‘നടനെന്നതിനപ്പുറം മോഹൻലാൽ ഒരുപാടു വിദ്യകൾ പരീക്ഷിക്കാറുണ്ട്, മാജിക് ഉൾപ്പെടെ. ഈ അവാർഡു വേദിയിൽ പാടാനായി ലാൽ എടുക്കുന്ന തയാറെടുപ്പുകൾ കണ്ട്, അദ്ദേഹത്തിന്റെ പാട്ടുകേട്ട് ഞാൻ സ്വയം ഏറ്റെടുത്ത ഉത്തരവാദിത്തമാണിത്. അടുത്തതായി വേദിയിലെത്തുന്നു, വളരെ പ്രോമിസിങ് സിംഗർ, മോഹൻലാൽ...’ വനിത ഫിലിം അവാർഡ് 2024ന്റെ വേദിയെ അക്ഷരാർഥത്തിൽ അപൂർവ നിമിഷമാക്കുന്ന ഈ അവതരണം സാക്ഷാൽ മമ്മൂട്ടിയുടേതായിരുന്നു. മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ഹൃദയപൂർവം പാടുന്ന സന്ദർഭത്തിന് അപൂർവങ്ങളിൽ അപൂർവമായ ഒരു അവതരണം സംഭവിച്ച സുന്ദര നിമിഷം.
ഞാനൊരു പാട്ടുകാരനല്ല, പാട്ടു കേട്ടു വളർന്നയാളാണ്... എന്ന മുഖവുരയോടെ വേദിയിലേക്കു മൈക്കുമായെത്തിയ മോഹൻലാൽ പാട്ടിലെ കൗതുകങ്ങളെ കുറിച്ചു പറഞ്ഞതിങ്ങനെ. ‘ജ്ഞാനം കൊണ്ടല്ല, ആഗ്രഹം കൊണ്ടാണു പാടുന്നത്.’ പിന്നെ മെല്ലെ പാടിത്തുടങ്ങി, മഞ്ഞിൽ വിരിഞ്ഞ പൂവേ... ലാലേട്ടനെ മലയാളത്തിന്റെ പ്രിയതാരമാക്കിയ ചിത്രത്തിലെ പാട്ടിൽ തുടങ്ങി സാഗരങ്ങളെ പാടിയുണർത്തി, ഒന്നാം രാഗം പാടി അദ്ദേഹം സദസ്സിനെ കയ്യിലെടുത്തു. വീണ്ടുമനേകം പാട്ടുകളുടെ ഈരടികൾക്കു ശേഷം ഒടിയനിലെ ‘ഏനൊരുവൻ മുടിയഴിച്ചിങ്ങാടണി’ലെത്തിയപ്പോൾ സദസ്സും ലാലേട്ടനൊപ്പം ഏറ്റുപാടി നൃത്തം ചെയ്തു.