Saturday 04 January 2020 04:10 PM IST

മതത്തിന്റെ പേരില്‍ പരസ്പരം ജീവനെടുക്കാന്‍ തയാറാകുന്ന കാലം ഓർക്കുക, ‘ദൈവരാജ്യം നമ്മുടെ ഉള്ളിലാണ്!’

Sadhguru

sadhguru-christ

ജീസസ് എന്നു പറയുമ്പോള്‍, രണ്ടായിരത്തിലേറെ വര്‍ഷം മുന്‍പ് ലോക രക്ഷയ്ക്കായി ജന്മമെടുത്ത െെദവ പുത്രനെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഓരോ മനുഷ്യന്‍റെയും ഉള്ളിലുള്ള ചില സാധ്യതയെപ്പറ്റിയാണ്. ഈ സാധ്യതയെ വളരാനും പുഷ്പിക്കാനും എല്ലാവരും അനുവദിക്കണം, പ്രത്യേകിച്ച് ഇക്കാലത്ത്. കാരണം, മതത്തിന്‍റെ പേരില്‍ ആളുകള്‍ പരസ്പരം ജീവനെടുക്കാന്‍ തയാറാകുന്ന കാലമാണിത്. ആത്മീയസാഫല്യത്തിന്‍റെ അഭിലാഷത്തിനിടയില്‍ മനുഷ്യത്വം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മുൻവിധികൾ ഇല്ലാതെ

ജീസസ് െെക്രസ്റ്റ് പഠിപ്പിച്ചതില്‍ ഏറ്റവും മഹത്തരമായ വീക്ഷണമെന്താണ്? ‘മുന്‍വിധികളില്ലാതെ ജീവിക്കുക’ എന്നതാണെന്ന് എനിക്കു തോന്നുന്നു. ആരാണ് നിങ്ങളുടേത്, ആരാണ് നിങ്ങളുടേതല്ലാത്തത് എന്നൊന്നും നോക്കാതെയുള്ള ജീവിതം. എങ്കില്‍ മാത്രമേ ഒരാള്‍ക്ക് ദൈവരാജ്യം അറിയുവാനാകൂ. അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്, ‘ദൈവരാജ്യം അങ്ങ് മുകളിലൊന്നുമല്ല, അത് നിങ്ങളുടെ ഉള്ളില്‍ ത ന്നെയാണ്.’

പ്രാരംഭഘട്ടങ്ങളില്‍ മാത്രമാണ് തന്നെ പിന്തുടരുന്നവരെ ദൈവരാജ്യത്തിലേക്കു കൊണ്ടുപോകുന്നതിനെപ്പറ്റി അദ്ദേഹം പറയുന്നത്. ശിഷ്യഗണങ്ങളും ജനങ്ങളും ചുറ്റും കൂടിയതോടെ, അദ്ദേഹം പറഞ്ഞു, ‘ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്.’

നിര്‍ഭാഗ്യവശാല്‍, 99% ജനങ്ങളും തങ്ങളുടെ ഉള്ളിലെ ഇത്രയും വിസ്മയാവഹമായ സംഗതിയെ മനസ്സിലാക്കാതെ പോകുന്നു. അത് ദൂരെ എവിടെയെങ്കിലും ആയിരുന്നുവെങ്കില്‍ ഒരുപക്ഷേ, നിങ്ങള്‍ ആ യാത്രയ്ക്കു തുനിയില്ലായിരുന്നു. പക്ഷേ, അതു നമ്മോടു ചേര്‍ന്നു തന്നെയായിട്ടും മനസ്സിലാക്കാനോ തിരിച്ചറിയാനോ സാധിക്കുന്നില്ലെങ്കില്‍ അതൊരു ദുരന്തം തന്നെയല്ലേ? ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണെങ്കില്‍, അന്വേഷണം തുടങ്ങേണ്ടത് ഉള്ളില്‍ നിന്നു തന്നെയാണ്. അത്രയ്ക്കും സരളമാണത്.

