Friday 24 July 2020 10:52 AM IST : By സ്വന്തം ലേഖകൻ

ചങ്ങാതികളല്ല, ചങ്കുകളാണ് ഇവർ... അനുജിത്തിന്റെ ഭവനവായ്പ തിരിച്ചടയ്ക്കാൻ തയാറായി സുഹൃത്തുക്കൾ!

anujith.jpg.image.845.440

അവയവദാനത്തിലൂടെ എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ച് മരണത്തിലും മാതൃകയായ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തിൽ അനുജിത്ത് (28) വീടു വാങ്ങാനെടുത്ത ബാങ്ക് വായ്പ അടച്ചുതീർക്കാൻ സുഹൃത്തുക്കളുടെ ശ്രമം. കുളക്കട തിയറ്ററിനു സമീപം കഴിഞ്ഞ വർഷമാണ് അനുജിത്ത് വീട് വാങ്ങിയത്. 

ഈ വർഷം ജനുവരി 26ന് ആയിരുന്നു ‘ഉത്രാടം’ എന്നു പേരിട്ട പുതിയ വീടിന്റെ പാലുകാച്ചൽ. സ്വർണം വിറ്റും കേരള ബാങ്ക് കൊട്ടാരക്കര സായാഹ്ന ശാഖയിൽ നിന്ന് 3.5 ലക്ഷം രൂപ വായ്പ എടുത്തുമാണ് പണം കണ്ടെത്തിയത്. ഈ വായ്പ തിരിച്ചടയ്ക്കാനാണ് സുഹൃത്തുക്കളുടെ തീരുമാനം. മുതലും പലിശയും ചേർത്ത് 3.49 ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. കുടുംബത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇളവ് ലഭിക്കുമോ എന്ന കാര്യവും ആരായുന്നുണ്ട്. 

അനുജിത്ത് അപകടത്തിൽപെട്ടപ്പോൾ കൂട്ടുകാർ ചേർന്ന് ചികിത്സാ ആവശ്യത്തിന് തുക സമാഹരിച്ചിരുന്നു. ഇതിൽ  ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ചെലവായതിന്റെ ബാക്കി തുകയ്ക്ക് ഒപ്പം പോരാത്ത തുകയും സമാഹരിച്ച് അടുത്ത ദിവസം തന്നെ വായ്പ തിരിച്ചടയ്ക്കുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. 

വെറും ചങ്ങാതികൾ അല്ല, ചങ്കായിരുന്നു അനുജിത്തിന് സുഹൃത്തുക്കൾ. അപകട വിവരം അറിഞ്ഞ നിമിഷം മുതൽ ഓടിയെത്തിയ കൂട്ടുകാർക്ക് ഇതുവരെയും വിശ്രമമില്ലായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ മുൻകയ്യെടുത്തതും ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്തിയതും എല്ലാം സുഹൃത്തുക്കൾ തന്നെ. ആശുപത്രിയിൽ കൂട്ടിരിക്കാനും ഒടുവിൽ മരണത്തിന് കീഴടങ്ങിയപ്പോൾ അവയവദാനത്തിന്റെ ക്രമീകരണങ്ങൾ ഒരുക്കാനും മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിക്കാനും എല്ലാം ഇവർ ഒപ്പം നിന്നു. 

അനുജിത്തിന്റെ മകന് ഒപ്പം അന്ത്യകർമങ്ങളിലും ഇവർ പങ്കാളികളായി. അനുജിത്ത് കാട്ടിയ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ് ഇവർ. എല്ലാവരും അവയവദാന സമ്മതപത്രം നൽകുമെന്ന് ഉറ്റചങ്ങാതി എം.എസ്. അഖിൽ പറഞ്ഞു. ഗണേശ്, ശ്രീനാഥ്, രാജേഷ്,അനില, എം.പി. അഖിൽ, പ്രസൂൻ തുടങ്ങി കൂട്ടുകാരുടെ നിര നീളുന്നു.

ഈ മാസം 14ന് രാത്രി 11ന് കലയപുരത്തുണ്ടായ ബൈക്ക് അപകടത്തിലാണ് അനുജിത്തിന് ഗുരുതരമായി പരുക്കേറ്റത്. 17ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അനുജിത്തിന്റെ ആഗ്രഹപ്രകാരം ഹൃദയവും ഇരുകൈകളും ഉൾപ്പെടെ 8 അവയവങ്ങൾ ദാനം ചെയ്തു.

Tags:
  • Spotlight
  • Motivational Story
  • Relationship