Friday 05 October 2018 02:28 PM IST : By സ്വന്തം ലേഖകൻ

കുടുംബ ബജറ്റിനെ ജിഎസ്ടി ഇടിച്ചു നിരത്താതിരിക്കാൻ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം...?

gst2

പൊരിച്ച മീനും കൂട്ടി എസി തണുപ്പിലിരുന്ന് ഊണു കഴിക്കുന്നതിന് നൂറു രൂപയായിരുന്നു. ദാ, ഇപ്പോ നൂറ്റി പതിെനട്ട്. എവിട നിന്നു വന്നു ഈ  പതിെനട്ട് എന്നു ചോദിച്ചാല്‍ അല്‍പം പുച്ഛവും  ഇട്ട്  കടക്കാരന്‍ പറയും, ‘‘അറിഞ്ഞില്ലേ ചേട്ടാ, ഇതാണു ജിഎസ്ടി.’ സൂപ്പർ മാർക്കറ്റിൽ കയറി ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങി ബില്ല് കിട്ടിയപ്പോള്‍ വീണ്ടും െഞട്ടി. കുടുംബ ബജറ്റിലൊരു കൊടുങ്കാറ്റു വീശിയോ എന്നു സംശയം. ബില്ലിൽ നല്ല വർധനയുണ്ട്. കസിന്‍റെ  കല്യാണത്തിനിടാന്‍  ബ്രാന്‍ഡഡ്  ചുരിദാര്‍ വാങ്ങിയ  ബില്ല് കൂടി  കണ്ടപ്പോള്‍ ‘മണിച്ചിത്രത്താഴി’ൽ മോഹൻലാലിനെക്കുറിച്ച് തിലകന്‍‌ പറയുന്ന ഡയലോഗ് ജിഎസ്ടിക്കും ചേരുമെന്നു മനസ്സിലായി. ‘ആളെ അങ്ങട്ട് മനസ്സിലായില്ലാന്നു തോന്നണു, രാവണനാ... രാവണന്‍. പത്തു തലയുണ്ട് ഇവന്.’


ജിഎസ്ടി വരുന്നു എന്നു കേട്ടപ്പോൾ ഇതൊന്നും എ ന്നെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന മട്ടായിരുന്നു പല  ര്‍ക്കും. വില കുറയുമെന്നും വില കൂടുമെന്നുമൊക്ക പിന്നീടു പല  പ്രസ്താവനകളും  ഉണ്ടായി.  ഇപ്പോള്‍  കുടുംബ ബജറ്റിനു സാരമായി പരുക്കേൽക്കാൻ തുടങ്ങിയപ്പോഴാണ് ഈ ജിഎസ്ടി അത്ര നിസ്സാരക്കാരനല്ല എന്നു തിരിച്ചറിഞ്ഞത്.
സാധനമാകട്ടെ, േസവനമാകട്ടെ  എന്തിെനാപ്പവും  ഇനി ഗു‍ഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി) എന്ന നികുതി കൂടി ഉണ്ട്. പരോക്ഷ നികുതിയായതിനാല്‍ ഇത് എല്ലാവരേയും ബാധിക്കും. ഉപ്പു തൊട്ടു കർപൂരം വരെയുള്ള എല്ലാ സാധനങ്ങളും ജിഎസ്ടിയുെട പരിധിയിലാണ്. വീട്ടിലേക്ക് എന്തു സാധനം വാങ്ങിയാലും എന്തു സേവ നം അനുഭവിച്ചാലും അതിനെല്ലാം നികുതി ബാധകമാണ്. കൂടുതല്‍ ജിഎസ്ടിയുള്ളതു വാങ്ങിയാല്‍ വില കൂടും. കുറഞ്ഞുള്ളതു വാങ്ങിയാല്‍ കുറയും.
എന്നാൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ജിഎസ്ടി ഏൽപ്പിക്കുന്ന അധിക ഭാരത്തിൽ നിന്നു രക്ഷപ്പെടാമെന്ന് സാമ്പത്തിക വിദഗ്ധർ ഉറപ്പു പറയുന്നു. വീട്ടുസാധനങ്ങളും േഹാട്ടൽ ഭക്ഷണവും മറ്റുമായി മാസം പതിനയ്യായിരം രൂപ ചെലവാക്കിയിരുന്ന കുടുംബത്തിന് ജിഎസ്ടി ഇനത്തില്‍ 2000 രൂപയോളം കൂടി ഇനി അധികം െകാടുക്കേണ്ടി വരും. ‘നികുതിയറിഞ്ഞ് ’ മുന്നോട്ടു പോയാൽ ചുരുങ്ങിയത് 800 മുതൽ 1000 രൂപവരെ ഒരു മാസം ലാഭിക്കാം. ഇതിനു പക്ഷേ, ഒരു മാസ്റ്റർ പ്ലാൻ കുടുംബ ബജറ്റിൽ കൊണ്ടുവരണമെന്നു മാത്രം.


