുണ്ട്.  പ്രകൃതി ജീവിതത്തിന്റെ ലോകത്തെ സവിശേഷ കേന്ദ്രം ദുബായില്‍ സൃഷ്ടിക്കുക എന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ സ്വപനമാണ് സഫാരിയിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. അടുത്ത അഞ്ചുവർഷ ത്തിനുള്ളിൽ ലോകത്തെ അഞ്ചു പ്രധാന പാർക്കുകളിൽ ഒന്നാക്കി മാറ്റാനുള്ള ഭഗീരയത്നത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി.

SAFARI-PARK-OPENED5.jpg.image.784.410

ഒരു ദിവസം പതിനായിരം പേർക്ക് കാണാൻ കഴിയുന്ന വിധത്തിൽ  വിപുലീകരിക്കുകയും മോടി  പിടിപ്പിക്കുകയും ചെയ്യുന്നു. ‌പാർക്കിനോട് അനുബന്ധിച്ചു 3600 പാർക്കിങ് സൗകര്യമുണ്ട്. ഈ വാഹനങ്ങൾക്ക് സഞ്ചരിക്കാനായി പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. മൃഗങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലാണ് മൃഗശാല രൂപകൽപ്പന ചെയ്തത്. കൂട്ടിലല്ല, കാട്ടിലാണ്  ജീവിക്കുന്നതെന്ന പ്രതീതി ജീവികളില്‍ ജനിപ്പിക്കാൻ നിർമാണത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. ജീവികളുടെ പരിചരണത്തിനായി പരിചയ സമ്പന്നരായ മൃഗ ഡോക്ടർമാരെയും പാർക്കിൽ നഗരസഭ നിയമിച്ചു കഴിഞ്ഞു.

കൂടുതൽ വായനയ്‌ക്ക്