Monday 23 May 2022 11:57 AM IST : By സ്വന്തം ലേഖകൻ

അതിൽപിന്നെ ആ മനുഷ്യൻ‌ താടി എടുത്തിട്ടില്ല: ‘കണ്ണടയും വരെ ഇവരുടെ നോവല്ലേ അവൾ...’

vismaya-father

വീട്ടിലെ വെളിച്ചം കെട്ടു പോയ ശേഷം ഇന്നേവരെ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ താടി എടുത്തിട്ടില്ല. എല്ലാമെല്ലാമായിരുന്ന മകൾക്ക് നീതി കിട്ടും വരെയുള്ള കാത്തിരിപ്പിനൊപ്പം വളർന്നു പോയതാണ് ആ താടിയും. മകൾ ഒപ്പമുണ്ടായിരുന്ന കാലത്തെ പഴയ രൂപത്തിൽ നിന്ന് ഇക്കാലത്തിനിടെ അദ്ദേഹം ഏറെ മാറി. മനസ്സ് ദുർബലമാകുമ്പോഴും പക്ഷേ, മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുന്നത് വരെ മുന്നോട്ടു പോകുമെന്ന് അച്ഛൻ പറയുന്നു.

കരളുരുകി തീർത്ത 11 മാസങ്ങൾക്കു ശേഷംവരുന്ന വിധി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു വിസ്മയയുടെ കുടുംബം. മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന സഹോദരൻ വിജിത്ത് കുറച്ചു ദിവസം മുൻപാണ് അവധി കഴിഞ്ഞ് തിരികെ കയറിയത്.

മരിച്ചുപോയ മകളെ ഞങ്ങൾക്ക് കിട്ടില്ലല്ലോ

 പ്രതിഭാഗത്തെ 5 സാക്ഷികൾ മാത്രമാണ് കേസിൽ കൂറു മാറിയത്. ‘‘അർഹമായ ശിക്ഷ കിട്ടിയാലും മരിച്ചുപോയ മകളെ ഞങ്ങൾക്ക് കിട്ടില്ലല്ലോ... കണ്ണടയും വരെ ഞങ്ങളുടെ നോവല്ലേ അവൾ’’ – ഈ കണ്ണീരു മാത്രം ഉത്തരമില്ലാതെ ബാക്കിയാവുന്നു. പ്രതിഭാഗത്തിന്റെ വിസ്താരത്തിനായി കോടതിയിൽ 4 ദിവസം ഇരിക്കേണ്ടി വന്നത് നെഞ്ചിൽ തറഞ്ഞു കയറുന്ന അനുഭവമായിരുന്നുവെന്നും ഒരച്ഛനും അമ്മയ്ക്കും ഈ ഗതി വരാതിരിക്കട്ടെയെന്നുമാണ് ഇവരുടെ പ്രാർഥന.

കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് 9-ാം ദിവസം വിസ്മയ, അച്ഛന്‍ ത്രിവിക്രമനോട് ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതും കിരണ്‍ അറസ്റ്റിലായതും. കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.