ഒരു പഫ്സ് വാങ്ങിയ കഥ


ആദ്യം നമുക്കൊരു ചായ കുടിച്ചു തുടങ്ങാം. ബേക്കറിയിലെ ചില്ലലമാരിയില്‍ നിന്നു ചെറു കടികള്‍ എടുക്കും മുമ്പ് ചില കരുതലുകള്‍ വേണം. പഴംപൊരി, സുഖിയൻ, ബനാന പഫ്സ്, ബ്ലാക്ക് ഫോറസ്റ്റ്.... ഏതെടുക്കണം? ‘നാലും ഒാരോ പ്ലേറ്റ് പോന്നോട്ടെ...’ എന്ന പഴയ സിദ്ധാന്തം ഇനി ആപത്താണ്.  ഒാരോ സാധനങ്ങളുെടയും ജിഎസ്ടി ഒന്നോർക്കുന്നതു നന്ന്. ബ്ലാക്ക് ഫോറസ്റ്റിന് 18 ശതമാനവും ബനാന പഫ്സിന് 12 ശതമാനവും പാവം സുഖിയനും പഴംപൊരിക്കും അഞ്ചു ശതമാനവുമാണ് ജിഎസ്ടി. അതായത് 50 രൂപയുള്ള ബ്ലാക്ക് ഫോറസ്റ്റ് വാങ്ങിയാൽ ഒന്‍പതു രൂപ കൂടി ജിഎസ്ടി ആയി വാങ്ങും. 15 രൂപയുള്ള ബനാന പഫ്സിന് ഒരു രൂപ എണ്‍പതു െെപസയും അഞ്ചു രൂപയുള്ള പഴംപൊരിക്കും സുഖിയനും 25 പൈസയും കൂടി ജിഎസ്ടി ആയി െകാടുക്കണം. നികുതി കുറവുള്ളവ വാങ്ങി പണം ലാഭിക്കാം.  


എത്രയായി എന്ന് ഒറ്റനോട്ടത്തിൽ കണ്ണോടിച്ച് ബില്ലു കൊടുക്കുന്ന പതിവും ഒഴിവാക്കണം.  ജിഎസ്ടി കാലത്ത് വിശദമായ പരിശോധന തന്നെ വേണം. ചില കടക്കാര്‍ സാധനങ്ങളുെട വില ഒന്നിച്ചു കൂട്ടി െമാത്തത്തില്‍ 18 ശതമാനം ജിഎസ്ടി ചേർത്തിരിക്കും.

∙ ബേക്കറി ഭക്ഷണം പരമാവധി കുറയ്ക്കുക. വാങ്ങുന്ന ഭ ക്ഷണത്തിനു പരിധി വയ്ക്കുക. ഒരു നിശ്ചിത തുകയിൽ കൂടുതല്‍ ചെലവാക്കില്ല എന്നുറപ്പിക്കുക.
∙ ചെറിയ പലഹാരങ്ങൾ വീട്ടിലുണ്ടാക്കാൻ ശ്രമിക്കുക. വലിയ ചെലവ് ഒഴിവാക്കാം. ആരോഗ്യവും സംരക്ഷിക്കാം.
∙നൽകുന്ന നികുതിയെക്കുറിച്ച് ബോധമുണ്ടാക്കുകയാണു വേണ്ടത്. കൂടിയ ജിഎസ്ടി നൽകുന്ന പലഹാരങ്ങളിൽ നിന്നു മാറി നിൽക്കാം.   

