Friday 05 October 2018 05:14 PM IST : By സ്വന്തം ലേഖകൻ

മാൻകുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീ! ഈ ചിത്രം പറയും, മനുഷ്യരിൽ ഇനിയും നന്മയുടെ ഉറവകൾ ബാക്കി

deer-01

അവർ ധരിച്ചിരിക്കുന്നത് പരമ്പരാഗത ബാന്ദ്‌നി ലെഹംഗയും ആഭരണങ്ങളുമാണ്. വാത്സല്യം തുളുമ്പുന്ന മാതൃഭാവത്തോടെ മുലയൂട്ടുകയാണ് അവർ. ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിക്കാൻ വരട്ടെ... അവർ മുലയൂട്ടുന്നത് ഒരു മാൻകുഞ്ഞിനാണ്. മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി വനിതയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലെ ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം.

പ്രശസ്ത ഷെഫ് വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തത്. രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചാണ് വികാസ് ഖന്ന ഈ ചിത്രം പകര്‍ത്തിയത്. ബിലൗഡ് ഇന്ത്യ എന്ന പേരിലുള്ള ഒരു പ്രോജക്ടിന്റെ ഭാഗമായി രാജസ്ഥാനില്‍ ഗവേഷണത്തിനായി എത്തിയപ്പോഴാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതി വികാസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

യുവതി ആദ്യമായിട്ടല്ല ഇത്തരത്തില്‍ മാന്‍കുഞ്ഞിന് മുലയൂട്ടുന്നതത്രേ. ഇതിന് മുമ്പും അനാഥരായ മാന്‍കുഞ്ഞുങ്ങളെ യുവതി സംരക്ഷിച്ചിട്ടുണ്ട്. ബിഷ്‌ണോയി സമുദായക്കാരിയാണ് യുവതി. മൃഗങ്ങളോടും പരിസ്ഥിതിയോടും ബിഷ്‌ണോയി സമുദായക്കാര്‍ക്കുള്ള സ്‌നേഹം പേരുകേട്ടതാണ്. ഈ സമുദായത്തിലെ സ്ത്രീകള്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് മാന്‍കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോരുന്നത്.