Monday 19 February 2018 02:29 PM IST : By സ്വന്തം ലേഖകൻ

ഹോട്ടലിൽ താമസിക്കാനും വേണം ചില കരുതലുകള്‍; ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ അറിയാൻ

solo-woman-hotel

ഒരു ദീർഘദൂര യാത്രയ്‌ക്ക് തയാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. ഒരുക്കം പായ്ക്കിങ് മുതൽ തുടങ്ങാം. മാത്രമല്ല, സുരക്ഷയ്ക്കായി വേണ്ട തയാറെടുപ്പുകളും നടത്തണം. പ്രത്യേകിച്ചും ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നത്  സ്ത്രീകളാകുമ്പോൾ ശ്രദ്ധയും കരുതലും കുറച്ചു കൂടുതൽ വേണം.

ഒരുക്കം, പായ്ക്കിങ് മുതല്‍

യാത്രയ്ക്കു മാത്രമായി ഒരു ഹാൻഡ് ബാഗ് ഉണ്ടായിരിക്കണം. യാത്ര തുടങ്ങിയാൽ തീരുന്നത് വരെ കൈയെത്തും ദൂരത്ത് ‘ഗ്രാബ് ബാഗ്’ സൂക്ഷിക്കണം. പാസ്പോർട്ട്, അത്യാവശ്യത്തിന് പണം, പാസ്പോർട്ടിന്റെയും വീസയുടെയും ഫോട്ടോ കോപ്പി, മൊബൈൽ ഫോൺ, പവർ ബാങ്ക്, നാട്ടിലെ അഡ്രസ്,  പോകുന്ന സ്ഥലത്തെ അഡ്രസ്, എംബസിയുടെ അഡ്രസ്, കോൺടാക്ട് നമ്പർ, സ്ഥിരം മരുന്നുകൾ, ആന്റി ഹിസ്റ്റമിൻ ഗുളികകൾ, ചെറിയ ടോർച്ച് ലൈറ്റ്, ഇന്റർനാഷനൽ ട്രാവൽ അഡാപ്‌റ്റർ, ഹെൽത് ഇൻഷുറൻസിന്റെ കോപ്പി ഇവയാണ് ഗ്രാബ് ബാഗിൽ വേണ്ടത്.

പല അറകളുള്ള ഹാൻഡ് ബാഗിൽ  ഒാരോന്നും പ്രത്യേകം കള്ളികളിൽ സൂക്ഷിക്കണം. നഷ്ടപ്പെട്ടു പോയാൽ ഏറ്റവും പ്രശ്നം കുറഞ്ഞത് പുറത്തെ കള്ളികളിൽ, ബുദ്ധിമുട്ടുണ്ടാക്കുന്നത്ഏറ്റവും അകത്ത് (പാസ്പോർട്ട്) എന്നിങ്ങനെയായിരിക്കണം പാക്കിങ്. വിമാനത്തിൽ പോലും ഇത് കയ്യിൽ തന്നെ വയ്ക്കണം.

ഹോട്ടലിൽ ചില കരുതലുകള്‍

പല ഹോട്ടലിലും നീണ്ട ഇരുണ്ട ഇടവഴികളുണ്ട്. ലിഫ്റ്റിനടുത്താണു മുറിയെങ്കില്‍ ഇടനാഴിയിലൂടെയുള്ള നടപ്പ് പരമാവധി കുറയും. ലിഫ്റ്റിൽ കയറുമ്പോൾ സംശയകരമായി എന്തു തോന്നിയാലും ഉടൻ പുറത്തിറങ്ങുക.

ഹോട്ടൽമുറിയിൽ ചെല്ലുമ്പോൾ അത് തുറന്നു കിടക്കുകയാണെങ്കിൽ റിസപ്‌ഷനിൽ തിരിച്ചുവന്ന് വേറെ മുറി ആവശ്യപ്പെടണം. മുറിയിലെത്തിയാലുടൻ നന്നായി നിരീക്ഷിച്ച് പുറമേ നിന്ന് ആർക്കെങ്കിലും  ഉള്ളിൽ പ്രവേശിക്കാൻ പഴുതുകളുണ്ടോ എന്ന് പരിശോധിക്കുക. അടുത്ത മുറിയിൽ നിന്നുള്ള വാതിൽ, ബാൽക്കണി, വെന്റിലേറ്റർ, ജനൽ എന്നിവ. കുളിക്കാൻ പോകുന്നതിനും വസ്ത്രം മാറുന്നതിനും മുൻപ് കർട്ടൻ ഇടുക. ഫയർ അലാം, ക്ലോക്ക്, ചുവരിലെ ചിത്രങ്ങള്‍, ഫ്ളവര്‍േവസ്, ലാംപ്േഷഡ്, റേഡിയോ എന്നിവയിലൊക്കെ ഒളിക്യാമറ ശ്രദ്ധിക്കുക. (http://www.spycameras.com/).