ഹോട്ടലിൽ കയറുമ്പോഴുള്ള ഞെട്ടൽ


മുമ്പും പലതരം നികുതികൾ ഉണ്ടായിരുന്നു. ഉപഭോക്താവിന് അതെക്കുറിച്ചൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. നികുതിയെല്ലാം ഉൾപ്പെടെയുള്ള വിലയായിരുന്നു ഒാരോ സാധ നത്തിനും ഇട്ടിരുന്നത്. ജിഎസ്ടി വന്നതോ‍ടെ എത്ര നികുതിയാണു നൽകുന്നതെന്ന് കൃത്യമായി ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ‘തിരിച്ചറിവാണ്’ പ്രധാനമായും ഞെട്ടലുണ്ടാക്കുന്നത്.
ഇങ്ങനെ ഞെട്ടിത്തരിച്ചു പോകുന്നത് പലപ്പോഴും ഒരു കുടുംബം ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോഴാണ്. പതിവായി ഭക്ഷണത്തിനു കൊടുക്കുന്ന തുകയ്ക്കു പുറമേ ജി എസ്ടിയും കൂടി കൊടുക്കേണ്ടി വന്നതോടെ ബില്‍ തുകയില്‍ വലിയ വ്യത്യാസം വന്നു.
 ഉദാഹരണത്തിന് ഒരു എസി റസ്റ്ററന്‍റില്‍ മസാലദോശയ്ക്ക് 100 രൂപയായിരുന്നു വില എന്നു കരുതുക. ഇതില്‍ സര്‍ വീസ് ടാക്സ്(6 %), ലക്ഷ്വറി ടാക്സ് (14.5 %), വാറ്റ് (VAT. 12.5 %) ഇവയായി 33 രൂപ സര്‍ക്കാരിന് അടക്കണമായിരുന്നു. ബാക്കി 67 രൂപയാണ് കടക്കാരനു ലഭിക്കുക. ഇപ്പോള്‍ വിവിധ നികുതികൾ എടുത്തു കളഞ്ഞ് ജിഎസ്ടി എന്ന ഒറ്റ നികുതി വന്നു. അപ്പോള്‍ മസാലദോശയുടെ വിലയും (67 രൂപ) ജിഎസ്ടി 18 ശതമാനം കൂടി ചേര്‍ത്ത് 79. 60 െെപസ വാങ്ങാം. ഉപഭോക്താവിന് ഇരുപതു രൂപയിലേറെ ലാഭം. പക്ഷേ, യഥാർഥത്തില്‍ സംഭവിക്കുന്നത് ഇതിന്‍റെ മറുവശമാണ്. ആദ്യം വാങ്ങിയിരുന്ന 100 രൂപയും അതിന്‍റെ 18 ശതമാനവും േചര്‍ത്ത് 118 രൂപ കടക്കാരന്‍ വാങ്ങുന്നു. േചാദിച്ചാല്‍ ജിഎസ്ടി എന്നു പറയും. 80 രൂപയ്ക്കു കിട്ടേണ്ട മസാലദോശയ്ക്ക് 118 രൂപ െകാടുക്കേണ്ടി വരുന്നതു മൂലം വാങ്ങുന്നവന്‍റെ നഷ്ടം 38 രൂപ.

