Friday 25 January 2019 10:17 AM IST

ഞങ്ങൾ ഗുണ്ടകളല്ല! ‘ബാഹുബലി’ക്കും സണ്ണി ലിയോണിനും സുരക്ഷയൊരുക്കിയ ‘ബോഡിഗാർഡിന്റെ’ കഥ

V.G. Nakul

Sub- Editor

g1

ഗിരി കൊല്ലം എന്ന പേരു കേട്ടാൽ സാധാരണക്കാർക്ക് പെട്ടെന്നു മനസ്സിലാകണമെന്നില്ല. പക്ഷേ സിനിമാ ലോകത്ത് ഗിരിയും ഗിരിയുടെ ‘ജി.കെ’ ഗ്രൂപ്പും സുപരിചിതമാണ്. ഒരു സിനിമ ചിത്രീകരിക്കണമെങ്കിലും സ്റ്റേജ് ഷോ നടത്തണമെങ്കിലും എന്തിന് സണ്ണി ലിയോൺ കേരളത്തിൽ വന്നാല്‍ പോലും സുരക്ഷയൊരുക്കാൻ ‘ഗിരിയും പിള്ളേരും’ വേണം. ഇപ്പോൾ ജി.കെ ഗ്രൂപ്പ് നൽകുന്ന ഉറപ്പിൽ സൂപ്പർ താരങ്ങളടക്കം മലയാള സിനിമ കണ്ണുമടച്ച് വിശ്വസിക്കുന്നു. കാരണം, ഏറ്റ ജോലി പാളിച്ചകളില്ലാതെ ഗിരി പൂർത്തിയാക്കുമെന്ന് അവർക്കറിയാം.

സിനിമാക്കാരെന്ന താര പ്രഭാവത്തിന് പുറത്താണ് ബോഡി ഗാർഡുകൾ അഥവാ സെക്യൂരിറ്റി ടീമിന്റെ സ്ഥാനം. പക്ഷേ, താരങ്ങള്‍ക്കും പ്രമുഖർക്കും ചുറ്റും സുരക്ഷയുടെ മതിലൊരുക്കിയും പൊതുസ്ഥലങ്ങളിൽ സുഗമമായ ചിത്രീകരണത്തിന് കോട്ട പണിതും സ്വന്തം ജീവൻ പോലും പണയം വച്ച് പണിയെടുക്കുന്നവരാണിവർ. അക്കൂട്ടത്തിൽ വിശ്വസ്തതയുടെ പൊൻകിരീടമണിഞ്ഞാണ് ഗിരിയുടെയും ജി.കെയുടെയും പ്രവർത്തനം. സിനിമയിൽ ജി.കെ ഗ്രൂപ്പ്15 വർഷം പിന്നിടുമ്പോൾ ഗിരി വനിത ഓൺലൈനുമായി സംസാരിക്കുന്നു.

g3

കൊല്ലം കരിക്കോടുകാരനായ ഗിരിയുടെ ജീവിതത്തിന് സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡി ഗാർഡ്’ എന്ന സിനിമയുമായി ചെറിയ സാമ്യമുണ്ട്. ചിത്രത്തിലെ നായകനെപ്പോലെ ബോഡി ഗാർഡുമാരോടുള്ള ആരാധനയാണ് ഗിരിയെയും ഈ മേഖലയിലെത്തിച്ചത്. ബോളിവുഡ് താരങ്ങൾക്കൊപ്പം നിഴലു പോലെ നടക്കുന്ന, പ്രത്യേക വേഷവിധാനങ്ങളുള്ള ബോഡി ഗാർഡ്സിനെ കണ്ടപ്പോൾ, ഒരു ബോഡി ഗാർഡായാൽ കൊള്ളാമെന്ന് ഗിരിക്കും തോന്നി. ഇത്തിരി ബോഡി ബിൾഡിങ്ങും കൂടിയായപ്പോൾ എന്നാൽ പിന്നെ ഒരു കൈ നോക്കിയാക്കാമെന്നു കരുതി.

ബധിരയായ ഉമ്മ അന്ന് തിരിച്ചറിഞ്ഞില്ല ആ വേദന, ഇന്ന് ഒരിറ്റ് ശ്വാസത്തിനായി ഈ പൈതലിന്റെ പിടച്ചിൽ; കണ്ണീർക്കടൽ

‘നിശബ്ദയായിരുന്നു അവൾ’; മരണത്തിനു മുന്നേ ആൻലിയ പറയാതെ പറഞ്ഞു ആ വേദന; കണ്ണീർ ചിത്രം

g2

കൊഞ്ചി കൊഞ്ചി കിന്നാരം പറയും, തമാശ പങ്കിടും; സ്നേഹക്കടലാണ് കുഞ്ഞുങ്ങളുടെ ഈ ഡോക്ടറമ്മൂമ്മ; കുറിപ്പ്

