Saturday 07 April 2018 06:20 PM IST

ഐസ്ക്രീം കൊതി മൂത്തപ്പോൾ 65 കിലോയായി, ദോശ തിന്ന് 15 കിലോ കുറച്ചു! ശ്രീലക്ഷ്മിയുടെ ഡയറ്റ്

Priyadharsini Priya

Sub Editor

sree-j4

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ശ്രീലക്ഷ്മി ഒരു ചിത്രം പങ്കുവച്ചു, ‘ദെൻ’ എന്ന ക്യാപ്ഷനോടു കൂടി സാരിയുടുത്ത് തടി കൂടിയ ഒരു ചിത്രവും ‘നൗ’ എന്ന ക്യാപ്ഷനിൽ മെലിഞ്ഞു സുന്ദരിയായ ചിത്രവുമാണ് പോസ്റ്റ് ചെയ്തത്. സിനിമയിലും സീരിയലിലും ആങ്കറിങ്ങിലുമെല്ലാം സജീവമായി നിന്നിരുന്ന ശ്രീലക്ഷ്മി ജോലിയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോയതിൽപ്പിന്നെ കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചിത്രങ്ങൾ കണ്ട് പലരും ഞെട്ടി. എന്തുപറ്റി ശ്രീലക്ഷ്മിക്ക് എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അതേക്കുറിച്ച് ശ്രീലക്ഷ്മി തന്നെ പറയട്ടെ.

"ജോലിയുടെ ഭാഗമായി ഇരിപ്പാണ് കൂടുതലും. ദുബായിൽ വന്നശേഷം നൃത്തം പ്രാക്ടീസ് ചെയ്തിരുന്നില്ല. എന്റെ ശരീരപ്രകൃതി അനുസരിച്ച് വെള്ളം കുടിച്ചാലും വണ്ണം വയ്ക്കും. അമിത ഭക്ഷണവും വ്യായാമമില്ലായ്മയും മൂലം 10–15 കിലോയോളമാണ് കൂടിയത്."– ദുബായിലെ ഫ്ളാറ്റിലിരുന്ന് ആ കഥകൾ പറയുകയാണ് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി.

sree-j5

ഇത്രയും തിന്നാൽ ഗുണ്ടുപോലാകും..

‘ഞാൻ ഫുഡിന് ഭയങ്കര അഡിക്റ്റഡ് ആണ്. ദുബായിലേക്ക് വന്നപ്പോഴേക്കും ആദ്യത്തെ ആറു മാസം വീട്ടിൽ പാചകം ഒന്നും ചെയ്യില്ലായിരുന്നു. ഭക്ഷണം മുഴുവൻ പുറത്തു നിന്ന്. ബിരിയാണിയെന്നു വച്ചാൽ ജീവനായിരുന്നു എനിക്ക്. എല്ലാ ദിവസവും പുറത്തുനിന്ന് ആഹാരം കഴിച്ചാണ് ഇങ്ങനെ വണ്ണം വച്ചത്. ഇവിടേക്ക് വരുമ്പോൾ ആദ്യം ചിന്തിച്ചത് എല്ലാ രീതിയിലുമുള്ള ആഹാരം ഒന്ന് ടേസ്റ്റ് ചെയ്തു നോക്കണം എന്നായിരുന്നു. അതുകൊണ്ട് ആദ്യ നാളുകളിൽ നല്ല രീതിയിൽ തന്നെ ഭക്ഷണം കഴിച്ചു. അങ്ങനെ 50 കിലോയുണ്ടായിരുന്ന ഞാൻ 64 കിലോയായി. കാഴ്ചയിലും തടി ഫീൽ ചെയ്തു തുടങ്ങി. വസ്ത്രങ്ങൾ പുതിയതു വാങ്ങേണ്ടി വന്നു. ഇതോടെ എന്റെ ചങ്കിടിക്കാൻ തുടങ്ങി, അതിനുശേഷം പിന്നെ ഞാൻ വെയിറ്റ് നോക്കിയിട്ടില്ല.

sree-j6

ഐ ഡോണ്ട് കെയർ

ഭാരം കൂടിയ ശേഷം ദുബായിൽ ഒരു ഷോ ചെയ്യാൻ പോയി. സാരിയും ഹെവി ആഭരണങ്ങളുമായി ഞാൻ വന്നു നിന്നപ്പോൾ എല്ലാവരും പറഞ്ഞു ‘ശ്രീലക്ഷ്മി നന്നായി വണ്ണം വച്ചല്ലോ’ എന്ന്. അമ്മയോട് ചോദിച്ചപ്പോൾ പക്ഷേ സമ്മതിച്ചു തന്നില്ല. ‘അത്രയ്ക്ക് വണ്ണമൊന്നും ഇല്ലല്ലോ’ എന്നായിരുന്നു മറുപടി. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ എനിക്കും വണ്ണം വച്ച പോലെയൊന്നും തോന്നിയിരുന്നില്ല. എന്നാൽ ആ ഷോയുടെ സ്റ്റിൽസും വിഡിയോയും കണ്ടപ്പോൾ ആകെ തകർന്നുപോയി. സാധാരണ ഷോകൾ ചെയ്യുമ്പോൾ സാരിയുടുത്താണ് അവതരിപ്പിക്കാറ്. വണ്ണം കൂടിയപ്പോൾ ഭയങ്കര ബോറായി തോന്നിത്തുടങ്ങി.