gst1


നാലുപേരുള്ള ഒരു കുടുംബം അഞ്ഞൂറു രൂപയ്ക്കു ഭക്ഷണം കഴിച്ചാൽ ജിഎസ്ടി ഉൾപ്പടെ ബില്ല് അഞ്ഞൂറ്റി തൊണ്ണൂറു രൂപയാവും. മാസത്തില്‍ നാലു ദിവസം േഹാട്ടലില്‍ പോ യാല്‍ ജിഎസ്ടി 360 രൂപ.
∙ ബേക്കറി പലഹാരങ്ങളും എസി റസ്റ്ററന്‍റുകളില്‍ നിന്നുള്ള ഭക്ഷണവും കൂടുന്നത് കുടുംബ ബജറ്റിനെ സാരമായി ബാധിക്കും. അതുകൊണ്ടു തന്നെ പുറമേ നിന്ന് ആഹാരസാധനങ്ങള്‍ വാങ്ങുന്നതു കുറയ്ക്കുക.
∙ എസി റസ്റ്ററൻറുകളിൽ 18 ഉം എസിയില്ലാത്ത സാധാരണ റസ്റ്ററന്റുകളിൽ 12 ശതമാനവുമാണ്  ജിഎസ്ടി. ആയിരം രൂപയ്ക്ക് ഭക്ഷണം കഴിച്ചാൽ‌ എസി റസ്റ്ററന്റിൽ 1180 ഉം നോ ൺ എസിയിൽ 1120 രൂപയും നൽകണം.
∙ പാഴ്സല്‍ വാങ്ങിയാലും ഇതേ നിരക്കില്‍ നികുതി നല്‍കണം എന്നോര്‍ക്കുക.
∙ നല്ല ഭക്ഷണം കിട്ടുന്ന ചെറുകിട ഹോട്ടലുകൾ നാട്ടില്‍ ധാരാളം ഉണ്ടല്ലോ. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ കാത്തുനി ൽക്കേണ്ടി വന്നേക്കാം. ചെറിയ ഹോട്ടലല്ലേ എന്ന അനാവ ശ്യ ‘തോന്നല്‍ ’ ഉണ്ടായേക്കാം. ഇതെല്ലാം മാറ്റിവച്ചാൽ പണം ലാഭിക്കാനുള്ള വഴി ഇത്തരം േഹാട്ടലുകളില്‍ പോവുകയാണ്. അവിടെ അഞ്ചു ശതമാനമേയുള്ളു നികുതി.
∙ ഹോട്ടൽ ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള കൂട്ടുക. ആ ഴ്ചയിൽ തന്നെ മൂന്നും  നാലും തവണ േഹാട്ടല്‍ ഭക്ഷണത്തെആശ്രയിക്കുന്നത് കീശ കാലിയാക്കും.

സൂപ്പർ മാർക്കറ്റിലെ വിലക്കുതിപ്പ്


പായ്ക്കറ്റിലുള്ള ഉൽപന്നങ്ങൾക്ക് വില കൂടിയിട്ടുണ്ട്. രാവിലെ കുടിക്കുന്ന ചായയെ മുതല്‍ ജിഎസ്ടി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പാലിന് ജിഎസ്ടി ഇല്ലെങ്കിലും തേയിലയ്ക്ക് ഉണ്ട്. ബ്രേക്ഫാസ്റ്റിനുള്ള ദോശ മാവ് പായ്ക്കറ്റിലുള്ളതാണെങ്കിൽ, ചപ്പാത്തി പായ്ക്കറ്റിലാണെങ്കിൽ ബ്രെഡും ബട്ടറുമാണെങ്കിൽ ഒക്കെ ജിഎസ്ടി നൽകേണ്ടി വരും. ഇനി ഉച്ചയ്ക്കു കഴിക്കുന്ന അരി പായ്ക്കറ്റിലുള്ളതാണെങ്കിലും ജിഎസ്ടി ഉ പഭോക്താവിനോടു വാങ്ങിയിട്ടുണ്ടാകും.
ചെറിയ ഹോട്ടലിൽ പോയാൽ ജിഎസ്ടി കുറയും പോലെ ചെറിയ കടയില്‍ നിന്നു വാങ്ങിയാല്‍ നികുതി ലാഭം ഇല്ല.  കാരണം, പായ്ക്കറ്റിലുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക്  എവിടെയും ഒരേ ജിഎസ്ടി തന്നെയാണ്.


