Friday 05 October 2018 03:02 PM IST : By സ്വന്തം ലേഖകൻ

ചികിത്സയ്ക്ക് ഫീസ് വെറും 20 രൂപ; പാവങ്ങളുടെ ഡോക്ടർക്ക് ആന്ത്യ യാത്രയേകാൻ നാടൊന്നിച്ചു

doc1

കോയമ്പത്തൂര്‍: മെർസൽ എന്ന വിജയ് ചിത്രത്തിലെ അഞ്ചുരൂപ ഡോക്ടറെ കണ്ടവരെല്ലാം ആഗ്രഹിച്ചു. പണം മോഹിക്കാതെ പാവങ്ങൾക്ക് ആതുര സേവനം നടത്തുന്ന ഇത്തരത്തിലൊരു ഡോക്ടർ ഉണ്ടായിരുന്നെങ്കിലെന്ന്. ഉണ്ടായിരുന്നു, 20 രൂപ മാത്രം ഫീസായി വാങ്ങി പാവങ്ങളെ രോഗവിമുക്തരാക്കുന്ന ’20-രൂപ ഡോക്ടർ’ അഥവാ ഡോ. വി ബാലസുബ്രഹ്മണ്യം. രണ്ടു രൂപ മാത്രം ഈടാക്കിയാണ് അദ്ദേഹം ചികിത്സ തുടങ്ങിയത്. പിന്നീട് അത് 20 രൂപയായി. കോയമ്പത്തൂര്‍ നഗരം വളര്‍ന്നപ്പോള്‍ മികച്ച ചികിത്സ സൗകര്യങ്ങളും അവിടെ ഉണ്ടായി. എങ്കിലും ഡോ. വി ബാലസുബ്രഹ്മണ്യത്തിന്റെ അടുത്തേക്കെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായില്ല. അവരുടെ കാണപ്പെട്ടദൈവമായിരുന്നു ഈ ഡോക്ടര്‍.

doc3

പാവങ്ങളെ കണ്ണീരിലാഴ്ത്തി ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനപ്രിയ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. തങ്ങളുടെ 20 ഡോക്ടറുടെ അവസാനമായി കാണാൻ ഗാന്ധിപുരത്തിന് സമീപമുള്ള സിദ്ധാപുത്തൂരിലെ തെരുവുകളിലേക്ക്  ജനങ്ങള്‍ ഒഴുകുകയായിരുന്നു. അവരുടെ കൺകണ്ട ദൈവമായ മഹാമനസ്സിനെ അവസാനമായി ഒരുനോക്ക് കണ്ട് മടങ്ങുമ്പോൾ പലർക്കും തീരാത്ത ദുംഖമായിരുന്നു മുഖത്ത്. കാരണം പനിവന്നാലോ മാറാ രോഗം വന്നു മരിച്ചാലോ ആരും ചോദിക്കാനില്ലാതിരുന്നവർക്ക് തുണയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആശ്രയവുമായിരുന്നു 20 രൂപ ഡോക്ടർ. 

doc2

‘എനിക്ക് ജീവിക്കാനാവശ്യമായ പണം ദൈവം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പാവപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഞാന്‍ അവരെ സഹായിക്കും.’- കഴിഞ്ഞ വര്‍ഷം കോവൈ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ബാലസുബ്രഹ്മണ്യം പറഞ്ഞത് ഇങ്ങനെയാണ്. ആളുകൾക്ക് ഈ ഡോക്ടർ സൗജന്യ ആശുപത്രി പോലെയായിരുന്നു. പണമില്ലാതെ വരുന്നവർക്ക് സൗജന്യ ചികിത്സ നൽകും. ചിലരിൽ നിന്നു മാത്രം പരമാവധി 20 രൂപ. രണ്ട് വര്‍ഷം മുന്‍പ് പോലും അദ്ദേഹം 10 രൂപ മാത്രമായിരുന്നു ചികിത്സയ്ക്കായി ഈടാക്കിയിരുന്നതത്രെ.