Thursday 19 September 2019 04:49 PM IST

കാൻസറാണ്, സ്റ്റേജ് 2ബി! അതു കേട്ടിട്ടും ഞാൻ കരഞ്ഞില്ല; 38–ാം വയസില്‍ അർബുദം, മന:ശക്തി കരുത്താക്കി തിരികെയെത്തിയ രേഖയുടെ കഥ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

rekha ചിത്രങ്ങൾ: സരിൻ രാംദാസ്

ജീവിതത്തിൽ നിന്ന് ഒരു മാത്രമാഞ്ഞുപോയ സൂര്യവെളിച്ചം ഇപ്പോൾ ഒരു സ്നേഹവലയമായി ഡോ. രേഖ മല്യയോടു ചേർന്നു നിൽപുണ്ട്. കൂടുതൽ ആനന്ദത്തോടെ ജീവിതത്തിലേക്കു തിരികെയെത്തുമെന്ന് രേഖ തീരുമാനിച്ചപ്പോൾ ആ ഉൾക്കരുത്തിനു മുന്നിൽ അർബുദത്തിന് അടിയറവു പറയേണ്ടി വന്നു. കൊച്ചിയിലെ തേവരയിൽ രേഖയെ കണ്ടപ്പോൾ നോവുകാലത്തിന്റെ അടയാളങ്ങളൊന്നുമില്ലാതെ രേഖ പുഞ്ചിരിച്ചു. ശ്രീത്വമുള്ള മുഖത്തും അലിവുള്ള കണ്ണുകളിലും കൃതജ്ഞതയുടെ തിളക്കം മാത്രം. രോഗകാലത്തെക്കുറിച്ചു രേഖ പറയുകയാണിനി.

തിരിച്ചറിഞ്ഞ കാലം

കൊച്ചിയിലെ പ്രമുഖ ആശുപത്രിയിൽ മെറ്റീരിയൽസ് മാനേജറായി ജോലി ചെയ്യുകയാണ്. 2016 കാലഘട്ടം. ശാരീരികമായി ചില അസ്വസ്ഥതകളൊക്കെ തോന്നിത്തുടങ്ങിയിരുന്നു. ആർത്തവം കൃത്യമായി വരുന്നില്ല. ആർത്തവക്രമക്കേടുകളൊന്നും അതു വരെ വന്നിട്ടില്ലാത്തതാണ്. മാത്രമല്ല, അൽപം കഴിച്ചാൽ വയറു നിറയും. ശരീരഭാരം തീരെ കുറഞ്ഞു. ഉച്ച ഭക്ഷണം കഴിച്ചാൽ കിടക്കാൻ തോന്നും, കടുത്ത ക്ഷീണം. അങ്ങനെയങ്ങനെ...

ഡോക്ടറെ കണ്ടു. സ്ട്രെസ് ആയിരിക്കും കാരണമെന്നു ഡോക്ടർ പറഞ്ഞു. അത്ര പിരിമുറുക്കവും തിരക്കുമുള്ള ജോലിയാണ്. ഡോക്ടറെ കണ്ടും ആന്റിബയോട്ടിക് കഴിച്ചും ഒരു വർഷം കടന്നു പോയി. ഒരുദിവസം രാവിലെ എഴുന്നേറ്റിരിക്കുമ്പോൾ ദ്രാവകം ഒഴുകുന്നതു പോലെ ഡിസ്ചാർജ് വന്നു തുടങ്ങി. വീണ്ടും ഡോക്ടറെ കണ്ടു. ഇത്ര മരുന്നു കഴിച്ചിട്ടും കുറവില്ലല്ലോ, എന്തോ പ്രശ്നമുണ്ടെന്ന് എന്റെമനസ്സും പറയുന്നുണ്ട്. പരിശോധനകളെല്ലാം ചെയ്യാമെന്നു ഡോക്ടർ പറഞ്ഞു. അൾട്രാ സൗണ്ട് പരിശോധനയാണാദ്യം. എന്റെ കാബിന്റെ തൊട്ടടുത്താണ് സ്കാനിങ് റൂം. 2015ൽ റൂട്ടീൻ ചെക്കപ്പിൽ സ്കാൻ ചെയ്തപ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഒരു വർഷം കൊണ്ട് അതാക്കെ മാറിയിരിക്കുന്നു.