ഷോപ്പിങ് മാളിൽ പോയി കാണുന്നതെല്ലാം ബാസ്ക്കറ്റിലേക്ക് എടുത്തിടുന്ന ശീലം ചെലവു കണ്ടമാനം കൂട്ടുകയേയുള്ളു. നികുതിയറിഞ്ഞ് ബുദ്ധിപൂർവമുള്ള തിരഞ്ഞെടുപ്പാണ് നല്ലത്. പായ്ക്കറ്റിലുള്ള ദോശമാവ് വാങ്ങാതെ, അരിയും ഉഴുന്നും തൂക്കി വാങ്ങി വീട്ടിലരച്ചുണ്ടാക്കിയാല്‍ ബജറ്റില്‍ കുറവുണ്ടാക്കാം.
∙സ്വയം നിയന്ത്രണമാണ് കുടുംബ ബജറ്റ് െെകപ്പിടിയില്‍ ഒ തുക്കാനുള്ള പ്രധാന വഴി.
∙ അരി, പയറു വർഗങ്ങൾ വെളിച്ചെണ്ണ തുടങ്ങിയവ പായ്ക്കറ്റിലാണെങ്കിൽ ജിഎസ്ടി ഉണ്ട്. എന്നാൽ ചില്ലറയായി തൂക്കി വാങ്ങുമ്പോൾ ജിഎസ്ടി ഇല്ല.
∙ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ തൂക്കിവാങ്ങാനുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തുക.
∙ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുക.

∙ ഒരു മാസത്തേക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കി വാങ്ങുക. അപ്പോഴും ഒാരോ സാധനങ്ങളുടെയും നികുതി മ നസ്സിലാക്കി ലിസ്റ്റ് തയാറാക്കുക.
∙ ലിസ്റ്റിലില്ലാത്ത സാധനങ്ങൾ വാങ്ങുമ്പോൾ നികുതി കൂടുതലാണോ എന്ന് അന്വേഷിക്കുക.

യാത്ര പോകുമ്പോൾ ശ്രദ്ധിക്കാം


ജിഎസ്ടി വന്നതോടെ യാത്രകളുടെ കാര്യത്തിലും ചെലവു കൂടി. പുറത്തു നിന്നു ഭക്ഷണത്തിന്‍റെ മാത്രമല്ല, ഹോട്ടലിലെ  മുറിവാടകയും  വിനോദ കേന്ദ്രങ്ങളിലെ  ടിക്കറ്റ് ചാർജും  എല്ലാം കൂടിയിട്ടുണ്ട്.
ആയിരം രൂപയ്ക്ക‍ു മുകളിലുള്ള ഹോട്ടൽ മുറികൾക്ക് ജിഎസ്ടി ഉണ്ട്. യാത്രയ്ക്കിടയില്‍ വാങ്ങുന്ന ഒട്ടുമിക്ക പായ്ക്കറ്റ് ഭക്ഷണങ്ങൾക്കും ജിഎസ്ടി ഉണ്ടാകും. ഇതൊക്കെ ഒരു ഫാമിലി ട്രിപ്പിന്‍റെ കണക്കു കൂട്ടലുകളെ തെറ്റിക്കും.
സിനിമ ടിക്കറ്റിനും ജിഎസ്ടി കാരണം ചാർജ് കൂടിയിട്ടു ണ്ട്. നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി. അവിടെ കിട്ടുന്ന പോപ്കോൺ ഉൾപ്പെടെയുള്ള ലഘുഭക്ഷണങ്ങൾക്കും പുതിയ നികുതി വന്നിട്ടുണ്ട്.
∙ പിക്നിക്കിനും മറ്റും പോകുമ്പോള്‍ ഭക്ഷണം വീട്ടിൽ ത യാറാക്കി കൊണ്ടു പോവുകയോ ജിഎസ്ടി ഇല്ലാത്ത മികച്ച  ഹോട്ടലുകളിൽ നിന്ന് പാർസലായി വാങ്ങുകയോ ചെയ്യാം.
∙ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒാൺലൈൻ സൈറ്റുകളും ആപ്ലിക്കേഷനുകളും നൽകുന്ന ഒാഫറുകൾ പ്രയോ ജനപ്പെടുത്താം. തിയറ്ററിൽ നിന്നു വാങ്ങാവുന്ന ലഘുഭക്ഷണങ്ങൾക്കും കോംബോ ഒാഫറുകൾ നൽകുന്ന ആപ്പുകളുണ്ട്
∙ ഒാൺലൈൻ വഴി ഹോട്ടൽ മുറി ബുക്ക് ചെയ്യുക. യാത്രക ൾ‌ മുൻകൂട്ടി നിശ്ചയിച്ചാൽ മികച്ച ഒാഫറുള്ള സമയത്ത്  ബുക്ക് ചെയ്ത് ജിഎസ്ടി മൂലമുണ്ടായ വില വ്യത്യാസത്തിൽ നിന്നു രക്ഷപ്പെടാം.

