Saturday 14 May 2022 11:58 AM IST : By സ്വന്തം ലേഖകൻ

പോക്സോ കേസിനു പിന്നാലെ ഒളിവിൽ പോയി... മലപ്പുറത്തെ അധ്യാപകനെ ഹോം സ്റ്റേയിൽ നിന്നും പിടികൂടി

malappuram-pocso

പോക്സോ കേസിൽ പ്രതിയായ സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി.ശശികുമാറിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. സിഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയിൽനിന്നാണ് പിടികൂടിയത്. പോക്സോ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് പ്രതിയെ മലപ്പുറം സ്റ്റേഷനിലെത്തിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

നിലവിൽ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്ന് സിഐ അറിയിച്ചു. വനിതാ സ്റ്റേഷൻ എസ്ഐ സന്ധ്യാദേവി, എഎസ്ഐ അജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നു എന്നാരോപിച്ച് വിവിധ വിദ്യാർഥി, രാഷ്ട്രീയ സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. സംഭവം വിവാദമായതോടെ ശശികുമാർ മലപ്പുറം നഗരസഭാംഗത്വം രാജിവച്ചിരുന്നു. സിപിഎം ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനെ നിയോഗിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്തു വീഴ്ച സംഭവിച്ചോ എന്നതും പരിശോധിക്കും.

More