പാസ്പോർട്ട് തുടങ്ങിയ പ്രധാന രേഖകളും െെകയിലുള്ള പണവും  മുറിയിലെ ലോക്കറിൽ ഭദ്രമായി വയ്ക്കുക. ഒരു ദിവസത്തേക്കുള്ള  പണം മാത്രമേ കൈയിൽ കരുതാവൂ. വാതിലിന് സെക്യൂരിറ്റി ചെയിനുണ്ടോ, അത് ബലമായി ഉറപ്പിച്ചിട്ടുണ്ടോ എന്നെല്ലാം ശ്രദ്ധിക്കുക. വാതിൽ അകത്തുനിന്നും പൂട്ടുമ്പോൾ താക്കോൽ കീ ഹോളിൽ തന്നെ ഇടണം. സെക്യൂരിറ്റി ചെയിനുണ്ടെങ്കിൽ അത് ഉപയോഗിക്കണം, പുറത്ത് ആരു വന്നാലും ചെയിൻ ഇട്ട് വാതിൽ കുറച്ചു തുറന്നു നോക്കിയിട്ടേ തുറക്കാവൂ. രാത്രി ഉറങ്ങുന്നതിന് മുൻപ് വാതിൽ പുറത്തുനിന്ന് തുറക്കാൻ പറ്റാത്ത തരത്തിൽ ഡോർ സ്റ്റോപ്പർ ഉപയോഗിക്കുക. അതല്ലെങ്കിൽ ഒരു കസേര വാതിലിനോട് ചേർത്തിടുക. വെറും അഞ്ചുമിനിറ്റ് നേരത്തെ കാര്യമേയുള്ളൂ. ഒാര്‍ക്കുക, സെക്യൂരിറ്റിയുടെ കാര്യത്തിൽ ഇത്തിരി ഓവറായാലും സാരമില്ല.

പണം സൂക്ഷിക്കാൻ

യാത്ര പോകുമ്പോള്‍ പണം സുരക്ഷിതമായി കൊണ്ടു നടക്കുന്നത് തലവേദയാണ്. താമസം, ഭക്ഷണം, ലോക്കല്‍ യാത്ര, േഷാപ്പിങ് ഇവയ്ക്കെല്ലാം എത്ര പണം വേണം എന്ന് കണക്കുകൂട്ടി അതിലും പത്തോ ഇരുപതോ ശതമാനം അധികം പണം കയ്യിൽ എടുക്കണം. ഡോളറായി കരുതുന്നതാണു നല്ലത്. ലോകത്ത് എവിടേയും ഡോളർ മാറിക്കിട്ടും. ഇന്റർനാഷനൽ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ പിന്നെ അതനുസരിച്ചു കാഷ് കയ്യിൽ എടുത്താൽ മതി, പക്ഷേ, പോകുന്ന എല്ലായിടത്തും കാർഡ് സ്വീകരിച്ചു കൊള്ളണമെന്നില്ല.

പണം  മുഴുവനും ഒരിടത്ത് ഒരുമിച്ചു വയ്ക്കാതെ, കാരി ഓൺ ലഗേജിന്റെ ഉള്ളിൽ തന്നെ ഒന്നോ രണ്ടോ സ്ഥലത്തായി വേണം സൂക്ഷിക്കേണ്ടത്. ഒരിക്കലും ചെക്ക് ഇൻ ലഗേജിന്റെ അകത്ത് പണം വെക്കരുത്. ഒന്നിൽ കൂടുതൽ ആളുകൾ ആണ് യാത്ര ചെയ്യുന്നതെങ്കിൽ പണം ഒരാൾ മാത്രമായി സൂക്ഷിക്കരുത്.