വാങ്ങല്‍ എങ്ങനെ ലാഭകരമാക്കാം


ജിഎസ്ടിക്കു പിന്നാലെ ചോദ്യങ്ങളുടെ പട തന്നെയാണു വന്നത്. എന്തിനൊക്ക വില കൂടി എന്തിനൊക്കെ കുറഞ്ഞു...ഇതാ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.
1.  നിത്യോപയോഗ സാധനങ്ങൾ ഒാൺലൈൻ വഴി വാങ്ങുന്നതു കൊണ്ടു വില കുറയുമോ?
ഒരേ നികുതി വന്നതോടെ വില കുറയില്ല. എങ്കിലും  ഒാഫറുകളെ അടിസ്ഥാനമാക്കിയാണ് ലാഭമാണോ നഷ്ടമാണോ എന്നു തിരിച്ചറിയുക. വലിയ മാളുകൾ ഒാഫറിന്റെ ഭാഗമായി വില കുറയ്ക്കുകയോ ബൈ വൺ ഗെറ്റ് വൺ ഒാഫർ ന ൽകുകയോ ചെയ്താൽ അതാകും ലാഭം.
2. വീടു നിർമാണം ഇപ്പോൾ ലാഭകരമാണോ?
വീടുവയ്ക്കാനുള്ള ചില സാധനങ്ങൾക്ക് വിലക്കുറവുണ്ടെങ്കിലും സിമന്റിന് 28 ശതമാനവും കമ്പിക്ക് 18 ശതമാനവും  ജിഎസ്ടി വന്നു. കല്ലിനും മണലിനും അഞ്ചു ശതമാനമാണ്. നിയമങ്ങൾ കർക്കശമായതോടെ കല്ലും മണലുമെല്ലാം കിട്ടാനും ബുദ്ധിമുട്ടുണ്ട്.
ടൈലിനും സാനിറ്ററി ഉൽപന്നങ്ങൾക്കും ഒരു ശതമാനം നികുതി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഈ സമയത്ത്  വീടു നിർമാണം അത്ര ലാഭകരമാണെന്നു പറയാനാകില്ല.
3. കാറുകൾക്ക് വില കുറയുമോ?
വിവിധതരം ചെറുകാറുകൾക്ക് ജിഎസ്ടിക്കു ശേഷം 25000 രൂപ വരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ എസ്‌യുവി കാറുകൾക്ക് 70000 രൂപ വരെ കൂടിയിട്ടുണ്ട്.
4. ഗൃഹോപകരണങ്ങൾക്ക് വില വർധനവുണ്ടോ?
ജിഎസ്ടിയിൽ ഒരു ശതമാനം വർധനവു മാത്രമാണുണ്ടായിരിക്കുന്നത്. അതിനാൽ വിലയിൽ വലിയ മാറ്റം ഇല്ല
5. മൊബൈൽ ഫോൺ ഒാൺലൈൻ വഴി തന്നെ വാങ്ങുന്നതാണോ ഇപ്പോഴും ലാഭകരം?
ലഭിക്കുന്ന ഒാഫറുകളെ അടിസ്ഥാനമാക്കിയാണ് വില കുറയുന്നത്. വലിയ മൊബൈൽ ഷോപ്പുകൾ ഒാൺലൈൻ സൈറ്റുകളോടു മത്സരിച്ച് വില കുറയ്ക്കുന്നുണ്ട്. നികുതിയിൽ ഏഴു ശതമാനം വർധനയുണ്ടായെങ്കിലും വിലയെ   ബാധിച്ചില്ല.
6. നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോൾ ആയിരം രൂപ വരെ ഒരു ജിഎസ്ടി അതിനു മുകളിൽ മറ്റൊരു ജിഎസ്ടിയാണോ? അങ്ങനെയാണെങ്കിൽ ബില്ലു രണ്ടായി അ ടിച്ചാൽ ജിഎസ്ടി കുറയുമോ?
ഒരിക്കലുമില്ല. ജിഎസ്ടി കണക്കാക്കുന്നത് അങ്ങനെയല്ല.


