Friday 13 May 2022 03:32 PM IST : By സ്വന്തം ലേഖകൻ

‘ഷഹന സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലത്തെ ചൊല്ലി വഴക്കുണ്ടായി’: ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ: എസിപി

shahna-suicide-follow-up-1

മരിച്ച മോഡല്‍ ഷഹനയുമായി ഭര്‍ത്താവ് സജാദ് വഴക്കിട്ടിരുന്നെന്ന് എ.സി.പി. ഷഹന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തെച്ചൊല്ലിയായിരുന്നു വഴക്ക്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകുവെന്നും എ.സി.പി കെ.സുദര്‍ശന്‍ പറഞ്ഞു.

രാത്രിയോടെയായിരുന്നു പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ വരുന്നത്. അവർ താമസിക്കുന്ന വീടിന്റെ ഹൗസ് ഓണർ ആണ് വിളിച്ചത്. ഇവിടെ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കു നടക്കുകയാണ് എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ ഓഫീസറെ അറിയിച്ചു. പന്ത്രണ്ടേ കാല്‍ മണിയോടെ സംഭവ സ്ഥലത്ത് എത്തി. വന്ന സമയത്ത് പെൺകുട്ടി ഭർത്താവിന്റെ മടിയിൽ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. അവൻ കരയുന്നുണ്ടായിരുന്നു. നൈറ്റ് ഓഫീസർ പെൺകുട്ടിയെ വണ്ടിയിൽ കയറ്റി ഭർത്താവിനൊപ്പം ആശുപത്രിയിലെത്തിച്ചു. അവിടെ എത്തിയപ്പോള്‍ ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടി കാസർകോട് സ്വദേശിയാണ്.

പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഇവർ വിവാഹം കഴിച്ചിട്ട് ഒന്നര വർഷമായെന്ന് അറിയാൻ കഴിഞ്ഞു. വിവാഹം ആലോചിക്കുന്ന സമയത്ത് വീട്ടുകാർ എതിർത്തിരുന്നു. പിന്നീട് പെൺകുട്ടിയുടെ നിർബന്ധ പ്രകാരമാണ് വീണ്ടും വിവാഹം നടന്നത്. ഇവിടെ മൂന്നു മാസത്തോളം താമസിച്ചു വരുന്നു. പെൺകുട്ടി മോ‍ഡലിംഗ് എന്ന് അറിയാൻ കഴിഞ്ഞു. ജ്വല്ലറിയുടെ പരസ്യത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഈയടുത്ത് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചു. പെൺകുട്ടി അഭിനയിച്ച സിനിമയുടെ പ്രതിഫലത്തെച്ചൊല്ലി തർക്കമുണ്ടായി.

പെൺകുട്ടിക്ക് 22 വയസ് തികയുന്ന ദിവസത്തിലാണ് ഈയൊരു ദാരുണ സംഭവവും നടന്നത്. പിറന്നാൾ ദിനത്തിൽ നേരത്തെ വരാമെന്ന് ഇയാൾ അറിയിച്ചിരുന്നു. എന്നാൽ ഷഹന അഭിനയിച്ച സിനിമയിലെ പ്രതിഫലത്തെച്ചൊല്ലി വഴക്കുണ്ടായി. ശേഷം, ജനാലയിൽ തൂങ്ങി എന്നാണ് ഭർത്താവ് സജാദ് പറയുന്നു.– എസിപി പറയുന്നു.