Wednesday 25 May 2022 12:00 PM IST : By സ്വന്തം ലേഖകൻ

സ്ത്രീധനമായി നൽകിയ ആ മണ്ണിൽ അവളുറങ്ങുന്നു... മരണശേഷം ആ കുഴിമാടത്തിനരികിൽ അച്ഛൻ പോയിട്ടില്ല

vismaya-graveyard

ആശങ്കയുടെ മണിക്കൂറുകൾ, ഒടുവിൽ വിധി

നിലമേൽ∙ആശങ്കയുടെ മണിക്കൂറുകൾ ആയിരുന്നു നിലമേൽ കൈതോട് സീ വില്ല ഇന്നലെ. വിസ്മയയുടെ അമ്മ സജിത വി.നായർ വീട്ടിൽ ടിവിയുടെ മുന്നിൽ. അച്ഛൻ കെ. ത്രിവിക്രമൻ നായർ കൊല്ലത്ത് സെഷൻസ് കോടതിയിലും. സജിതയ്ക്കൊപ്പം ഏതാനും ബന്ധുക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാധ്യമ പ്രവർത്തകരും രാവിലെ തന്നെ വീട്ടിൽ എത്തിയിരുന്നു.

കിരൺ കുമാറിനെ 10 വർഷം കഠിന തടവിനു ശിക്ഷിച്ചു എന്നറിഞ്ഞപ്പോൾ സജിതയുടെ മുഖത്ത് സന്തോഷം ഉണ്ടായെങ്കിലും ശിക്ഷ പോരാ എന്നതായിരുന്നു ആദ്യ പ്രതികരണം. നാട്ടുകാരുടെയും പ്രതികരണവും അതു തന്നെ. വിസ്മയയോടു കാട്ടിയ ക്രൂരത ആർക്കും പൊറുക്കാൻ കഴിയില്ല എന്നായിരുന്നു വീട്ടമ്മമാരുടെ പ്രതികരണം.മകളുടെ മരണത്തിനു ഉത്തരവാദിയായ കിരൺകുമാറിന് അർഹമായ ശിക്ഷ ലഭിക്കും വരെ പോരാടുമെന്നു വിസ്മയയുടെ മരണ ശേഷം ത്രിവിക്രമൻ നായർ പ്രതിജ്ഞ എടുത്തിരുന്നു. താടിയും മുടിയും വെട്ടാതെ അദ്ദേഹം പോരാട്ടം നടത്തി. ഇന്നലെ പ്രതീക്ഷിച്ച വിധിയെത്തി.

മകളുടെ മരണ ശേഷം കുഴിമാടത്തിനരികിലേക്ക് ത്രിവിക്രമൻനായർ പോയിട്ടില്ല. അതിനു കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. വിസ്മയ അന്ത്യ വിശ്രമം കൊള്ളുന്നത് സ്ത്രീധനമായി നൽകിയ കുടുംബ ഓഹരിയിലെ വസ്തുവിലാണ്. 20 വർഷം വിദേശത്തായിരുന്നു ത്രിവിക്രമൻ നായർ. കൈതോട് ജംക്‌ഷന് സമീപത്താണ് കുടുംബ വീടായ കെകെഎംപി ഹൗസ്. 10 വർഷം മുൻപാണ് സമീപത്തു പുതിയ വീട് നിർമിച്ചത്. അവിടെയായിരുന്നു വിസ്മയയുടെ വിവാഹം.

കിരണിനു ജാമ്യം ലഭിച്ചത് സുപ്രീം കോടതിയിൽ നിന്ന്

വിചാരണ തീരാറാകുന്നതു വരെ റിമാൻഡിൽ കഴിഞ്ഞിരുന്ന കിരൺ കുമാറിനു ജാമ്യം ലഭിച്ചത് സുപ്രീം കോടതിയിൽ നിന്ന്. കഴിഞ്ഞ വർഷം ജൂൺ 21നു വിസ്മയ മരിച്ചതിനു പിന്നാലെ അറസ്റ്റിലായ കിരണിനു കഴിഞ്ഞ മാർച്ച് 2ന് ആണ് ജാമ്യം ലഭിച്ചത്. രണ്ടര മാസത്തിനു ശേഷം ജാമ്യം റദ്ദു ചെയ്തു വീണ്ടും ജയിലിലേക്കു മാറ്റി. കിരൺകുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.