പണം ലാഭിക്കാന്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ


1. വാങ്ങുന്ന എല്ലാ ഉൽപന്നങ്ങൾക്കും നികുതിയുണ്ടെന്ന തിരിച്ചറിവുണ്ടായിരിക്കുക.    
2. മുന്തിയ ഹോട്ടലുകളിൽ നിന്നേ കഴിക്കൂ, വലിയ ബ്രാൻഡുകളേ ഉപയോഗിക്കൂ തുടങ്ങിയ കടുംപിടുത്തങ്ങള്‍ മാറ്റിനിർത്തുക. ഈഗോയെ സംതൃപ്തി പെടുത്തുകയാണോ കുടുംബ ബജറ്റിനെ രക്ഷിക്കുകയാണോ വേണ്ടതെന്ന് സ്വയം തീരുമാനിക്കുക.
3. ഒാൺലൈൻ  വഴിയുള്ള  ഒാഫറുകളും  സൂപ്പർമാർക്കറ്റിലെ ഒാഫറുകളും പരമാവധി പ്രയോജനപ്പെടുത്തുക.
4. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാൻ പോകുമ്പോൾ തൽകാലം ആവശ്യമില്ലാത്ത സാധനങ്ങൾ എടുക്കില്ലെന്നു തീരുമാനിക്കുക.
5. ജിഎസ്ടിക്കു ശേഷം വില വലിയ രീതിയിൽ കൂടിയ സാ ധനങ്ങളുടെ ഉപയോഗം തൽകാലം കുറയ്ക്കുക.
6. ഒരു മാസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ചു വാങ്ങുക. ചില സൂപ്പർമാർക്കറ്റുകളിൽ  നിശ്ചിത തുകയ്ക്കു മുകളി ലുള്ള സാധനങ്ങൾ വാങ്ങിയാൽ വിലക്കുറവുണ്ട്.
7. നികുതി കുറവുള്ള ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനായി ശ്രമിക്കാം. നികുതി കുറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കാം.
8. എല്ലാ ദിവസവും കണക്കുകൾ എഴുതി സൂക്ഷിക്കുക. ഒ രു മാസം വേണ്ടി വന്ന ചെലവുകൾ നോക്കി എവിടെയാണ് കൂടിയതെന്നും എത്ര നികുതി കൊടുത്തു എന്നും തി രിച്ചറിയുക.
9. പുറമേ നിന്നുള്ള ഭക്ഷണം, യാത്രകൾ, സിനിമ... ഇവയുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കാം.
10. കാർഡ് പെയ്മെന്റിനുള്ള ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തുക.
11. അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിലക്കുറവുണ്ടോ, ഒാഫർ ഉണ്ടോ എന്നെല്ലാം നോക്കിയ ശേഷം വാങ്ങുക.

വിവരങ്ങൾക്കു കടപ്പാട്: അശോക നാരായണൻ സൂപ്രണ്ട്, സെന്‍ട്രൽ ജിഎസ്ടി,
തിരുവനന്തപുരം
കെ.കെ ജയകുമാർ, പഴ്സനൽ ഫിനാൻസ് വിദഗ്ധൻ, കൊച്ചി
വാസുദേവഭട്ടതിരി, സാമ്പത്തികകാര്യ ലേഖകൻ,
മലയാള മനോരമ, കൊച്ചി