‘സ്കൂളിലേക്ക് ഇറങ്ങിയ മോനാണ് രക്തത്തിൽ കുളിച്ച് നിശ്ചലമായി കിടക്കുന്നത്; നെഞ്ചുനീറ്റുന്ന നേർസാക്ഷ്യം; കുറിപ്പ്

ശിക്ഷയെന്നാൽ കുഞ്ഞുങ്ങളുടെ ശരീരം വേദനിപ്പിക്കലല്ല; അച്ഛനമ്മമാർ അറിയാൻ അഞ്ചുകാര്യങ്ങൾ

g5

‘‘കോളേജിൽ പഠിക്കുന്ന കാലത്താണ് തുടക്കം. ഒരു പരിപാടിക്ക്, വിളിച്ച സെക്യൂരിറ്റി ടീം വരാതിരുന്നപ്പോൾ അവർ ഞങ്ങളോട് നിൽക്കാമോയെന്നു ചോദിച്ചു. ഞാനും കൂട്ടുകാരും കൂടി കറുത്ത ടി ഷർട്ടും നീല ജീൻസുമൊക്കെ വാങ്ങിയിട്ട് നേരെ അവിടെ പോയി നിന്നു. അതു വെറുതെയായില്ല. തുടർന്ന് ധാരാളം വർക്കുകള്‍ കിട്ടി. അങ്ങനെയാണ് ജി.കെ (ഗിരി കൊല്ലം) ഗ്രൂപ്പിന്റെ തുടക്കം. വീട്ടിൽ വലിയ താത്പര്യമുണ്ടായിരുന്നില്ല. നശിച്ചു പോകുമോ എന്നായിരുന്നു പേടി. എന്നെ പഠിപ്പിക്കണമെന്നായിരുന്നു അവർക്ക്. ഈ മേഖലയിലേക്കു വന്നതോടെ പഠനം മുടങ്ങി. എങ്കിലും അമ്മയും സഹോദരിയും പിന്തുണച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവരൊക്കെ പല വഴി പോയി. പ്രതിസന്ധികളുണ്ടായിരുന്നു. പലരും മറ്റു ജോലികൾ തേടി. ഒടുവിൽ രണ്ടോ മൂന്നോ പേരായി ടീം ചുരുങ്ങിയപ്പോൾ ഞാനിതൊക്കെ നിർത്തി ബാംഗ്ലൂരിലേക്കു പോയി. അവിടെ വാട്ടർ ലൈൻ വെൾഡിങ്ങിന്റെ ജോലി തുടങ്ങി. ഇടയ്ക്ക് നാട്ടിൽ വന്നപ്പോഴാണ് ഒരു സുഹൃത്ത് വഴി മറ്റൊരു സെക്യൂരിറ്റി ടീമിനൊപ്പം ‘മാടമ്പി’ എന്ന സിനിമയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചത്. അത് വഴിത്തിരിവായി. കുറച്ചു സിനിമകളിൽ കൂടി അവർക്കൊപ്പം പ്രവർത്തിച്ചു കഴിഞ്ഞപ്പോൾ സ്വന്തം ടീമിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. അങ്ങനെയാണ് ജി.കെ ഗ്രൂപ്പ് വീണ്ടും തുടങ്ങിയത്. ജി.കെ ഗ്രൂപ്പിന്റെ ആദ്യ സിനിമ ട്രാഫിക്കാണ്. പിന്നീട് തുടർച്ചയായി അവസരങ്ങൾ കിട്ടി. ഒരേ സമയം ഏഴും എട്ടും സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ എത്ര സിനിമകളായെന്ന് കൃത്യമായ എണ്ണം പറയാനാകില്ല. സിനിമകൾക്കു പുറമേ സ്റ്റേജ് ഷോസിനും മറ്റു പരിപാടികള്‍ക്കുമൊക്കെ സെക്യൂരിറ്റി ഒരുക്കാറുണ്ട്. ആന്റണിച്ചേട്ടൻ, ജോർജേട്ടൻ, ബാദുഷാക്കാ, അരോമ മോഹൻ ചേട്ടൻ, ഡിക്സൺ ചേട്ടൻ, സനൽ സാർ, ശ്രീകുമാറേട്ടൻ തുടങ്ങി സിനിമാ രംഗത്തുള്ളവരുടെ പിന്തുണ മറക്കാനാകില്ല. ഇനിയും പേരെടുത്തു പറയാൻ, പ്രൊഡക്ഷൻ കൺട്രോളർമാരും മാനേജർമാരുമൊക്കെ ധാരാളമുണ്ട്. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ’’.

