മലയാളത്തിന്റെ പ്രിയതാരം സംയുക്ത ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. വാത്തി എന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തിയ സംയുക്ത തെലുങ്കില്‍ പവന്‍ കല്ല്യാണിന്റെ ഭീംല നായക് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. താരം ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്ക് സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ഭാഷയേക്കാളുപരി മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതെന്ന് സംയുക്ത തുറന്നു പറയുന്നു. തെലുങ്കു ചിത്രത്തില്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് വലിയ ബോധവാന്‍മാരായിരിക്കണം. അവിടെ മേക്കപ്പിന് പ്രാധാന്യം കൂടുതലാണ്. എന്റെ മുഖത്തും ശരീരത്തിലുമെല്ലാം മറ്റെന്തൊക്കെയോ ഉള്ളതുപോലൊരു ഭാരം തോന്നാറുണ്ട് എന്നും താരം പറഞ്ഞു.
സംയുക്തയുടെ വാക്കുകള്‍:
ഭാഷ കൊണ്ടല്ല, മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്. പറയുന്നത് ബാലിശമായി തോന്നാം. പക്ഷേ, എനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോള്‍ മേക്കപ്പ് സ്വാഭാവികതയോട് അടുത്തുനില്‍ക്കുന്നതാണ്. കുറച്ചുകൂടി സ്വതന്ത്രമായി വര്‍ക്ക് ചെയ്യാം. എന്നാല്‍ തെലുങ്കില്‍ സ്‌ക്രീനില്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് ബോധവാന്‍മാരായിരിക്കണം. അവിടെ മേക്കപ്പിന് പ്രാധാന്യം കൂടുതലാണ്. എന്റെ മുഖത്തും ശരീരത്തിലുമെല്ലാം മറ്റെന്തൊക്കെയോ ഉള്ളതുപോലൊരു ഭാരം തോന്നാറുണ്ട്.