Monday 06 February 2023 04:03 PM IST : By സ്വന്തം ലേഖകൻ

കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന, ആ കാലതാമസം വെല്ലുവിളിയായി: കേസില്‍ സാഹചര്യ തെളിവുകളെന്ന് പ്രോസിക്യൂഷൻ

jolly-koodathayi-jan-13

കൂടത്തായി കൊലപാതക പരമ്പരയിൽ കൊലപ്പെട്ട ആറു പേരിൽ നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നു ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധന ഫലം. 2020 ൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലും ഇതേ കണ്ടെത്തൽ ഉണ്ടായിരുന്നു.

സാഹചര്യത്തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ

മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണ് ഫൊറൻസിക് പരിശോധനയിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതെന്നു പ്രോസിക്യൂഷൻ. എല്ലാ കൊലപാതകങ്ങളും നടത്തിയത് ജോളി ജോസഫാണ് എന്നതിനു സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

4 പേരുടെയും മരണലക്ഷണങ്ങൾ വിശകലനം ചെയ്ത മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പ്രോസിക്യൂഷന്റെ വാദങ്ങൾ ശരി വയ്ക്കുന്നതാണ്. 2002 മുതൽ 2016 മുതലുള്ള കാലയളവിലാണ് 6 കൊലപാതകങ്ങൾ നടക്കുന്നത്. കല്ലറകൾ തുറന്ന് മൃതദേഹാവിഷ്ടങ്ങൾ ശേഖരിച്ചത് 2019 ഒക്ടോബറിൽ. ഈ കാലതാമസമാണു സയനൈഡ് സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.

കൊലപാതക പരമ്പരയിൽ ഏറ്റവും അവസാനം നടന്ന മരണം സിലിയുടേത് ആയിരുന്നു. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. കൂടിയ അളവിൽ സയനൈഡ് ഉപയോഗിച്ചതും ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു. മൃതദേഹാവശിഷ്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താൻ ഇതു രണ്ടും സഹായകരമായെന്നാണു നിഗമനം. അന്നമ്മ തോമസ് 2002ലും ടോം തോമസ് 2008ലും ആൽഫൈൻ ഷാജു, മാത്യു മ‍ഞ്ചാടിയിൽ എന്നിവർ 2014ലുമാണ് മരിച്ചത്.