ഗർഭിണിയായിരിക്കെ കുഞ്ഞിനെ വെളുപ്പിക്കാൻ കുങ്കുമപ്പൂവ്, ഒടുവിൽ മോളുണ്ടായപ്പോൾ സംഭവിച്ചത്; അനുഭവം

‘വരാൻ പോകുന്നത് കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നവരുടെ ലോകം’; കുഞ്ഞുങ്ങൾ നിങ്ങൾക്ക് ബാധ്യതയാണോ; കുറിപ്പ്

rekha-1

‘ആ ഒരേയൊരു മോഹം സാധിച്ചു കൊടുക്കാനായില്ല, ശ്രീ കാത്തുനിൽക്കാതെ മടങ്ങി’! ഹൃദയം പൊള്ളി ബിജു നാരായണൻ പറയുന്നു

മഹാലക്ഷ്മി വന്ന ശേഷമുള്ള കാവ്യയുടെ ആദ്യ ജൻമദിനം! ആഘോഷമാക്കാൻ കുടുംബം: ആശംസകളുമായി ആരാധകർ

അത് പോളിപ്പായിരുന്നില്ല

സ്കാനിങ്ങിൽ ഗർഭപാത്രത്തിന്റെ താഴെഭാഗത്ത് ഒരു മുഴ കണ്ടു. ഡോക്ടർ പറഞ്ഞത് അത് സാധാരണ പോളിപ്പാകുമെന്നാണ്. ഒപിയിൽ തന്നെ ആ പോളിപ്പ് എടുത്തു കളയാം എന്നു ഡോക്ടർ പറഞ്ഞെങ്കിലും തിയറ്ററിൽ തന്നെ ചെയ്യണമെന്ന് ഞാനാവശ്യപ്പെട്ടു. അത് പോളിപ്പല്ലെങ്കിൽ എന്തായിരിക്കും? എനിക്ക് ആകാംക്ഷ തോന്നി. എന്തു പ്രതിസന്ധി ആയാലും നേരത്തേ തന്നെ അതിനെ മാനസികമായി ഉൾക്കൊള്ളാൻ തയാറെടുക്കുന്നതാണ് എന്റെ സ്വഭാവം. പോളിപ്പല്ലെങ്കിൽ കാൻസർ ആകാം, അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ട എന്നു ഡോക്ടർ പറഞ്ഞു. തിയറ്ററിൽ കയറ്റി അനസ്തീസിയ തന്നു. കണ്ണു തുറക്കുന്നത് െഎസിയുവിലാണ്. ഉച്ചയ്ക്ക് തിയറ്ററിൽനിന്ന് ഞാൻ ബോധം വീണ്ടെടുക്കുന്നതു വരെ െഎസിയുവിലേക്കു മാറ്റിയിരുന്നു. ഡോക്ടർ പതിയെ വിളിച്ച് എംആർ െഎ സ്കാൻ ചെയ്യണം എന്നു പറഞ്ഞു. പോളിപ്പല്ല എന്ന് അവർക്കു മനസ്സിലായിരുന്നു. 2017 ഫെബ്രുവരി 16 ശനി. ആ ദിവസം എനിക്ക് മറക്കാനാകില്ല. എന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ബാക്കി വച്ച് എം ആർ െഎ സ്കാനിങ് തിങ്കളാഴ്ചയിലേക്കു മാറ്റി.

