Monday 18 October 2021 11:45 AM IST : By സ്വന്തം ലേഖകൻ

വീടിനു മുകളിലേക്ക് 25 അടി ഉയരമുള്ള കോൺക്രീറ്റ് മതിൽ പതിച്ചു; 22 ദിവസം പ്രായമുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അനുഭവം പറഞ്ഞ് ബിനു

kid-calammmm765fbh

അപ്രതീക്ഷിതമായി എത്തിയ വൻ അപകടത്തിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തിരുവനന്തപുരം പൂജപ്പുര മുടവൻമുഗളിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ബിനുവും കുടുംബവും. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്കാണ് 25 അടി ഉയരമുള്ള കോൺക്രീറ്റ് മതിൽ വന്നു പതിച്ചത്. ബിനുവിന്റെ ഭാര്യ സന്ധ്യ രണ്ടാമതു പ്രസവിച്ചു കിടക്കുകയായിരുന്നു. 22 ദിവസമേ കുഞ്ഞിനു പ്രായമായിട്ടുള്ളൂ. കുടുംബം ഇപ്പോഴും അതിന്റെ ആഘാതത്തിൽ നിന്നു മുക്തരായിട്ടില്ല. 

സംഭവത്തെപ്പറ്റി ബിനു പറയുന്നത് ഇങ്ങനെ;

‘‘ഞാനും നാലു വയസ്സുള്ള മകൻ ജിതിനും സന്ധ്യയും കുഞ്ഞും ഒരു മുറിയിലാണു കിടന്നിരുന്നത്. സന്ധ്യയുടെ 80 വയസ്സുള്ള അമ്മൂമ്മ ലീലയും ഈ മുറിയിലാണു കിടന്നത്. സന്ധ്യയുടെ ജ്യേഷ്ഠൻ ഉണ്ണിക്കൃഷ്ണൻ അടുക്കളയ്ക്കു സമീപത്തും. അയൽപക്കത്തെ കൂറ്റൻ മതിൽ ഇടിഞ്ഞു വീണത് അടുക്കള ഭാഗത്തായിട്ടാണ്. കിടന്നപ്പോൾ പന്ത്രണ്ടു കഴിഞ്ഞിരുന്നു. ഉറക്കം പിടിക്കും മുൻപേ, വലിയൊരു ശബ്ദം കേട്ടു.

പെട്ടെന്ന് ഒരു സ്ലാബിന്റെ കഷണം എന്റെ കൈയിൽ വന്നിടിച്ചു. നോക്കുമ്പോൾ അമ്മൂമ്മയുടെ മുകളിൽ മണ്ണി‍ടിഞ്ഞു കിടന്നിരുന്നു.  നിലവിളിയും ശബ്ദവും കേട്ട് ആളുകൾ ഓടിയെത്തി. കുഞ്ഞുങ്ങളെ ആദ്യം കണ്ട ആളിനെ ഏൽപിച്ചു. ഭാര്യയെയും പുറത്തേക്ക് എത്തിച്ചു. തകർന്നു തരിപ്പണമായ അടുക്കള ഭാഗത്ത് ഉണ്ണിക്കൃ ഷ്ണൻ കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽ പെട്ടുപോയതും കണ്ടു. അപകടത്തെ തുടർന്ന് വൈദ്യുതിയും പോയി. ഭാഗ്യത്തിന്, അപ്പോഴേക്കും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. അവരാണ് ഉണ്ണിക്കൃഷ്ണനെയും അമ്മൂമ്മയെയും ഏറെ പണിപ്പെട്ടു പുറത്ത് എത്തിച്ചത്. ഉണ്ണിക്കൃഷ്ണന്റെ മൂക്കിനു പരുക്കുണ്ട്. അമ്മൂമ്മയ്ക്കു നിസ്സാര പരുക്കുകളേയുള്ളൂ.’’- സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു ബിനു.

അപകടത്തിൽ കൈക്കുഴ തെറ്റിയതിനാൽ ആ ജോലിക്ക് ഇപ്പോൾ പോകാൻ സാധിക്കുന്നില്ല. ഇടയ്ക്കു കൂലിപ്പണിക്കു പോയാണു കുടുംബം പോറ്റിയിരുന്നത്. ഷീറ്റിട്ട നാലമുറി കൂരയിൽ വാടകയ്ക്കു കഴിയുകയായിരുന്നു ഈ കുടുംബം. ഇനി എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്നും ബിനു നിറകണ്ണുകളോടെ പറയുന്നു.

Tags:
  • Spotlight