sree-j3

ദോശ ഈസ് എ വണ്ടർഫുൾ ഫുഡ്

ഒരു മാസം കൊണ്ട് എന്റേതായ രീതിയിൽ ഒന്ന് വണ്ണം കുറയ്ക്കാം എന്ന് ഉദ്ദേശിച്ചാണ് പരിശ്രമം തുടങ്ങിയത്. ഡയറ്റിഷ്യന്റെ സഹായം തേടുകയോ ജിമ്മിൽ പോകുകയോ ഒന്നും ചെയ്തില്ല. എക്സർസൈസ് ആയി ജോഗിങ് മാത്രമാണ് ചെയ്തത്. ചൂട് കൂടുതലുള്ളപ്പോൾ മാത്രം ജിമ്മിൽ ട്രെഡ്മില്ല് ഉപയോഗിക്കാൻ പോകും. അതും വല്ലപ്പോഴും മാത്രം. ജിമ്മിലെ മറ്റു ഉപകരണങ്ങൾ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നുപോലും എനിക്ക് അറിയില്ല.

വണ്ണം കുറയ്ക്കാനുള്ള പ്രയത്നത്തിന്റെ മുന്നോടിയായി സ്വന്തമായി പാചകം ചെയ്തു തുടങ്ങി. ഭക്ഷണത്തിൽ കഠിനമായ നിയന്ത്രണം ഏർപ്പെടുത്തി. ഹോട്ടൽ ഭക്ഷണം പൂർണ്ണമായും നിർത്തി. കൊഴുപ്പുള്ളതും വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി. വല്ലാതെ കൊതി വരുമ്പോൾ ചിക്കൻ കറി വച്ച് അതിലെ കഷ്ണം മാത്രം കഴിക്കും, ഗ്രേവി ഉപയോഗിക്കില്ല. അല്ലെങ്കിൽ ചിക്കൻ പുഴുങ്ങി ഉപയോഗിക്കും. ആഹാരം വയറുനിറച്ച് കഴിക്കണം എന്ന് തോന്നുമ്പോൾ ദോശയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിക്കും. വെള്ളിയാഴ്ചകളിൽ മാത്രം ഇഷ്ടമുള്ള ഭക്ഷണം വളരെ കുറച്ചു മാത്രം കഴിക്കാറുണ്ട്. ഞാനൊരു മധുരപ്രിയ കൂടിയാണ്. അതുകൊണ്ട് ഈ ദിവസം ഒരു ഡോണറ്റ്, ഒരു സ്ലൈസ് പിത്സ എന്നിവയൊക്കെ കഴിക്കാറുണ്ട്.

sree-j2

വണ്ണം കൂടാനുള്ള മറ്റൊരു പ്രധാന കാരണം ഇവിടുത്തെ ചോക്ലേറ്റും ഐസ്ക്രീമും ആണ്. ഇപ്പോൾ ഐസ്ക്രീം കണ്ടാൽ തിരിഞ്ഞു നോക്കാതെ നടക്കും. മുൻപ് ഒരു മാസം 22 ലിറ്റർ ഐസ്ക്രീം വരെ കഴിച്ചിട്ടുണ്ട്. വെറുതെ വന്ന വണ്ണമല്ല ട്ടോ.. നല്ല രീതിയിൽ കഴിച്ചു അധ്വാനിച്ചുണ്ടാക്കിയ തടിയായിരുന്നു. ഞാൻ കേക്കുകളും ചോക്ലേറ്റുകളും കഴിക്കുന്നത് നിർത്തിയിട്ടു മാസങ്ങളായി. ആരെങ്കിലും കഴിക്കുമ്പോൾ കൊതി തോന്നിയാൽ ഒരു കടി മാത്രം കഴിച്ചിട്ട് മിണ്ടാതെ ഇരിക്കാറുണ്ട്.

മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി അരി ഭക്ഷണം കഴിച്ചാണ് ഞാൻ വണ്ണം കുറച്ചത്. അരി ദോശ മടുത്താൽ വല്ലപ്പോഴും ഗോതമ്പു ദോശയാക്കും. മുൻപ് ദോശ എന്ന് കേട്ടാൽ ഓടുന്ന ആളായിരുന്നു ഞാൻ. ഇന്ന് ദോശ കഴിച്ച് വണ്ണം കുറച്ച ആദ്യത്തെ ആൾ ഞാനായിരിക്കും. കൂടുതലൊന്നും കഴിക്കില്ല, എണ്ണയില്ലാതെ ചുട്ടെടുക്കുന്ന രണ്ടു ദോശ മാത്രമാണ് ഒരുനേരത്തെ ഭക്ഷണം. അതല്ലാതെ ഭക്ഷണ രീതിയിൽ വല്ലാതെ മാറ്റമൊന്നും ഇല്ല. അല്ലെങ്കിൽ പുട്ടുണ്ടാക്കി കഴിക്കും. കാരറ്റ്, അവക്കാഡോ, ഓട്സ് എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. മുളകുപൊടി, മല്ലി പൊടി തുടങ്ങിയ സ്‌പൈസസ് ഒക്കെ പൂർണ്ണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഒരു മാസം കൂടി ഈ രീതി പിന്തുടരണം. അതിനുശേഷം മാത്രമേ ഇനി വെയിറ്റ് നോക്കൂ.. അപ്പോൾ അറിയാം എത്രത്തോളം കുറഞ്ഞെന്ന്!!

sree-j1