ഞാൻ കരഞ്ഞില്ല

ആ രണ്ടു ദിവസങ്ങൾ വലിയഅനിശ്ചിതത്വമാണു നൽകിയത്. തിങ്കളാഴ്ച ഡ്യൂട്ടിക്കിടയിൽ എംആർ െഎ സ്കാനിങ്ങിനു പോയി. റിസൽട്ട് നേരിട്ടു പറഞ്ഞില്ല. സ്കാൻ ചെയ്ത ഡോക്ടർ എന്റെ ഡോക്ടറോട് സംസാരിക്കും അങ്ങനെയാണ് രീതി. അവിടെ ജോലി ചെയ്യുന്നതു കൊണ്ട് അവർക്കെല്ലാം നല്ല അടുപ്പമുണ്ട്. ഡോക്ടർമാർ പരസ്പരം സംസാരിച്ചു. പിന്നീട് റേഡിയോളജിസ്റ്റിനെ കാണണമെന്നു പറഞ്ഞു. എനിക്കെന്താണ് ? എന്നു ഞാൻ ഡോക്ടറോടു പലതവണ ചോദിച്ചു. മറുപടി കിട്ടിയില്ല. കാരണം ഡോക്ടർബയോപ്സി പരിശോധനാഫലം കാത്തിരിക്കുകയായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞേ ബയോപ്സി റിസൽറ്റ് വരൂ. ഹോസ്പിറ്റലിൽ പലരും രേഖയ്ക്ക് ഒന്നും വരില്ല എന്നാശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ബുധനാഴ്ച റിസൽറ്റ് കിട്ടി. ഡോക്ടർ റൂമിലേക്കു വിളിച്ചു.നേർത്ത സ്വരത്തിൽ അദ്ദേഹം പറഞ്ഞു ‘‘വെരി സോറി ടു സേ...രേഖയ്ക്ക് കാൻസർ ആണ്’’. അത് സ്റ്റേജ് 2ബി ആയിരിക്കുന്നു. ആ ഒരു നിമിഷം എന്റെ ലോകം തന്നെ മാറി മറിഞ്ഞതു പോലെ. ഇത്രയും കാലം കാൻസർ എന്നു കേട്ടിട്ടേയുള്ളൂ. അത് എന്റെ ജീവിതത്തിലും വന്നിരിക്കുന്നു. അതും മുപ്പത്തിയെട്ടാം വയസ്സിൽ. ഞാൻ കരഞ്ഞില്ല. ഇനി എന്ത് ചെയ്യണം എന്നു ഡോക്ടറോടു ചോദിച്ചു. അമൃത നല്ലതാണ് അല്ലെങ്കിൽ ആർ സി സിയിൽ പോകാം എന്നു ഡോക്ടർ പറഞ്ഞു. അങ്ങനെ അമൃതയിലെ ഗൈനക്കോളജിസ്റ്റിനു റെക്കമെൻഡ് ചെയ്തു. എംഡിയോട് ലീവ് പറയാനുള്ള മാനസിക നിലയിലായിരുന്നില്ല ഞാൻ. ഡോക്ടറാണ് അദ്ദേഹത്തോട് കാര്യങ്ങളെല്ലാം സംസാരിച്ചത്. വീട്ടിലേക്കു മടങ്ങും വഴി എംഡി വിളിച്ചു. മോളെ എന്ന ആ വിളി കേട്ടതും ഞാൻ പൊട്ടിക്കരഞ്ഞുപോയി. പിന്നീടൊരിക്കലും ഞാൻ കരഞ്ഞിട്ടില്ല. ‘ട്രീറ്റ്മെന്റൊക്കെ നടന്നോളും. നാളെ മുതൽ മോളു വരണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. വലിയൊരു സങ്കടത്തിലേക്കു നടന്നു തുടങ്ങിയപ്പോൾ അതായിരുന്നു ആദ്യത്തെ കരുതലിന്റെ വാക്കുകൾ. പക്ഷേ ചികിത്സ മൂലം ജോലി തുടരാനായില്ല.

