Thursday 19 September 2019 04:00 PM IST : By സ്വന്തം ലേഖകൻ

‘വരാൻ പോകുന്നത് കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നവരുടെ ലോകം’; കുഞ്ഞുങ്ങൾ നിങ്ങൾക്ക് ബാധ്യതയാണോ; കുറിപ്പ്

ss

നാം രണ്ട് നമുക്ക് രണ്ടിൽ നിന്നും നിന്നും നാം ഒന്ന് നമുക്കൊന്നിലേക്ക് മലയാളി സ്ഥാനക്കയറ്റം നേടിയിട്ട് നാളേറെയായി. മുറ്റം നിറയെ കുട്ടികൾ എന്ന ചിന്തയിൽ നിന്നും ചുരുങ്ങി ചുരുങ്ങി ചുരുങ്ങി കുട്ടികളേ വേണ്ട എന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ഈ സ്ഥിതിവിശേഷത്തിന് മലയാളിയുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളും ഒരു കാരണമാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഫെയ്സ്ബുക്കിലൂടെയാണ് ഷിനുവിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

രണ്ടു കുട്ടികളിലേക്ക് കുടുംബങ്ങൾ ചുരുങ്ങിയ കാലത്തിൽ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല. കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം കൂടി വരുന്ന കാലവും വിദൂരമല്ല. അത് ഇപ്പോഴേ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആരുടെയും തെറ്റല്ല. സമൂഹ്യസാമ്പത്തിക സാഹചര്യങ്ങൾ ഒരു കാരണമാണ്.

കുട്ടികളെ "നോക്കാൻ" ഒരു ബുദ്ധിമുട്ടും പണ്ടിലായിരുന്നു എന്നത് പകൽ പോലെ സത്യം. അണുകുടുംബവും പണ്ടില്ലായിരുന്നു. കുട്ടികളുണ്ടാകുന്നു എന്നത് സമൂഹത്തിൽ ഒരു വിഭാഗം ആളുകൾക്ക് പേടിസ്വപ്നമാണോ? ആഗ്രമുണ്ടായിട്ടും സാഹചര്യമോർത്തു വേണ്ട എന്നുവെയ്ക്കുന്ന മറ്റു ചിലർ. അതുമല്ലെങ്കിൽ ഒരെണ്ണമെങ്കിലും വേണ്ടേ എന്നു കരുതി ഒരു കുട്ടിയിൽ ഒതുക്കുന്നവർ.

വിവാഹിതരായ ഒരു ചെറിയ ശതമാനം ആളുകൾ കുട്ടികൾ വേണ്ട എന്നു തീരുമാനിക്കുന്നുണ്ട്. തികച്ചും വ്യക്തിപരമായ കാര്യം. കുട്ടികൾ വേണമെന്നത് ഒരു നിർബന്ധവുമുള്ള കാര്യമല്ല ജീവിതത്തിൽ. അത് അവരുടെ ശെരിയാണ്. അതവരുടെ ഇഷ്ടം.

പക്ഷെ മറ്റൊരു വിഭാഗമുണ്ട്. മിഡിൽ ക്ലാസ് ഫാമിലിയിലെ ഒരു വിഭാഗം. കുട്ടികളെ നോക്കാൻ ആളില്ലാത്തതിനാൽ കുട്ടികൾ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം. അടുത്ത തലമുറ തൊട്ട് അത്തരം ഒരു അവസ്‌ഥ കൂടി വരുമെന്ന് തോന്നുന്നു. അതവരുടെ തെറ്റല്ല. അവരുടെ സാഹചര്യമതാണ്.

ഒരു കുട്ടിയെ വളർത്തി വലുതാക്കുക എന്നത് നിസ്സാര കാര്യമല്ലിന്ന്. അച്ഛനും അമ്മയും മാത്രമടങ്ങിയ കുടുംബത്തിൽ പലപ്പോഴും അമ്മയുടെ മൂന്നോ നാലോ വർഷങ്ങൾ ആ കുട്ടിയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും(സ്ഥിരമല്ലാത്ത ജോലിക്ക് പോകുന്ന അമ്മ). മറ്റർണിറ്റി ലീവ് കഴിഞ്ഞാൽ അമ്മമ്മയുടെ അടുത്തൊ, ജോലിക്ക് ആളെ വെച്ചോ, അതുമല്ലെങ്കിൽ ഡേ കെയറിലാക്കി ജോലിക്ക് പോകുന്ന മറ്റ് അമ്മമാർ. പിന്നെയും തീരുന്നില്ല. അവരുടെ വിദ്യാഭാസം, പഠന ചിലവ്, വിവാഹം എന്നു തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ചിലവും വരവും കൂട്ടിമുട്ടിക്കാൻ ഓടുന്ന സാധാരണക്കാരന് ജോലിക്ക് ആളെ വെച്ചു ഒരു കുട്ടിയെ നോക്കുന്നത് അത്ര എളുപ്പമാകില്ല.

ആരെയും പഴിച്ചിട്ട് കാര്യമില്ല. കാലം ചിലതൊക്കെ മാറ്റുന്നതാണ്. മാറ്റങ്ങൾ കാത്തിരുന്ന് കാണേണ്ടതാണ്.

ഡോ. ഷിനു ശ്യാമളൻ

Tags:
  • Relationship