Thursday 16 August 2018 05:13 PM IST : By സ്വന്തം ലേഖകൻ

ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ദിലീപിന്റെ പേരിലുണ്ടെന്നു കോടതി! ജാമ്യം നിഷേധിച്ചതിന്റെ കാരണങ്ങൾ

dileep-jail

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. നടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന കുറ്റംമാത്രമേ തനിക്കെതിരെ ചുമത്തിയിട്ടുള്ളൂ എന്നതായിരുന്നു ദിലീപ് മുഖ്യമായും ഉന്നയിച്ച വാദം. പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ജയിലില്‍ 60 ദിവസത്തോളം പിന്നിട്ടതിനാല്‍ തനിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇത് നാലാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തന്നെ രണ്ടാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. നേരത്തെ ദിലീപിന്റെ ആദ്യ ജാമ്യഹര്‍ജി തള്ളിയതും ഇതേ കോടതിയായിരുന്നു.

ദിലീപിന്റെ ജാമ്യഹര്‍ജിക്കെതിരെ ഉള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ പൂര്‍ണമായും കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പ്രോസിക്യൂഷന്റെ ഈ വാദങ്ങളും കോടതി അംഗീകരിച്ചു.

ജൂലൈ 10 ന് അറസ്റ്റിലായ ദിലീപ് ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ജൂലൈ 17 ന് തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ രണ്ടുതവണ സമീപിച്ചു. ജൂലൈ 25 നും ഓഗസ്റ്റ് 29 നും ഇപ്പോൾ സെപ്റ്റംബർ 18 നും ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു.