Friday 24 July 2020 11:40 AM IST : By സ്വന്തം ലേഖകൻ

‘പെണ്ണ് വർത്തമാനം പറഞ്ഞാൽ അശ്ലീലം, വിവാദ നായകനായിരുന്നങ്കിൽ ഇത്ര ഹരം ഉണ്ടാകുമോ’; കുറിപ്പ്

dr-cj

വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയും അതിനെ ചൊല്ലിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഇപ്പോഴും സജീവമാണ്. കേരളക്കര സാക്ഷ്യം വഹിച്ച വലിയ തട്ടിപ്പിന്റെ വാർത്തകൾ പുറത്തു വരുമ്പോഴും കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ബോഡിഷെയ്മിങ്ങ് നടത്തുന്നതിലാണ് പലർക്കും കമ്പം. കുറ്റകൃത്യത്തിന്റെ വ്യാപ്തി ചർച്ചയാക്കുന്നതിനു പകരം സ്വപ്നയുടെ ശാരീരിക സൗന്ദര്യം ചർച്ചയാക്കുന്ന വികലമായ ചിന്തകൾക്കെതിരെ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ. ജോൺ. ഒരു സ്ത്രീ ഒരു രാഷ്ട്രീയ നേതാവിന്റെ ഒപ്പം നിൽക്കുന്ന പടമോ ഒരു യോഗത്തിലെ സംഘാടക റോളിൽ നിൽക്കുമ്പോൾ കാതിൽ എന്തെങ്കിലും പറയുന്ന ദൃശ്യമോ എടുത്തു കാട്ടി,ആരോപണത്തിന് ബലം കൂട്ടാൻ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല എന്ന് ഡോ. ജോൺ ഓർമ്മിപ്പിക്കുന്നു. ഒരു ആണിനോട് പെണ്ണ് വർത്തമാനം പറയുന്നതിൽ അശ്ലീലം കാണുന്ന നിലവാരത്തിലേക്ക് പോകുന്നത് സ്ത്രീവിരുദ്ധതയാണെന്നും ഡോ. ജോൺ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഡോ. ജോൺ വിഷയം അവതരിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

കൃത്യമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലത്തിൽ ജനങ്ങൾക്ക് വേണ്ടി ഭരണ സംവിധാനങ്ങളെ വിമർശിക്കുന്നത് നല്ല രാഷ്ട്രീയമാണ് .ഒരു സ്ത്രീ ഒരു രാഷ്ട്രീയ നേതാവിന്റെ ഒപ്പം നിൽക്കുന്ന പടമോ ഒരു യോഗത്തിലെ സംഘാടക റോളിൽ നിൽക്കുമ്പോൾ കാതിൽ എന്തെങ്കിലും പറയുന്ന ദൃശ്യമോ എടുത്തു കാട്ടി,ആരോപണത്തിന് ബലം കൂട്ടാൻ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല .മുൻ മുഖ്യ മന്ത്രിക്ക് എതിരെ ഈ ആയുധം അന്നത്തെ പ്രതിപക്ഷം പ്രയോഗിച്ചപ്പോഴും ഇത് തോന്നിയിരുന്നു .ഏഴുതിയിരുന്നു .ഇത്തരം വർത്തമാനങ്ങൾ പക്വമായ രാഷ്ട്രീയ സംവാദങ്ങളിലെ ഐറ്റം ഡാൻസ്‌ ആയി മാറും. ഒരു ആണിനോട് പെണ്ണ് വർത്തമാനം പറയുന്നതിൽ അശ്ലീലം കാണുന്ന നിലവാരത്തിലേക്ക് പോവുകയും ചെയ്യും .അറിഞ്ഞോ അറിയാതെയോ ഇതിൽ ഒരു സ്ത്രീ വിരുദ്ധതയുണ്ട് .പെൺ പെരുമാറ്റങ്ങളെ കുറിച്ചുള്ള തെറ്റായ സാമാന്യവൽക്കരണമുണ്ട്. വിവാദ നായകനാണ്‌ ചെവിയില്‍ പറയുന്നതെങ്കില്‍ ഇത്ര ഹരം ഉണ്ടാവുമോ?

ജെന്‍ഡര്‍ രാഷ്ട്രീയമെന്ന് പറഞ്ഞ്‌ എടുത്ത് ചാടുന്ന സ്ത്രീ രത്നങ്ങള്‍ക്ക് ഇതിൽ പരാതി ഉള്ളതായി അറിവില്ല. പെണ്ണ് ചെവിയില്‍ മൊഴിയുന്ന ഭീകര കുറ്റം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ത്തല്ലോ? ഞങ്ങൾ അതിനെ കുറ്റം പറയുന്നത് ശരിയെന്നും, അതും നിങ്ങൾ ചെയ്യുമ്പോൾ തെറ്റെന്നുമുള്ള വൈരുദ്ധ്യമല്ല ഇതിൽ ചർച്ച ചെയ്യേണ്ട വിഷയം .കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ ഇത്തരം പൈങ്കിളി കാര്യങ്ങൾ വിട്ട് , കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശനങ്ങൾ ഉയർത്തുന്ന സംസ്കാരത്തിലേക്ക് വരാത്തതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത് .

ജനവിധി നിശ്ചയിക്കുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷർ ഈ മാറ്റി പറയലും, ഈ നാണം കെട്ട നിലവാരത്തിലുള്ള വർത്തമാനങ്ങളും കേൾക്കുകയാണ്.അവരിൽ ജനാധിപത്യത്തെ കുറിച്ചുള്ള മടുപ്പ് വളർത്തല്ലേ. പക്വമായി പറയുന്നവർ ഇരു പക്ഷത്തുമുണ്ടെന്നതും മറക്കുന്നില്ല .പക്ഷെ ഭൂരിപക്ഷവും അങ്ങനെയല്ല .രാഷ്ട്രീയ ബോധത്തെ നവീകരിക്കുന്ന വർത്തമാനവുമായി വരുന്നവർക്കായി കാത്തിരിക്കുന്നു .തെറ്റ് പറ്റിയാൽ തുറന്ന മനസ്സോടെ സമ്മതിക്കുന്നതും നല്ല രാഷ്ട്രീയമെന്ന നിലപാടും വരട്ടെ .നിങ്ങടെ കാലം, ഞങ്ങടെ കാലം കളി മാറ്റി നമ്മുടെ കേരളമെന്ന് പറയുന്ന കാലം വരട്ടെ. ഇത് ഒരു സാധാരണ പൗരന്റെ പരിഭവം മാത്രം.

(സി ജെ ജോൺ )