കത്തിമുനയിൽ നിന്നൊരു രക്ഷപ്പെടൽ

റിസ്ക്ക് കൂടിയ ജോലിയാണിത്. പ്രതീക്ഷിക്കാത്ത പല പ്രതികരണങ്ങളും നേരിടേണ്ടി വരും. പലപ്പോഴും ജീവൻ പണയപ്പെടുത്തിയാണ് ജോലി ചെയ്യുക. വലിയ ക്രൗഡിനെയൊക്കെ നിയന്ത്രിക്കേണ്ടി വരുമ്പോൾ ആ റിസ്ക് ഇരട്ടിയാണ്. പരമാവധി എല്ലാവരോടും സൗമ്യമായി മാത്രമേ പെരുമാറൂ. വലിയ കുഴപ്പങ്ങളൊന്നുമുണ്ടാകാതെ ശ്രദ്ധിക്കും. എങ്കിലും നാട്ടുകാരുടെ തെറി കേൾക്കും. റോഡിലൊക്കെ ചിത്രീകരണം നടക്കുമ്പോൾ വണ്ടി യിടിപ്പിക്കാനൊക്കെ നോക്കിയ വിരുതൻമാരുണ്ട്. കൊല്ലത്ത് ‘മറിയം മുക്ക്’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ഒരു സംഭവമുണ്ടായി. രാത്രി 12 മണിയായിട്ടുണ്ടാകും. ഫഹദിക്കയൊക്കെ കാരവനിൽ കോസ്റ്റ്യൂം ചെയ്ഞ്ച് ചെയ്യുമ്പോൾ മദ്യപിച്ച് ലക്കുകെട്ട കുറച്ചു പേർ കാണണമെന്നു പറഞ്ഞു വന്നു. പ്രദേശവാസികളാണ്.

കോസ്റ്റ്യൂം മാറിയിട്ട് കാണാമെന്ന് ഞങ്ങൾ പറഞ്ഞു നോക്കിയെങ്കിലും അവർ സമ്മതിച്ചില്ല. അവർക്ക് അപ്പോൾ തന്നെ കണ്ടേ പറ്റൂ. കൈ വിട്ടു പോകുമെന്നു മനസ്സിലായതോടെ ഞങ്ങൾ കാരവാന്റെ ഡോറിനു മുന്നിൽ കയറി നിന്നു. പെട്ടെന്നാണ് അതിലൊരാൾ കണ്ണു പൊട്ടുന്ന ചീത്ത വിളിയോടെ എന്റെ നേരെ കത്തിയെടുത്തു വീശിയത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍, ഒഴിഞ്ഞു മാറിയതിനാൽ കഴുത്തിൽ കൊള്ളാതെ രക്ഷപ്പെട്ടു. അതേ പോലെ മനസ്സിനെ വേദനിപ്പിച്ച മറ്റൊരു സംഭവമുണ്ടായത്, മാസ്റ്റർ പീസിന്റെ ചിത്രീകരണത്തിനിടെയാണ്. മമ്മൂക്കയെ കാണാൻ ഫാത്തിമ മാതാ കോളേജിലെ ലൊക്കേഷനിലേക്ക് ജനമൊഴുകുകയായിരുന്നു. ഷൂട്ടിങ്ങിന് ബുദ്ധിമുട്ടാകുമെന്നായപ്പോൾ ഞങ്ങള്‍ ഗെയിറ്റ് പൂട്ടി. മതില്‍ ചാടിയവരെ പുറത്തിറക്കുകയും ചെയ്തു. അതിനിടെ പുറത്തുള്ള രണ്ടു ടീമുകൾ തമ്മിൽ അടിയുമായി. പക്ഷേ, വാർത്ത വന്നത് ലൊക്കേഷനിൽ ഗുണ്ടകൾ കാവൽ നിൽക്കുന്നുവെന്നും വിദ്യാർത്ഥികളെയുൾപ്പെടെ മർദ്ദിക്കുന്നുവെന്നുമാണ്. ഞങ്ങളാരും ഗുണ്ടകളല്ല. ആരുടെയും പേരിൽ കേസുമില്ല. ഞാൻ ഒരാളെ കൂടെ നിർത്തുക, അയാളെക്കുറിച്ച് പൂർണ്ണമായും അന്വേഷിച്ച് മനസ്സിലാക്കിയ ശേഷമാണ്. എന്റെ കൂടെ കുറേപ്പേർ ജോലി ചെയ്യുന്നുണ്ട്. ഒരുപാടു പേരുടെ കുടുംബങ്ങൾ ഇതാശ്രയിച്ചാണ് ജീവിക്കുന്നത്. രജിസ്ട്രേഷനുള്ള സ്ഥാപനമാണ് ജി.കെ ഗ്രൂപ്പ്. നിയമപരമായാണ് പ്രവർത്തിക്കുന്നതും.