ചികിത്സാകാലം

ആരെയും അറിയിക്കാതെയാണ് അമ‍ൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലേക്കു പോയത്. ഡോ. അനുപമയും ഡോ. ബീനയുമായിരുന്നു എന്റെ ഡോക്ടർമാർ. ട്രീറ്റ്മെന്റ് പ്ലാൻ അവർ വിശദമാക്കി. 25 റേഡിയേഷൻ. കീമോതെറപ്പി അഞ്ചെണ്ണം ചെയ്യണം. കീമോതെറപ്പി ചെയ്യുന്നത് മറ്റൊരു ഡോക്ടറാണ്. റേഡിയേഷന് ഒന്നരലക്ഷം ചെലവാകും. കീമോതെറപ്പിക്ക് മരുന്നിനനുസരിച്ചാണ് ചെലവ്. റേഡിയേഷൻ തുടങ്ങി മൂന്നാമത്ത ദിവസമാണ് കീമോ തുടങ്ങിയത്. ആഴ്ചയിലൊരിക്കൽ ആയിരുന്നു കീമോതെറാപ്പി.

ട്രീറ്റ്മെന്റ് പ്ലാൻ അറിഞ്ഞ ഈ സമയത്താണ് അച്ഛനെയും അമ്മയെയും രോഗത്തെക്കുറിച്ച് അറിയിക്കുന്നത്. അവർ തളർന്നില്ല. ഞങ്ങൾ കൂടെയുണ്ടെന്നു പറഞ്ഞ് എന്നെ ചേർത്തുപിടിച്ചു. ഭർത്താവും ധൈര്യം പകർന്ന് കൂടെ നിന്നു. നടൻ കൃഷ്ണകുമാറിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാതാ അമൃതാനന്ദമയിയുടെ അനുജൻ സുരേഷിനെ കണ്ടു. ചികിത്സാ സഹായം ലഭിച്ചു. അങ്ങനെ അമൃത എനിക്കു രണ്ടാമത്തെ വീടായി. അമൃതയിൽ ഞാൻ കണ്ടതെല്ലാം കാൻസറിനെ പുഞ്ചിരിയോടെ നേരിടുന്നവരെയായിരുന്നു.

കീമോതെറപ്പിക്ക് പത്തുമണിക്കൂറോളം ദൈർഘ്യമുണ്ട്. ആ മരുന്ന് ശരീരത്തിൽ അധിക നേരം നിലനിർത്താനാകില്ല. പിന്നീട് ആ മരുന്ന് ഫ്ളഷ് ചെയ്തു കളയുന്നതിന് നാല് െഎവി വേറെയുണ്ട്. കീമോതെറപ്പി എന്നെ ആകെ തളർത്തിക്കളഞ്ഞു. റേഡിയേഷൻ കഴിഞ്ഞാൽ ഉൗർജമെല്ലാം നഷ്ടമായി വീണുപോകും.ഒപ്പം കടുത്ത മനംപുരട്ടലും. ചികിത്സയുടെ ആദ്യആഴ്ചയിൽ തന്നെ മെനോപ്പോസ് സംഭവിച്ചു. അണ്ഡാശയങ്ങളും ഗർഭപാത്രവും പ്രവർത്തനം നിലച്ച് ചുരുങ്ങിപ്പോയി. ചികിത്സ വളരെ കടുത്തതായിരുന്നു. വെജിറ്റബിൾ മാത്രമായി മാറുന്ന അവസ്ഥ. എഴുന്നേൽക്കാൻ ഒരാളുടെ സഹായം വേണം. അണുബാധയ്ക്കു സാധ്യതയുള്ളതിനാൽ ആദ്യ ഒന്നരമാസക്കാലം കുട്ടികളെ കണ്ടിട്ടേയില്ല. വീട്ടിൽ മറ്റൊരു മുറിയിൽ അമ്മ ഉണ്ട് എന്നു പോലും അറിയാതെ മക്കൾ എന്നെ തിരഞ്ഞു നടന്നു.

