Monday 30 January 2023 11:14 AM IST : By സ്വന്തം ലേഖകൻ

കത്തിക്കരിഞ്ഞ നിലയിൽ ആ പൊന്നുമോന്റെ മൃതദേഹം, നെഞ്ചുനീറും കാഴ്ച: അമ്മയും രണ്ട് മക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ

family-death പന്നിത്തടത്ത് അമ്മയും രണ്ടു കുഞ്ഞുങ്ങളും പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ തടിച്ചു കൂടിയ നാട്ടുകാര്‍. മുകള്‍ നിലയില്‍ തുണി കൊണ്ടു മറച്ച ബാല്‍ക്കണിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. (ഇൻസെറ്റിൽ മരിച്ച ഷഫീനയും മക്കളായ അജ്‌വയും അമനും)

എരുമപ്പെട്ടി പന്നിത്തടത്ത് അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചിറമനെങ്ങാട് റോഡിൽ കാവിലവളപ്പിൽ ഹാരിസിന്റെ ഭാര്യ ഷഫീന (28), മകൾ അജ്‌‌വ (3), മകൻ അമൻ (1) എന്നിവരെയാണ് വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയോടു ചേർന്നുള്ള ബാൽക്കണിയിൽ ‍മരിച്ചനിലയിൽ ഇന്നലെ പുലർച്ചെ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൂത്ത മകൾ ആയിനയും ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഹാരിസ് വിദേശത്താണ്.

സംഭവസമയത്ത് ഹാരിസിന്റെ മാതാവ് ഫാത്തിമയും വീട്ടിലുണ്ടായിരുന്നു. ഹാരിസിന്റെ സഹോദരൻ നവാസിന്റെ കുടുംബവും ഇവർക്കൊപ്പമാണു താമസമെങ്കിലും വെള്ളി വൈകിട്ടോടെ കുട്ടികളുമായി ഇവരുടെ ചൊവ്വല്ലൂർപടിയിലെ വീട്ടിലേക്കു പോയിരുന്നു. ശനി വൈകിട്ട് ചിറമനെങ്ങാട് കല്യാണ ചടങ്ങിൽ പങ്കെടുത്ത്, അവിടെ ബന്ധു വീടുകളിൽ പോയി ‍ഒരു മണിയോടയാണു ഫാത്തിമയും ഷഫീനയും കുട്ടികളും വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ഷഫീനയും മക്കളും വീടിനു മുകൾ നിലയിലെ കിടപ്പുമുറിയിലേക്കു പോയി.

ഇവര്‍ക്കൊപ്പം ഉറങ്ങിയിരുന്ന മൂത്തമകൾ ആയിന പുലർച്ചെ എഴുന്നേറ്റപ്പോൾ ഉമ്മയെയും സഹോദരങ്ങളെയും കാണാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു ബാൽക്കണിയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.‍ തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇന്ധനം നിറച്ചിരുന്ന രണ്ടു കുപ്പികളും ലൈറ്ററും സ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ‍വിവരമറിഞ്ഞ് ഹാരിസ് ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം പള്ളിക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ മൃതദേഹങ്ങൾ കബറടക്കി.

കേച്ചേരി തൂവാന്നൂർ പുളിച്ചാറം വീട്ടിൽ ഹനീഫ- ഐഷ ദമ്പതികളുടെ മകളാണ് മരിച്ച ഷഫീന. കുന്നംകുളം എസിപി സി.എസ്. സിനോജ്, എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എസ്ഐ ടി.സി. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി. ഫിംഗർ പ്രിന്റ് സേർചർ പി.ആർ. ഷൈനയുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും സയന്റിഫിക് അസിസ്റ്റന്റ് എം.എസ്. ഷംനയുടെ നേതൃത്വത്തിൽ പൊലീസിന്റെ ഫൊറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു.

കൂടുതൽ വാർത്തകൾ