Friday 28 September 2018 02:40 PM IST : By സ്വന്തം ലേഖകൻ

മെഡിക്കൽ എൻട്രൻസിൽ മുന്നൂറാം റാങ്ക്, എന്നിട്ടും ശ്യാമ ഡോക്ടറായില്ല, കൂട്ടുകാർ അവളെ ഇകഴ്ത്തി, ആണും പെണ്ണും കെട്ടവൾ!

syama

അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സാഹിത്യ ക്യാമ്പിൽ ക്ലാസെടുക്കുന്നവരുടെ പേരാണ് മുകളിൽ പറയുന്നത്. അതിൽ ഒരു ശ്യാമയുടെ പേര് കണ്ട് ചിലപ്പോൾ നിങ്ങൾ സംശയിക്കുന്നുണ്ടാകും. സാക്ഷാൽ അടൂർ ഗോപാലകൃഷ്ണനാൽ കൊടിയേറ്റം നടത്തപ്പെട്ട ക്യാമ്പിൽ, ബാലചന്ദ്രൻ ചുള്ളിക്കാടും പെരുമ്പടവം ശ്രീധരനും പ്രഭാവർമ്മയും റഫീക്ക്‌ അഹമ്മദും കുരീപ്പുഴയും മധുസൂദനൻ നായരുമടക്കം പത്തുമുപ്പതു മഹാപ്രതിഭന്മാർ കുട്ടികൾക്കു ക്ലാസെടുക്കുന്ന ക്യാമ്പിൽ ഒപ്പം വന്നു കുട്ടികളെ പഠിപ്പിക്കുവാൻ ആരാണീ ശ്യാമ എന്ന്. അതിനുള്ള ഉത്തരം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ നൽകും.

ട്രാൻസ്ജെൻഡറും സാമൂഹ്യ പ്രവർത്തകയുമായ ശ്യാമയുടെ കഥ ലോകത്തോടു പറയുകയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുഭാഷ് ചന്ദ്രന്‍. കേരളാ എൻട്രസിൽ 308ാം റാങ്ക് നേടിയിട്ടും ട്രാൻജെൻഡർ ആയതിനാൽ പഠനം നിഷേധിക്കപ്പെട്ട ശ്യാമയുടെ കഥ അവിശ്വസനീയതയോടെ മാത്രമേ കേൾക്കാൻ കഴിയൂ. ഓ, ഇങ്ങനെയൊരു മകൻ നമുക്ക്‌ ഉണ്ടായിരുന്നെങ്കിൽ! പക്ഷെ നമ്മളറിയാത്ത ചിലത്‌ അക്കാലങ്ങളിൽ അവനിൽ സംഭവിക്കുന്നുണ്ടായിരുന്നു. മുന്നൂറ്റിയെട്ടാമനായായാലെന്താ, അവൻ ഒരു ആണും പെണ്ണും കെട്ടവനാണല്ലൊ എന്ന് തോറ്റമ്പിയ ചങ്ങാതിമാർക്ക്‌ പരിഹാസമെയ്ത്‌ മുറിപ്പെടുത്താൻ കഴിയുമാറുള്ള എന്തോ ഒന്ന്! അവന്റെ സ്വരത്തിൽ, നടത്തയിൽ, ഇഷ്ടങ്ങളിൽ ആളിപ്പിടിക്കുന്ന ഒരു സ്ത്രീത്വത്തെ കൂട്ടുകാർ തിരിച്ചറിഞ്ഞു.

ആണും പെണ്ണും 'ആളു'ന്നത്‌ എന്നല്ല, ആണും പെണ്ണും 'കെട്ട'ത്‌ എന്നവർ അതിനെ മാറ്റിവ്യാഖ്യാനിച്ചു. മറ്റെല്ലാത്തിലും തങ്ങളേക്കാൾ മിടുക്കുള്ള ഒരു മനുഷ്യജന്മത്തെ എക്കാലത്തേക്കുമായി ഇകഴ്ത്തി നശിപ്പിക്കാൻ അവർക്ക്‌ അതു ധാരാളമായിരുന്നു- ആണിന്റെ പെണ്ണത്തം! കൂട്ടുകാരും നാട്ടുകാരും പിന്നെപ്പിന്നെ വീട്ടുകാരും അവനെ പരിഹസിച്ചു. ശകാരിച്ചു. അധിഷേപിച്ചു. നിന്നെ പെറ്റ ദിനം മുടിഞ്ഞുപോകട്ടെ എന്ന് പെറ്റമ്മ പോലും ശപിച്ചു. ശ്യാം എന്ന ആൺകുട്ടി അങ്ങനെ മരിച്ചു. പകരം ശ്യാമ എന്ന പെൺകുട്ടി പതിനഞ്ചാംവയസ്സുകാരിയായി ജനിച്ചു. കഥയേക്കാൾ വിചിത്രമായ ഒരു മനുഷ്യജീവിതകഥ ഞാൻ ചുരുക്കുകയാണ്. ശ്യാമ എന്ന പെൺകുട്ടി യുവതിയായി. പകൽ അറച്ചുനിന്നവർ രാത്രി തന്നെ സ്നേഹിക്കാൻ എത്തുന്നതു കണ്ട്‌ അവൾ അറച്ചു. ഡോക്ടർ പഠനത്തിനു യോഗ്യത നേടിയിട്ടും അതിൽ തുടരാൻ ഭാഗ്യമില്ലാതെ പോയ ആ പഴയ കുട്ടിയുടെ ജീവിതം പുതിയ വഴികളിലൂടെ ഒഴുകി.

ആരുടെയൊക്കെയോ വ്യാജവും നിർവ്വ്യാജവുമായ കരുണകളിൽ അവൾ ബീ ഏയും ബി എഡും എമ്മെഡും നേടി. മലയാള സാഹിത്യം ഐച്ഛികമാക്കി എം എ എടുത്തു. കേൾക്കൂ, കേരള സർവകലാശാലയിൽ നിന്ന് മൂന്നാം റാങ്കോടെ! ഓ, ഇങ്ങനെയൊരു മകൾ നമുക്ക്‌ ഉണ്ടായിരുന്നെങ്കിൽ! ആണും പെണ്ണുമായി മുന്നിൽ നിരന്നിരിക്കുന്ന 83 യുവ പ്രതിഭകളോട്‌ ഞാൻ ചോദിച്ചു: പറയൂ , ഇത്രയും മികവുള്ള ഒരാൾക്ക്‌ കൊടുക്കാൻ നമ്മുടെ സമൂഹത്തിന്റെ കയ്യിൽ എന്തുണ്ട്‌? ഇരിപ്പിടത്തിൽ നിന്ന് ഏഴുന്നേറ്റു നിന്നുള്ള കയ്യടിയായിരുന്നു അതിനുള്ള ഉത്തരം എന്ന് സുഭാഷ് ചന്ദ്രൻ പറയുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.