കരുതലിന്റെ കരങ്ങൾ

ചികിത്സാകാലമത്രയും ഒട്ടേറെപ്പേരുടെ സ്നേഹവും കരുതലും സഹായവും ലഭിച്ചു. റേഡിയേഷൻ കാലത്ത് അമൃതയിൽ പോയി വരാനുള്ള വണ്ടിയും ഡ്രൈവറും ഒരുക്കിത്തന്നാണ് ഒരാൾ സഹായിച്ചത്. ജോലി ചെയ്തിരുന്ന ആശുപത്രിയിലെ എല്ലാവരും പ്രത്യേക പ്രാർഥനകൾ നടത്തി. സ്കൂൾ ഗ്രൂപ്പും സഹായിച്ചു.  മുടി പോകുമോ എന്നതായിരുന്നു വിഷമം. മുടി കൊഴിഞ്ഞില്ല എന്നതു വലിയൊരു സന്തോഷമായി. 2017 പകുതിയായപ്പോൾ തന്നെ ചികിത്സ വിജയകരമായി പൂർത്തിയായി.ഇപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ഇടയ്ക്ക് റിവ്യൂ ഉണ്ടാകും. അത്രമാത്രം. എന്റെ മുഖത്തിനാകെ മാറ്റം വന്നു. എങ്കിലും കണ്ണാടിയിൽ നോക്കുമ്പോൾ പഴയ എന്നെ വീണ്ടെടുത്തു എന്നു തോന്നും. ഇപ്പോൾ ഒരു പ്രമുഖ ഫാർമ കമ്പനിയുടെ ജനറൽ മാനേജറാണ്. പിരിമുറുക്കം കുറച്ചു കുറവുള്ള ജോലിയാണിത്.

എന്റെ രോഗം സുഖമാകും, ഒരു നാൾ ഇതിലും ഉയരങ്ങളിലെത്തും എന്ന സ്വപ്നവും പിന്നെ ഒരുപാടു പ്രാർഥനകളുമാണ് സൗഖ്യത്തിലേക്ക് എന്നെ കൈപിടിച്ചു നടത്തിയത്.

ഇരട്ടി ഉൗർജത്തോടെയാണ് ഞാനിപ്പോൾ ജീവിതത്തിലേക്കു തിരികെ വന്നിരിക്കുന്നത്.എല്ലാ സ്ത്രീകളോടും എനിക്കു പറയാനുള്ളത് രോഗസൂചകങ്ങളായ ഒരു ലക്ഷണവും അവഗണിക്കരുത് എന്നാണ്. ഫോർട്ട് കൊച്ചിയിലെ ഗൗ‍ഢ സാരസ്വത ബ്രാഹ്മണ കുടുംബമാണ് ഡോ. രേഖയുടേത്. അച്ഛനമ്മമാരുടെ ഏക പുത്രി. റാങ്ക് ജേതാവ്. ഒാർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ്. ഭർത്താവ് വിദേശത്തു ജോലി ചെയ്യുന്നു. രണ്ടു പെൺമക്കൾ. സ്കൂൾ വിദ്യാർഥിനികളാണ്.ഇനി നോവുകിടക്കയിൽ വച്ച് രേഖ കണ്ട സ്വപ്നങ്ങളുടെ കാലമാണ്. സുഗന്ധമുള്ളൊരു പുതിയ ജീവിതം. ചുറ്റും നിറങ്ങൾ മാത്രം. പ്രിയപ്പെട്ട യാത്രകൾ, പാടാൻ കൊതിച്ച പാട്ടുകൾ... ഇഷ്ടമുള്ളതെല്ലാം ചെയ്തു തീർക്കാനായി പ്രകാശമുള്ളൊരു തിരികെ വരവ് ....

Tags:
  • Inspirational Story