Thursday 12 July 2018 02:15 PM IST : By സ്വന്തം ലേഖകൻ

കാലം തെളിയിച്ചു അവരുടെ പ്രണയം സത്യമാണെന്ന്; മുഖം തകർന്നുപോയിട്ടും പ്രണയിനിയെ സ്വന്തമാക്കിയ യുവാവിന്റെ കഥ

sunita_jai

പ്രണയത്തിന് കണ്ണില്ല എന്നു പലരും പറയാറുണ്ട്. ബാഹ്യമായ സൗന്ദര്യം ഒരു ഘടകമേ അല്ല എന്ന് തെളിയിക്കുന്ന ചില യഥാർത്ഥ പ്രണയങ്ങൾ ആണത്. സ്നേഹിച്ച പെൺകുട്ടിയെ ഏതവസ്ഥയിലും കൈവിട്ടു കളയില്ല എന്നു പറയാതെ പറയുന്ന ജയ്‌യുടെ കഥ നാം അറിയാതെ പോകരുത്. ജയ്‌യെയും സുനിതയെക്കുറിച്ചും ഒരുപക്ഷെ നിങ്ങൾക്കറിയാനാവും. കാർ അപകടത്തിൽ മുഖം മുഴുവൻ തകർന്നു പോയ പ്രണയിനിയെ ജയ് വിവാഹം ചെയ്തപ്പോൾ അത് വാർത്തയായിരുന്നു. അന്ന് പലരും പറഞ്ഞു ഇതാണ് യഥാർത്ഥ പ്രണയമെന്ന്. എന്നാൽ മറ്റു ചിലർ പറഞ്ഞു, അധികകാലം നിലനിൽക്കില്ല ഈ ബന്ധമെന്ന്. എന്നാൽ യഥാർത്ഥപ്രണയം എന്തെന്ന് അവർ സ്വന്തം ജീവിത കഥയിലൂടെ തന്നെ തെളിയിച്ചു.

പ്ലസ്ടു ബാച്ചിന്റെ അവസാന മാസങ്ങളിലാണ് സുനിത എന്ന സുന്ദരിക്കുട്ടിയുമായി ജെയ് എന്ന പയ്യന് അടുക്കുന്നത്. പ്രണയമായിരുന്നില്ല, നല്ല ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷമായിരുന്നു ഇരുവർക്കും. അങ്ങനെ പരീക്ഷയോട് അടുത്ത സമയത്ത് എപ്പോഴോ സൗഹൃദം ജയ്‌യുടെ മനസിൽ പ്രണയമായി മാറി. പക്ഷെ പരീക്ഷയിൽ ഉഴപ്പാതിരിക്കാൻ ജയ് അത് മറച്ചുവച്ചു. മാത്രമല്ല സുനിതയ്ക്ക് ചിലപ്പോൾ അതുൾക്കൊള്ളാൻ കഴിയാതെ സൗഹൃദം ഉപേക്ഷിച്ചേക്കുമോ എന്ന ഭയമായിരുന്നു ജയ്‌ക്ക്. കാർഡുകളും ഫോൺ നമ്പറുകളും കൈമാറി അവർ പിരിഞ്ഞു. പക്ഷെ രണ്ടുവർഷത്തേക്ക് യാതൊരു ബന്ധവും ഇരുവരും തമ്മിലുണ്ടായില്ല.

jai2 ജയ്, സുനിത - പഴയ കാല ചിത്രം

പിന്നീട് ജയ്‌യുടെ ഒരു പിറന്നാൾ ദിനത്തിൽ സുനിത ഫോണിൽ വിളിച്ച് ആശംസിച്ചു. ആ ശബ്ദത്തിൽ നിറയെ പ്രണയമാണെന്ന് ജയ് തിരിച്ചറിഞ്ഞു. അങ്ങനെ സുനിതയെ തന്റെ ഇഷ്ടം ജയ് അറിയിച്ചു. ഒരു ദിവസം അവധിക്ക് അമ്മയെ കാണാൻ കാർ ഓടിച്ച് പോകവെ സുനിതയെ തേടി ആ ദുർവിധി എത്തി. സുനിത സഞ്ചരിച്ച കാർ ട്രക്കിലിടിച്ച് മുഖത്തിന്റെ 90 ശതമാനത്തോളം നഷ്ടമായി. ഗുരുതരാവസ്ഥയിലാണ് സുനിത എന്നറിയാതെ ജയ് അപകടം അറിഞ്ഞ് ആശുപത്രിയിലെത്തി. തിരിച്ചറിയാനാകാത്ത വിധം മുഖം നഷ്ടമായ സുനിതയെ കണ്ട് ജയ് തകർന്നു. പക്ഷെ ബോധം നഷ്ടപ്പെട്ട അവളുടെ കയ്യിൽ തന്റെ കൈ ചേർത്ത് ജയ് ഒരു വാക്കു നൽകി മനസിൽ. മരണത്തിന് പോലും വിട്ടുകൊടുക്കില്ല നിന്നെ. നീ എന്റേതാണ്’. ആ വാക്ക് ജയ് പാലിച്ചു

ഇപ്പോഴും വിവാഹം ചെയ്യാൻ തയാറാണെന്ന് ജയ് അറിയിച്ചപ്പോൾ സുനിതയും എതിർത്തിരുന്നു. സഹതാപം വിട്ടുമാറിയാൽ തന്നെ ഉപേക്ഷിക്കുമോ എന്ന പേടിയായിരുന്നു സുനിതയ്ക്ക്. വീട്ടുകാരുടെയും എതിർപ്പുകളുണ്ടായിട്ടും തന്റെ യഥാർത്ഥ സ്നേഹം അവർക്ക് മനസിലാക്കി നൽകി ജയ് സുനിതയെ ഗുരുവായൂരിൽ വച്ച് താലി കെട്ടി. പത്തോളം ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും പൂർവ സ്ഥിതിയിലേക്ക് സുനിതയ്ക്ക് എത്താൻ കഴിഞ്ഞില്ല. പക്ഷെ പ്രണയം ഉൾക്കണ്ണിലാണെന്ന ജയ് അവൾക്ക് കാട്ടിക്കൊടുത്തു. ഇന്ന് രണ്ട് കു്ടടികളുടെ അമ്മയാണ് സുനിത. അന്ന് ചേർത്ത് നിർത്തിയ ജയ് ആകട്ടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാൻ അനുവദിക്കാതെ കണ്ണിലെ കൃഷ്ണമണി പോലെയാണ് അവളെ സ്നേഹിക്കുന്നത്.