g4

സണ്ണിയുടെ ലേഡി ഫാൻസ്

കഴിഞ്ഞ ദിവസം, ‘മധുരരാജ’യിൽ അഭിനയിക്കാൻ സണ്ണി ലിയോൺ വന്നപ്പോഴും എയർപോർട്ട് മുതൽ ഞങ്ങളാണ് സുരക്ഷയൊരുക്കിയത്. സണ്ണി വന്നിറങ്ങിയതും വലിയ ക്രൗഡായി ചുറ്റും. അവർക്കിത്രയും ലേഡി ഫാൻസുണ്ടെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. അതേ പോലെ അല്ലു അർജുൻ ആലപ്പുഴയിൽ വന്നപ്പോഴും സൂര്യ തിരുവനന്തപുരത്തെത്തിയപ്പോഴും ബാഹുബലി കേരളത്തിൽ ചിത്രീകരിച്ചപ്പോഴും ഞങ്ങളായിരുന്നു ഒപ്പം. പുലിമുരുകൻ, എബ്രഹാമിന്റെ സന്തതികൾ, ജില്ല, ഒപ്പം തുടങ്ങി വലിയ സിനിമകളുടെ ഭാഗമാകാനായത് ഭാഗ്യം. ഇത്ര കാലത്തെ അനുഭവം വച്ച്, മമ്മൂക്ക ചൂടനാണെന്ന് പലരും വെറുതെ പറയുന്നതാണ്. അദ്ദേഹം ഒരു പച്ച മനുഷ്യനാണ്. ലാലേട്ടനും അതുപോലെ തന്നെ വളരെ സിംപിളാണ്.

ബോഡിയിൽ സീക്രട്ടില്ല

എന്റെ ബോഡിക്കങ്ങനെ അധികം സീക്രട്ടുകളൊന്നുമില്ല. ജിമ്മിലെ തുടർച്ചയായുള്ള വർക്കൗട്ട് നിർത്തിയിട്ട് നാലര വർഷത്തോളമായി. സമയം കിട്ടാറില്ല എന്നതാണ് കാരണം. ശരീരം വേണമെങ്കിൽ കൃത്രിമമായി ഉണ്ടാക്കാം. പക്ഷേ അതു നിലനിൽക്കില്ല. എന്റെ വീടിനു മുന്നിൽ ഒരു കുളമുണ്ട്. ഒഴിവു കിട്ടുമ്പോഴൊക്കെ അതിൽ മണിക്കൂറുകളോളം നീന്തും. ഒാട്ടവും മറ്റൊരു പ്രധാന വ്യായാമമാണ്.  ചെറു വേഷങ്ങളിലൂടെ അഭിനയ രംഗത്തും ഗിരി സജീവമാണിപ്പോൾ. എം.എ നിഷാദിന്റെ ‘തെളിവ്’ ആണ് ഗിരി അഭിനയിക്കുന്ന പുതിയ ചിത്രം.


അണ്ണാറക്കണ്ണനും തന്നാലായത്

എനിക്കിപ്പോഴും സ്വന്തമായി ഒരു വീടില്ല. വാടകവീട്ടിലാണ് താമസം. പക്ഷേ അതിലൊന്നും വിഷമമില്ല. എല്ലാം തന്ന ദൈവം അതും തരും. കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാറുണ്ട്. വൃദ്ധ സദനങ്ങളിലും തെരുവിലുള്ളവർക്കുമൊക്കെ ഭക്ഷണമെത്തിക്കും. അതിനു വേണ്ടി ഇതു വരെ പത്തു രൂപ പോലും പിരിച്ചിച്ചില്ല. അണ്ണാറക്കണ്ണനും തന്നാലായത്. അത്രയേ കരുതിയിട്ടുള്ളൂ.

വ്യാജൻമാരെ സൂക്ഷിക്കുക

ഇപ്പോൾ ഈ മേഖലയിൽ ലൈസൻസില്ലാത്ത ഒരുപാടു ടീമുകൾ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്. റേറ്റ് കുറച്ച് പണി പിടിക്കും. പക്ഷേ സുരക്ഷ കമ്മിയാണ്.

പാതിരാവിലെപ്പോഴെങ്കിലുമാകാം ചിലപ്പോള്‍ വിളി വരുക: ‘‘ഗിരീ, നാളെ ലൊക്കെഷനിൽ 10 പേർ വേണം’’. പിറ്റേന്നു രാവിലെ ലൊക്കേഷനിൽ ജി.കെയുടെ കുട്ടികൾ കാവലുണ്ടാകും......