Wednesday 20 October 2021 12:40 PM IST : By സ്വന്തം ലേഖകൻ

‘മാതാപിതാക്കൾക്കൊപ്പം പോകുമ്പോൾ പോലും ശല്യം; ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പെൺകുട്ടികൾ എങ്ങനെ സുരക്ഷിതരായിരിക്കും?’; ഒരമ്മ ചോദിക്കുന്നു

shutterstock_715688422

‘മാതാപിതാക്കൾക്കൊപ്പം പോകുന്ന പെൺകുട്ടികളെപ്പോലും ശല്യം ചെയ്യുന്നിടത്ത് എങ്ങനെയാണ് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പെൺകുട്ടികൾ സുരക്ഷിതരായിരിക്കുക?’ – കഴിഞ്ഞ ദിവസം തട്ടുകടയിൽനിന്നു ഭക്ഷണം കഴിക്കുന്നതിനിടെ ശല്യം ചെയ്യപ്പെട്ട പെൺകുട്ടികളുടെ അമ്മയായ ആലപ്പുഴ ചെല്ലാനം സ്വദേശിനി ചോദിക്കുന്നു. ‘ബന്ധുവിന്റെ വീട്ടിൽപോയി മടങ്ങും വഴിയാണ് ഭക്ഷണം കഴിക്കാൻ കയറിയത്. എന്റെ നാലു മക്കളും വിൽസൺസ് ഡിസീസ് എന്ന കരൾരോഗം ബാധിച്ചവരാണ്. ധാരാളം മരുന്നുകളുണ്ട്. വീട്ടിലെത്തുമ്പോൾ വൈകുമല്ലോ എന്നു കരുതിയാണ് കടയിൽനിന്നു ഭക്ഷണം കഴിച്ച ശേഷം മരുന്നുകഴിക്കാം എന്നു തീരുമാനിച്ചത്. പക്ഷേ, ഇതിപ്പോൾ വീണ്ടും ആശുപത്രി കയറിയിറങ്ങേണ്ട സ്ഥിതിയായി’- അവർ പറഞ്ഞു. 

ഞായറാഴ്ച രാത്രി പത്തിനാണ് ഇവർ മാരാരിക്കുളം പതിനൊന്നാംമൈൽ ജംക്‌ഷനു സമീപത്തെ തട്ടുകടയിൽ എത്തിയത്. തൊട്ടടുത്തുണ്ടായിരുന്നവർ ശല്യം ചെയ്യുന്നുവെന്നു മകൾ പറഞ്ഞതോടെ അവിടെനിന്ന് ഇറങ്ങിയെങ്കിലും മദ്യലഹരിയിലായിരുന്ന പ്രതികൾ പിന്തുടർന്ന് വീണ്ടും ശല്യം ചെയ്തു. ഇതു ചോദ്യം ചെയ്തതോടെ പ്രതികളിലൊരാൾ അസഭ്യം വിളിച്ച് പെൺകുട്ടിയെ തള്ളിയിടുകയായിരുന്നു. നിലത്തുവീണതോടെ പെൺകുട്ടിക്ക് അപസ്‌മാരവും വന്നു.

‘ഒരു പ്രശ്നത്തിനും പോകേണ്ടെന്നു കരുതിയാണ് അവിടെനിന്ന് ഇറങ്ങിയത്. എന്നിട്ടും ഞങ്ങളെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. മൂത്തമകന് പത്തു വയസ്സുള്ളപ്പോഴാണ് വിൽസൺസ് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് മറ്റു മക്കളും രോഗബാധിതരാണെന്നു കണ്ടെത്തി. ചെറിയ ആശങ്കയോ ഭയമോ പോലും ഇവരെ ഗുരുതരമായി ബാധിക്കും. ആ സംഭവത്തിനു ശേഷം അവളുടെ പേടി മാറിയിട്ടില്ല. കുറച്ചുനാൾ ഓൺലൈൻ ക്ലാസുകളിൽ പോലും കയറാനാകില്ല. കുറച്ചുകഴിഞ്ഞ് മതി ഇനി പഠനം എന്നാണ് ഡോക്ടർമാരുടെയും നിർദേശം’ - അമ്മ പറയുന്നു. 

സംഭവുമായി ബന്ധപ്പെട്ട് മരുത്തോർവട്ടം നടുവത്തുവീട്ടിൽ ശ്യാം കൃഷ്ണ (41), മരുത്തോർവട്ടം രേവതി വീട്ടിൽ ഷിനു(42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. സംഭവത്തെത്തുടർന്ന് മേഖലയിലെ പൊലീസ് പട്രോളിങ് കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ടെന്ന് മാരാരിക്കുളം സിഐ എസ്.രാജേഷ് പറഞ്ഞു.

ശ്രദ്ധിക്കണം ഇവ

∙ ഇത്തരം സംഭവങ്ങളുണ്ടായാൽ, പ്രത്യേകിച്ച് രാത്രി ചെറിയ സംഭവമാണെങ്കിലും, ഉടൻ 112 എന്ന നമ്പറിൽ വിളിച്ച് പൊലീസിന്റെ സഹായം തേടാം.

∙ ഹൈവേ പൊലീസിന്റെയും പൊലീസ് കൺട്രോൾ റൂമിലെയും നമ്പറുകൾ എല്ലാവരും മൊബൈൽ ഫോണിൽ സേവ് ചെയ്ത് സൂക്ഷിക്കുകയും ഇത്തരം സാഹചര്യങ്ങളിൽ സഹായം തേടുകയും വേണം.

∙ ഇത്തരം സംഭവങ്ങൾക്ക് സാക്ഷികളാകുന്നവർക്കും പൊലീസിനു വിവരം കൈമാറാം.

അതിക്രമം: കേസ് 9,594

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്ത് ഈ വർഷം റജിസ്റ്റർ ചെയ്തിട്ടുള്ളത് 9,594 കേസുകളാണ്. (ഓഗസ്റ്റ് വരെയുള്ള കണക്ക്) 

Tags:
  • Spotlight