ദൈവരാജ്യത്തു ശിശുക്കള്‍ മാത്രമേ പ്രവേശിക്കൂ  എന്നു പറഞ്ഞപ്പോള്‍, അദ്ദേഹം ശിശുക്കളെയല്ല ഉദ്ദേശിച്ചത്, പകരം ശിശുവിനെപ്പോലെയുള്ളവരെയാണ്. എല്ലാത്തിനെപ്പറ്റിയും മുൻകൂട്ടി ധാരണയില്ലാത്തവരാണു ശിശുക്കള്‍. മുന്‍വിധികളില്ലാത്തവര്‍, എപ്പോഴും ചിരിക്കുന്നവര്‍.

നിങ്ങളെന്തൊക്കെ നിഗമനത്തിലെത്തിയാലും തീര്‍ച്ചയായും അവയൊക്കെ തെറ്റാന്‍ സാധ്യതയുണ്ട്. കാരണം, ജീവിതം നിങ്ങളുടെ യാതൊരു കണക്കുകൂട്ടലുകളിലും ഒതുങ്ങില്ല. ജീവനോ ജീവന്‍റെ ഉദ്ഭവമോ, വിവിധ നിഗമനങ്ങളുമായി നടക്കുന്നയാള്‍ക്കു പ്രാപ്തമാകില്ല.

ജീസസിനു ക്രൂശിതമരണം ഉറപ്പായപ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്കു ചിന്തിക്കാന്‍ സാധിച്ച ഒരേയൊരു ചോദ്യം, ‘ശരീരം ത്യജിച്ച് പിതാവിന്‍റെ രാജ്യത്തെത്തുമ്പോള്‍, അങ്ങ് പിതാവിന്‍റെ വലതുവശത്ത് ഇരിക്കും. ഞങ്ങള്‍ എവിടെയായിരിക്കും? ഞങ്ങളില്‍ ആരായിരിക്കും അങ്ങയുടെ വലത്തുവശത്ത് ഇരിക്കുക?’ എന്നാണ്. അവരുടെ ഏറ്റവും പ്രിയപ്പെട്ട ആചാര്യന്‍- അവരദ്ദേഹത്തെ ദൈവപുത്രനായാണ്‌ കണ്ടത്- വളരെ ക്രൂരമായ മരണത്തിന് ഇരയാകാന്‍ പോകുന്ന അവസരത്തില്‍ ഇതായിരുന്നു അവരുടെ സംശയം! പക്ഷേ, മറുപടിയില്‍ ജീസസ് സ്വന്തം ജീവിതത്തിന്‍റെ ഗുണമേന്മ കാഴ്ചവച്ചു. ‘ഇവിടെ ആദ്യം നില്‍ക്കുന്നവരെല്ലാം അവിടെ അവസാനമാകും. ഇവിടെ അവസാനം നില്‍ക്കുന്നവര്‍ അവിടെ ആദ്യവും.’

അധികാരശ്രേണിയെ തന്നെ തകര്‍ത്തു കളഞ്ഞു ആ ഉത്തരം. കൈമുട്ടുകൊണ്ട് തള്ളിമാറ്റിയാല്‍ സ്വര്‍ഗത്തില്‍ പോകാനാകില്ല, ആന്തരിക മണ്ഡലങ്ങളിലെ പരിശുദ്ധി മാത്രമേ അതിനു സഹായിക്കൂ എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.

ജീസസിന്റെ വാക്കുകള്‍ ലോകത്തിനു വളരെയധികം ത്യാഗമനോഭാവവും അനുകമ്പയും സ്നേഹവും പകര്‍ന്നു. പക്ഷേ,  അദ്ദേഹത്തിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട വീക്ഷണം ഒന്നു മാത്രമാണ്, ‘ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്.’

Tags:
  • Columns
  • Motivational Story