Friday 16 October 2020 02:43 PM IST : By സ്വന്തം ലേഖകൻ

ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങി അനന്തു നിർമിച്ചത് ഉഗ്രൻ സ്പോർട്സ് ബൈക്ക്, ചെലവ് 4000 രൂപ!

ananthu-sunil6543sddf

ആക്രി കടകളിൽ നിന്നു ശേഖരിച്ച സാധനങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസുകാരൻ നിർ‌മിച്ചത് ഉഗ്രൻ സ്പോർട്സ് ബൈക്ക്. ചെലവ് 4000 രൂപ മാത്രം. പെരുമ്പാവൂർ വെങ്ങോല തൊട്ടിപ്പറമ്പിൽ സുനിലിന്റെ മകൻ അനന്തുവാണ് ഈ  മിടുക്കൻ. അല്ലപ്രയിലും വെങ്ങോലയിലുമുള്ള ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങിയാണ് അനന്തു തന്റെ സ്വന്തം ബൈക്ക് നിർമിച്ചത്. ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടറാണ് പ്രധാന ഘടകം.

പെട്രോൾ വാഹനത്തിന്റെ മോട്ടർ  ഉപയോഗിച്ചാൽ നിരത്തിലിറക്കാൻ റജിസ്ട്രേഷനും ലൈസൻസും വേണമെന്നതിനാലാണ് ഇലക്ട്രിക് സ്കൂട്ടർ മോട്ടർ തിരഞ്ഞെടുത്തതെന്ന് അനന്തു പറഞ്ഞു. പഴയ  സൈക്കിളിന്റെ ചേസാണ് മറ്റൊരു ഘടകം. ആശുപത്രി വീൽചെയറിന്റെ ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. മീറ്ററും ആക്സിലറേറ്ററും മാത്രമാണ് പുതിയത്. ഇത് ഓൺലൈനിലൂടെ വാങ്ങി. സെക്കൻ‌ഡ് ഹാൻഡ് ബാറ്ററി ഉപയോഗിച്ചതിനാൽ ചെലവ് കുറയ്ക്കാനായി. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 25 കിലോമീറ്റർ വരെ ഓടിക്കാം.

ഘടകങ്ങൾ വെൽഡ് ചെയ്യാൻ ബന്ധുവിന്റെ വർക്‌ഷോപ്പിൽ പോയി ഒരാഴ്ച പഠിച്ചു. വെൽഡിങ് യന്ത്രം വാടകയ്ക്കെടുത്താണ് ഘടകങ്ങൾ കൂട്ടി യോജിപ്പിച്ചത്. ചെറുമകന്റെ താൽപര്യം അറിഞ്ഞ്  സുനിലിന്റെ അച്ഛനും അമ്മയുമാണ് സാമ്പത്തിക സഹായം നൽകിയത്. വളയൻചിറങ്ങറ എച്ച്എസ്എസിലെ വിദ്യാർഥിയായ അനന്തു ട്യൂഷനും കടയിലുമൊക്കെ ഇപ്പോൾ പോകുന്നത് സ്വന്തമായി നിർമിച്ച ബൈക്കിലാണ്.

Tags:
  • Spotlight
  • Motivational Story